X
    Categories: keralaNews

മാനദണ്ഡം കാറ്റില്‍ പറത്തി പ്രധാനാദ്ധ്യാപക നിയമനം

കെ.എസ്.മുസ്തഫ
കല്‍പ്പറ്റ

ഹൈസ്‌കൂള്‍ പ്രധാനാധ്യാപകരുടെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും തസ്തികകളിലേക്ക് സീനിയോറിറ്റി മറികടന്ന് സ്വന്തക്കാരെ നിയമിച്ച് സര്‍ക്കാര്‍. വിദ്യാഭ്യാസ വകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒറ്റയടിക്ക് 71 ജൂനിയര്‍ അധ്യാപകരെ, ഹൈസ്‌കൂള്‍ പ്രധാനാധ്യാപകരായും എ.ഇ.ഒമാരായും നിയമിച്ചത്. ഇതോടെ സ്ഥലം മാറ്റം കാത്ത് സര്‍ക്കാരിന് അപേക്ഷ നല്‍കിയിരിക്കുന്ന സര്‍വീസ് സീനിയോറിറ്റിയുള്ള പ്രധാനഅധ്യാപകര്‍ക്ക് നീതി ലഭിക്കില്ലെന്ന് ഉറപ്പായി.

സര്‍വീസ് സീനിയോറിറ്റി പ്രകാരം പൊതു സ്ഥലംമാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് 2022 ഏപ്രില്‍ നാലിന് ഡയറക്ടര്‍ ഓഫ് ജനറല്‍ എജ്യുക്കേഷന്‍ (ഡി.ജി.ഇ) ഉത്തരവിറക്കിയിരുന്നു. ഉത്തരവ് പ്രകാരം ഏപ്രില്‍ 12 മുതല്‍ 18 വരെ ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാനായിരുന്നു നിര്‍ദ്ദേശം. 22ന് ഡി.ഡി.ഇ അപേക്ഷകളില്‍ സൂക്ഷ്മ പരിശോധന നടത്തി 27ന് കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്നുമായിരുന്നു ഉത്തരവ്. എന്നാല്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിവസമായ ഏപ്രില്‍ 18ന് ഡി5/1/2022/ ഡി.ജി.ഇ ഉത്തരവ് പ്രകാരം 71 ജൂനിയര്‍ അധ്യാപകരെ ഒറ്റയടിക്ക് സ്ഥാനക്കയറ്റവും അവര്‍ ആഗ്രഹിക്കുന്ന സ്‌കൂളിലേക്ക് സ്ഥലം മാറ്റവും നടത്തി സ്വജനപക്ഷപാതം നടത്തുകയായിരുന്നു സര്‍ക്കാര്‍.

ഇതോടെ മെയ് 11ന് പ്രസിദ്ധീകരിക്കുന്ന അന്തിമ ലിസ്റ്റില്‍ നിന്ന് ഇത്രയും അവസരങ്ങള്‍ സീനിയര്‍ അധ്യാപകര്‍ക്ക് നഷ്ടപ്പെടും. മാത്രവുമല്ല, ഇതിനകം തന്നെ ആഗ്രഹിക്കുന്ന സ്‌കൂളുകളിലേക്ക് മാറ്റത്തിന് അപേക്ഷ നല്‍കിയ സീനിയര്‍ അധ്യാപകര്‍ക്ക് മറ്റൊരു തിരഞ്ഞെടുപ്പിനുള്ള സാധ്യത ഇല്ലാതാവുകയും ചെയ്യും.

സര്‍ക്കാര്‍ ഉത്തരവ് അധ്യാപകര്‍ക്കിടയില്‍ വലിയ വിവാദമായിത്തുടങ്ങിയതോടെ ന്യായീകരണക്കുറിപ്പുമായി ഇടതുഅധ്യാപക സംഘടന രംഗത്തെത്തി. ഇതില്‍ നിന്ന് ഇടതു അനുഭാവമുള്ളവരെ തിരഞ്ഞുപിടിച്ചു സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു സര്‍ക്കാരെന്ന് വ്യക്തമായിരിക്കുകയാണ്.

Chandrika Web: