X

വഖഫ് ബോര്‍ഡിന്റെ അധികാരവും മുസ്‌ലിംലീഗ് നിലപാടും

കെപിഎ മജീദ്

കേരള വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നത് ഏതാനും ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്നും മുസ്‌ലിംലീഗിന് വഴിവിട്ട് ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ കഴിയാത്തതിലുള്ള വേവലാതിയാണെന്നുമാണ് സി.പി.എമ്മും അവരെ അന്തമായി പിന്തുണക്കുന്ന ചിലരും പ്രചരിപ്പിക്കുന്നത്. ഇതു സംബന്ധിച്ച് നിയമസഭയില്‍ സംസാരിക്കുമ്പോള്‍, മുന്‍ വഖഫ് മന്ത്രിയായ കെ.ടി ജലീല്‍ ഉന്നയിച്ച വാദങ്ങള്‍ ഭരണപക്ഷത്തിനു പോലും സംശയം ജനിപ്പിക്കുന്നതും പ്രതിപക്ഷ ചോദ്യങ്ങളുടെ പ്രസക്തി വര്‍ധിപ്പിക്കുന്നതുമായിരുന്നു.

സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നവരുടെ നിയമനം പി.എസ്.സി വഴി നടത്തുന്നതില്‍ എന്താണ് കുഴപ്പമെന്നും യോഗ്യരായവര്‍ക്ക് ജോലി ലഭിക്കുന്നത് തടയിട്ട് വര്‍ഗീയത സൃഷ്ടിക്കുകയാണെന്നും വിടുവായത്തം പറയുന്നവര്‍ക്ക് എന്താണ് വഖഫ് ബോര്‍ഡ് എന്നോ, അതിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നില്ലെന്നോ അറിയാഞ്ഞിട്ടല്ല. എയ്ഡഡ് സ്‌കൂള്‍ കോളജ് ഉള്‍പ്പെടെ സര്‍ക്കാര്‍ നേരിട്ട് ശമ്പളം കൊടുക്കുന്നവയിലൊന്നും പി.എസ്.സിയല്ല നിയമനം നടത്തുന്നത്. എന്നാല്‍, രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒമ്പതിനായിരത്തിലേറെ പള്ളിമദ്രസസ്ഥാപനങ്ങളില്‍ നിന്ന് വരുമാനത്തിന്റെ ഏഴുശതമാനമായി ലഭിക്കുന്ന തുകയില്‍ നിന്നാണ് വഖഫ് ബോര്‍ഡിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതെന്നകാര്യമെങ്കിലും അവര്‍ മനസിലാക്കണം.

ന്യായമായി വഖഫ് ബോര്‍ഡിന് അര്‍ഹതപ്പെട്ട ഗ്രാന്റു പോലും നല്‍കാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ തനതുഫണ്ടില്‍ നിന്ന് പിടിച്ചുവാങ്ങിയവരാണ് സംസ്ഥാന സര്‍ക്കാര്‍. മൂന്നു വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ അനുവദിക്കേണ്ട നിയമാനുസൃത ഗ്രാന്റ് മാത്രം ഒമ്പത് കോടിയോളം രൂപയാണ് കുടിശ്ശികയുള്ളത്. വഖഫ് ബോര്‍ഡിന്റെ പണം ഉപയോഗിച്ച് ശമ്പളം കൊടുക്കുന്ന ഉദ്യോഗസ്ഥരെ പൂര്‍ണമായും സര്‍ക്കാര്‍ പി.എസ്.സി വഴി നിയമിക്കുമെന്നതാണ് ഒന്നാമത്തെ വിവേചനം. സമാനമായ ദേവസ്വത്തിലെ പതിനായിരത്തിലേറെ നിയമനങ്ങള്‍ അവരുടെ സമിതിക്ക് നടത്താമെന്ന നിയമ നിര്‍മാണവും പിണറായി സര്‍ക്കാര്‍ ഇതേ സമയത്തു തന്നെ നടത്തുന്നത് ഇരട്ടത്താപ്പാണോയെന്ന് സംശയിക്കുന്നത് പോലും വര്‍ഗീയമാണത്രെ. എന്താണ് വഖഫ് എന്നോ എന്തിനാണ് വഖഫ് എന്നോ വഫഖ് ആകറ്റിന്റെ പ്രസക്തിയെന്നോ ലവലേശം നോക്കിക്കാണാതെ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന്റെ മതവിരുദ്ധ നീക്കത്തിന്റെ ഹിഡന്‍ അജണ്ടയാണ് നടപ്പാക്കുന്നത്.

രാജ്യത്താകെയുള്ള വഖഫ് സ്വത്തുകളുടെ പരിപാലനവും സംരക്ഷണവും ഉറപ്പാക്കാന്‍ 1954ല്‍ ഇന്ത്യാഗവണ്‍മെന്റ് രൂപം നല്‍കിയ സെന്‍ട്രല്‍ വഖഫ് ആക്റ്റ് അനുസരിച്ചാണ് 1960 മുതല്‍ കേരളത്തില്‍ വഖഫ് ബോര്‍ഡ് പ്രവര്‍ത്തിച്ചുവരുന്നത്. വഖഫ് ചെയ്ത വസ്തുവില്‍ പറഞ്ഞവ നിലനിര്‍ത്തി സ്വത്ത് സംരക്ഷിക്കുകയാണ് വഖഫിന്റെ പ്രധാന ചുമതല. മുസ്‌ലിം സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക പരാധീനത, യതീം സംരക്ഷണം, ദറസ് നടത്തല്‍ തുടങ്ങിയവക്കു വേണ്ടി വഖഫ് ചെയ്ത ആധാരങ്ങളിലെ നിര്‍ദേശങ്ങള്‍ പ്രകാരം അവ വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കലാണ് പ്രഥമ ബാധ്യത. വഖഫ്
സ്വത്തുക്കളില്‍ ക്രയവിക്രിയത്തിന് ബോര്‍ഡിന് അധികാരമില്ല; അത് അല്ലാഹുവില്‍ സമര്‍പ്പിതമാണ്.

1995ലെ 43ാം ആക്റ്റ് പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ കേരള വഖഫ് നിയമത്തിന് രൂപം നല്‍കിയത്. 1996 ജനു. ഒന്നു മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നപ്പോഴും സെക്രട്ടറിയെയും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറെയും സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു തന്നെയാണ് നിയമിക്കുന്നത്. ആകെയുള്ള 106 പോസ്റ്റുകളില്‍ 62ല്‍ മാത്രമാണ് നേരിട്ടുള്ള നിയമനമുള്ളത്. 44 തസ്തികകളിലും പ്രമോഷന്‍ നിയമനങ്ങളാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ 36 റിട്ടയര്‍മെന്റുകള്‍ ഉണ്ടായപ്പോള്‍ 28പോസ്റ്റിലേക്ക് സ്ഥിരം നിയമനമുണ്ടായി. എല്‍.ഡി.എഫും യു.ഡി.എഫും ഭരിക്കുന്ന, അവരുടെ താല്‍പര്യപ്രകാരമുള്ള ബോര്‍ഡ് ചെയര്‍മാന്‍മാര്‍ വരുന്ന കാലത്തെ ആകെ നിയമനങ്ങളാണിത്.
ഇതുതന്നെ വഖഫ് ആക്റ്റ്, വഖഫ് റെഗുലേഷന്‍ മാനദണ്ഡങ്ങളും പാലിച്ചാണ്. ഒഴിവുകള്‍ക്ക് അനുസരിച്ച് സംസ്ഥാന സര്‍ക്കാറിന്റെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് നിയമനങ്ങള്‍ നടത്തുന്നതെന്ന കാര്യമെങ്കിലും ദുരാരോപണക്കാര്‍ ഓര്‍ക്കണം. ഒരാളെ നിയമിക്കാന്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്ന് സീനിയോറിറ്റി അടിസ്ഥാനത്തിലുള്ള ലിസ്റ്റ് വാങ്ങി അതില്‍ നിന്ന് 12പേരെ എഴുത്ത് പരീക്ഷ നടത്തിയ ശേഷം തിരഞ്ഞെടുക്കുന്നവരെ ഇന്റര്‍വ്യൂവില്‍ യോഗ്യത പരിശോധിച്ച ശേഷമാണ് ഓരോ നിയമനവും. ഇവര്‍ക്ക് ആറ് മാസം താല്‍കാലിക നിയമനവും പിന്നീട് കോണ്ട്രാക്റ്റ് അടിസ്ഥാനത്തില്‍ തുടര്‍ നിയമനവുമാണ് നടത്തുന്നത്. നിശ്ചിത കാലം പൂര്‍ത്തിയാക്കിയാല്‍ ഇവരില്‍ നിന്ന് അര്‍ഹരായവര്‍ക്ക് അതാതുകാലത്തെ വഖഫ് ബോര്‍ഡ് സ്ഥിരം നിയമനം നല്‍കുന്നു.

എന്നിട്ടാണ്, മുസ്‌ലിംലീഗിന് സ്വന്തക്കാരെ നിയമിക്കാന്‍ കഴിയാത്തതാണ് പ്രശ്‌നമെന്ന് പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വഖഫ് മന്ത്രി എല്‍.ഡി.എഫുകാരനായിരുന്നു. ഇപ്പോഴുള്ള അഞ്ചു വര്‍ഷത്തേക്കുള്ള വഖഫ് മന്ത്രിയും അവര്‍ തന്നെ. വഖഫ് ബോര്‍ഡ് ചെയര്‍മാനും ഭൂരിപക്ഷ അംഗങ്ങളും അവരുടെ പക്ഷക്കാര്‍. എന്നിട്ടും, മുസ്‌ലിംലീഗിന് പണം വാങ്ങി സ്വന്തക്കാരെ നിയമിക്കാന്‍ കഴിയാത്തതാണ് പ്രശ്‌നമെന്ന് ഈ കൊടിയ അനീതിയെ വിഷപ്പുക പരത്തി മറച്ചുപിടിക്കുന്നതിലെ ദുഷ്ടലാക്ക് വ്യക്തമാണ്.

നൂറു ശതമാനം നിയമനവും മുസ്‌ലിംകള്‍ക്ക് ഉറപ്പാക്കിയാണ് പി.എസ്.സിക്ക് വിട്ടതെന്നാണ് ലളിത വല്‍ക്കരണം. കോടതിയുടെ ഒരൊറ്റ തീര്‍പ്പില്‍ തീരാവുന്നതോ, മറ്റു നിയമനങ്ങളിലെ സമീകൃതത്തിലൂടെ മൊത്തത്തില്‍ സമുദായത്തിനു നഷ്ടമാകുന്നതോ ആയ കാണാചരട് ചരിത്രത്തിന്റെ വെളിച്ചത്തില്‍ ബോധ്യപ്പെടും. സാധാരണ പി.എസ്.സി നിയമനം ആയാല്‍ അമുംസ്‌ലിംകള്‍ വഖഫ് കൈകാര്യം ചെയ്യുന്നത് പുതുമയല്ലെന്നും മുസ്‌ലിംലീഗാണ് അതിനും ഉത്തരവാദികളുമെന്നും വേറൊരു തരം ന്യായീകരണ ഗുളികകളും ഉണ്ട്. വഖഫ് ബോര്‍ഡില്‍ മുസ്‌ലിംകള്‍ അല്ലാത്തവരെമുസ്‌ലിംലീഗ് നോമിനി ചെയര്‍മാനായ സമയത്ത് നിയമിച്ചതായാണ് അവരുടെ കണ്ടെത്തല്‍. വഖഫ് ബോര്‍ഡ് ഓഫീസുകളിലെ ക്ലീനിംഗ്, ഗെയിറ്റ് കീപ്പര്‍ തുടങ്ങിയ താല്‍ക്കാലിക ജോലികള്‍ക്ക് കുടുംബശ്രീയില്‍ നിന്ന് ആളുകളെ നിയമിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിച്ചതിനെയാണ് സ്ഥിരം നിയമനവുമായി കൂട്ടിക്കെട്ടി അന്യായത്തിന് തൊടുന്യായം സൃഷ്ടിക്കുന്നത്.

സര്‍ക്കാറും വഖഫ് മന്ത്രിയും തങ്ങള്‍ക്കുള്ള അധികാരം ഉപയോഗിച്ച് നോമിനേറ്റ് ചെയ്ത അംഗങ്ങളുടെയും ചെയര്‍മാന്റെയും സമ്മതത്തെ സമുദായത്തിന്റെയും വഖഫ് സ്ഥാപനങ്ങളുടെയും അംഗീകാരമായി ദുര്‍വ്യാഖ്യാനം ചെയ്താണ് ഏകപക്ഷീയമായി മുന്നോട്ടു പോകുന്നത്. മഹല്ലുകളില്‍ നിന്ന് നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്നത് മുത്തവല്ലിമാരുടെ രണ്ട് പ്രതിനിധികള്‍ മാത്രമാണ്. എം.സിമായിന്‍ ഹാജി, അഡ്വ.പി.വി സൈനുദ്ദീന്‍ എന്നിവരാണ് ബോര്‍ഡിലെ ഇപ്പോഴത്തെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍. ചെയര്‍മാന്‍ ടി.കെ ഹംസ അധ്യക്ഷത വഹിച്ച ബോര്‍ഡ് യോഗത്തില്‍ എം.സിമായിന്‍ ഹാജിയും അഡ്വ.പി.വി സൈനുദ്ദീനും വിയോജനം രേഖപ്പെടുത്തിയതായ രേഖകള്‍ പ്രഖ്യാപിക്കുന്നത് മഹല്ലുകള്‍ ഈ അനീതിക്ക് എതിരാണെന്ന് തന്നെയാണ്.

വിശ്വോത്തര മാതൃകയായി നടന്നു പോകുന്ന മഹല്ലുകളെയും കേരള വഖഫ് ബോര്‍ഡിനെയും അവിശ്വസിച്ചും അധികാരം കവര്‍ന്നും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ എന്താണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്. സി.പി.എം ഭരണത്തില്‍ വഖഫ് ബോര്‍ഡിനെ നോക്കുകുത്തിയാക്കിയ ബംഗാളിലെ ചരിത്രം വലിയ പാഠമാണ്. ദേവസ്വം ബോര്‍ഡിന് വകവെച്ച് കൊടുത്ത അവകാശം വഖഫ് ബോര്‍ഡില്‍ നിന്ന് കവരുമ്പോള്‍ വരാനിരിക്കുന്ന ഒട്ടേറെ ദുസൂചനകളുടെ അപായമണികൂടിയാണ് മുഴങ്ങുന്നത്.

 

 

 

 

web desk 3: