X

അനീതിക്കെതിരെ ശബ്ദിക്കുന്നവരെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാനുള്ള ഭരണകൂട ശ്രമങ്ങളെ രാജ്യം ഒരുമിച്ച് പ്രതിരോധിക്കണം; ഡോ.എം കെ മുനീര്‍

പ്രവാചക നിന്ദക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന കൊടിയ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരണവുമായി മുസ്ലിംലീഗ് മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ഡോ.എം കെ മുനീര്‍.

ഫാസിസം ഈ രാജ്യത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? നീതി നിഷേധത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ക്കുള്ള ശിക്ഷ ഇതായിരിക്കുമെന്ന സന്ദേശമാണോ ബി ജെ പി ഭരണകൂടം ഇതിലൂടെ നല്‍കാന്‍ ശ്രമിക്കുന്നത്..? അദ്ദേഹം ചോദിച്ചു.

രാജ്യത്തെ പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണമേകേണ്ട ഭരണകൂടം തന്നെ അന്യായമായി ജനങ്ങളെ തെരുവില്‍ നേരിടുന്നത് അത്യന്തം ഭയാനകമാണ്. ന്യായമായി പ്രതിഷേധിക്കുന്നവര്‍ക്കെതിരെ യാതൊരു മടിയും കൂടാതെ വെടിയുതിര്‍ക്കുകയാണ് ഭരണകൂടം. പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരെ അന്യായമായി തടങ്കലില്‍ വെക്കുകയും അവരുടെ വീടുകളും സ്ഥാപനങ്ങളും പൊളിച്ച് മാറ്റുകയും ചെയ്യുന്ന ബുള്‍ഡോസര്‍ രാഷ്ട്രീയമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയെ പോലുള്ള രാജ്യത്ത് ഭരണകൂടം തന്നെ ഇത്തരത്തില്‍ ജനങ്ങളെ നേരിടുന്നത് ജനാധിപത്യത്തിനെതിരെയുള്ള വെല്ലുവിളിയാണ് അദ്ദേഹം പറഞ്ഞു.

എല്ലാവിധ മനുഷ്യാവകാശങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ട് രാജ്യത്തിന്റെ ഏതൊരു പ്രദേശത്തെയും മറ്റൊരു ഗുജറാത്താക്കാനാണ് മോദിയും അമിത്ഷായും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മോദിയുടെയും ഷായുടെയും നേതൃത്വത്തില്‍ ഗുജറാത്തില്‍ നടത്തിയ പോലൊരു വംശഹത്യ രാജ്യത്തിന്റെ ഏതൊരു ഭാഗത്തും അതിവിദൂരമല്ലാത്ത കാലത്ത് പ്രതീക്ഷിക്കാവുന്ന അതിഭയാനകരമായ സാഹചര്യത്തിലൂടെയാണ് നമ്മുടെ രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മതേതര മൂല്യങ്ങളിലുറച്ച് നില്‍ക്കുന്ന എല്ലാ മതവിഭാഗം ജനങ്ങളെയും ഒരുമിച്ച് നിര്‍ത്താനുള്ള പരിശ്രമമാണ് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇപ്പോള്‍ ചെയ്യേണ്ടത്. ഫാഷിസ്റ്റ് അജണ്ടയുമായി മുന്നോട്ട് പോവുന്ന ഈ ഭരണകൂടത്തെ തകര്‍ക്കാന്‍ മറ്റൊരു പോംവഴിയുമില്ലെന്ന് നാം തിരിച്ചറിയണം അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അനീതിക്കെതിരില്‍ ശബ്ദിക്കുന്നവരെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാനുള്ള ഭരണകൂട ശ്രമങ്ങളെ രാജ്യം ഒരുമിച്ച് പ്രതിരോധിക്കണം അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Chandrika Web: