X

ഫാസിസത്തിന് വളമിടുന്ന സി.പി.എം

ശിഹാബുദീന്‍ പള്ളിയലില്‍

പ്രഫഷണല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ ന്യൂനപക്ഷ വര്‍ഗീയതയിലേക്കും തീവ്രവാദ ചിന്തകളിലേക്കും നയിക്കുന്നത്തിനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നുവരികയാണെന്നും ഇതിനെതിരെ വിദ്യാര്‍ത്ഥിയുവജന സംഘടകള്‍ ജാഗരൂകരാവണമെന്നും ഈ വര്‍ഷം നടക്കാനിരിക്കുന്ന സി. പി.എം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി കീഴ്ഘടകങ്ങള്‍ക്ക് ‘ന്യൂനപക്ഷ വര്‍ഗീയത’ എന്ന തലക്കെട്ടില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബര്‍ നാലിന് മുസ്‌ലിംലീഗ് നേതാവ് എം.കെ മുനീറിന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് അത്തരത്തിലുള്ള സംഭവം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ല എന്നാണ്. ഭൂരിപക്ഷ പ്രീണനം ലക്ഷ്യംവച്ചുള്ള പാര്‍ട്ടിയുടെ ഇത്തരം പ്രസ്താവനകള്‍ സംഘ്പരിവാര്‍ ശക്തികള്‍ക്ക് കരുത്ത് പകരുന്നതാണെന്ന് പാര്‍ട്ടി മനപ്പൂര്‍വ്വം വിസ്മരിക്കുന്നു.

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും എം.പിയുമായ എളമരം കരീം മാസങ്ങള്‍ക്ക്മുമ്പ് പ്രസംഗിച്ചത് കേരളത്തില്‍നിന്നും കേന്ദ്ര സര്‍വ്വകലാശാലകളിലേക്കും മറ്റ് ഉന്നത കലാലയങ്ങളിലേക്കും ജമാഅത്തെ ഇസ്‌ലാമി സാമ്പത്തികമായി സഹായിച്ച് വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നുവെന്നാണ്. കരിയര്‍ ഗൈഡന്‍സ് കേന്ദ്രമായ കോഴിക്കോടുള്ള ‘സിജി’യെ ഉപയോഗിച്ചും മാര്‍ക്‌സിസ്റ്റ് വിരോധമുള്ള മുസ്‌ലിം കുട്ടികളെ, ഇത്തരത്തില്‍ ഉന്നത സര്‍വകലാശാലകളിലേക്ക് റിക്രൂട്ട് നടത്തുന്നു എന്നും അദ്ദേഹം പറയുന്നു. എഴുതി തയ്യാറാക്കിയ ഈ പ്രസംഗം മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റങ്ങളെ പാര്‍ട്ടി എത്രമേല്‍ ഭയപ്പെടുത്തുന്നുണ്ടെന്ന് അടിവരയിടുന്നു. 2005ല്‍ പ്രതിപക്ഷ നേതാവായിരിക്കെ വി.എസ് അച്യുതാനന്ദനാണ് മലപ്പുറത്തെ കുട്ടികള്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത വിജയം നേടിയതിനെക്കുറിച്ച് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടത്. മുസ്‌ലിം സമുദായത്തിനുണ്ടായ വിദ്യാഭ്യാസ/ രാഷ്ട്രീയ പുരോഗതികളെ യഥാര്‍ത്ഥത്തില്‍ ഉള്‍കൊള്ളുന്നതിന്പകരം അവരുടെ രക്ഷകര്‍തൃത്വം ഏറ്റെടുക്കാനാണ് സി.പി.എം എപ്പോഴും ശ്രമിച്ചിട്ടുള്ളത്. അതിനാല്‍ സമുദായാത്തെ തരാതരം വര്‍ഗീയവാദികളും മതേതരവാദികളുമാക്കാന്‍ പാര്‍ട്ടിക്ക് പ്രയാസവുമില്ല.

ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലെ കിരോരിമല്‍ കോളേജ് പ്രൊഫസര്‍ രാഖേഷ് കുമാര്‍ പാണ്ഡെ ഈ വര്‍ഷത്തെ അഡ്മിഷനുമായി ബന്ധപ്പെട്ട് ഉന്നയിച്ച ‘മാര്‍ക്ക് ജിഹാദ്’ എളമരം കരീം മലയാളത്തില്‍ പ്രസംഗിച്ച അഡ്മിഷന്‍ ജിഹാദിന്റെ മറ്റൊരു പകര്‍പ്പാണ്. ഇതിലെ രസകരമായ വസ്തുത മാര്‍ക്ക് ജിഹാദിനെതിരെ ശക്തമായി രംഗത്ത്‌വന്ന ഇടത് വിദ്യാര്‍ത്ഥി സംഘടന എസ്.എഫ്.ഐ ആണെന്നതാണ്. തങ്ങളുടെ നേതാക്കള്‍ കേരളത്തില്‍ നിരന്തരമായി ഉയര്‍ത്തിക്കൊണ്ട്‌വന്ന വിവിധ ‘ജിഹാദുകളോട്’ ഇന്നേവരെ പ്രതികരിച്ചിട്ടില്ല. കേരളത്തെ അപമാനിച്ചു എന്ന് അലമുറയിടുന്നവര്‍ ഇപ്പോഴും ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് സ്വന്തം നേതാക്കളുടെ പ്രസ്താവനകളെ ന്യായീകരിക്കുകയാണ്. സംഘടനയുടെ ഇപ്പോഴത്തെ പ്രതികരണങ്ങളെ ചോദ്യംചെയ്യുകയല്ല, മറിച്ച് അവരുടെ അവസരവാദ നിലപാടുകളെ ഓര്‍മിപ്പിച്ചു എന്ന് മാത്രം.

സുപ്രീംകോടതി തള്ളിയ ‘ലവ് ജിഹാദ്’ എന്ന തികച്ചും വംശീയവും അടിസ്ഥാന രഹിതവുമായ ആരോപണം ഇന്ത്യയില്‍ ആദ്യമായി ഉന്നയിച്ചതും സി.പി.എമ്മാണ്. വി.എസ് അച്യുതാനന്ദന് സംസ്ഥാന മുഖ്യമന്ത്രി എന്ന ഔദ്യോഗിക പദവിയിലിരിക്കെ 2010 ജൂലൈ 24ന് ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍വെച്ചാണ് ഇത് പറയുന്നത്. ചെറുപ്പക്കാരായ യുവാക്കള്‍ക്ക് പണം നല്‍കി ഇസ്‌ലാമാക്കി മുസ്‌ലിം യുവതികളെ കല്യാണം കഴിപ്പിച്ച് അതിലൂടെ കുട്ടികള്‍ ജനിക്കുകയും അടുത്ത ഇരുപത് വര്‍ഷംകൊണ്ട് കേരളത്തെ ഇസ്‌ലാമിക രാജ്യമാക്കാന്‍ ശ്രമിക്കുകയുമാണെന്നു അദ്ദേഹം പറയുന്നുണ്ട്. മുഖ്യമന്ത്രിയായിരിക്കെ താന്‍ നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക ഭാഷ്യമാവും എന്നറിയാത്ത ആളല്ല വി.എസ്.

പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയുടെ ഭാഗമായ കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി ഉയര്‍ത്തിക്കൊണ്ട്‌വന്ന ലവ് ജിഹാദ് ആരോപണങ്ങളെയും സി.പി.എം ഇന്നേവരെ തള്ളി പറഞ്ഞിട്ടില്ല, മറിച്ച് അതിനെ വോട്ടാക്കാനാണ് ശ്രമിച്ചത്. കാലങ്ങളായി യു.ഡി.എഫിന് അനുകൂലമായിരുന്ന ക്രിസ്ത്യന്‍ സഭകളെ കൂടെകൂട്ടാനുള്ള സുവര്‍ണാവസരമായാണ് പാര്‍ട്ടി ഇതിനെ ഉപയോഗപ്പെടുത്തിയത്. അതുവഴി ഭരണം നിലനിര്‍ത്താനുള്ള വ്യഗ്രതയില്‍ മുസ്‌ലിം സമുദായത്തെ ഒറ്റുകൊടുക്കുന്ന തരത്തിലേക്ക് സി.പി. എം അതിന്റെ രാഷ്ട്രീയത്തെ തരംതാഴ്ത്തി. കൂടാതെ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ 2006ലെ യു.പി.എ സര്‍ക്കാര്‍ നിയോഗിച്ച സച്ചാര്‍ കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പിലാക്കുന്നതിന്റെ ഭാമായി നിശ്ചയിച്ച 80:20 സ്‌കോളര്‍ഷിപ്പ് പദ്ധതി റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്കെതിരെ കൃത്യമായ വിവരം ബോധിപ്പിക്കുന്നതിന്പകരം ജനസംഖ്യാനുപാതത്തില്‍ വീതംവച്ച് പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇക്കാലമത്രയും മുസ്‌ലിംകള്‍ അനര്‍ഹമായി സര്‍ക്കാര്‍ ആനുകൂല്യം പറ്റുന്നു എന്ന സംഘ്പരിവാര്‍/സവര്‍ണ ക്രിസ്ത്യന്‍ ലോബിയുടെ വാദത്തിന് ആക്കംകൂട്ടി സമുദായത്തെ വീണ്ടും വഞ്ചിച്ചു.

സി.പി.എം നേതാക്കള്‍ ഉന്നയിച്ച വര്‍ഗീയവും വിദ്വേഷജനകവുമായ പല ആരോപണങ്ങളും പിന്നീട് സവര്‍ണ ലോബികള്‍ തരാതരം തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിച്ചു. ഉത്തരേന്ത്യയില്‍ വര്‍ഗീയ കലാപങ്ങള്‍ക്ക്‌വരെ നിദാനമായ ലവ് ജിഹാദ് ആരോപണത്തെ സമര്‍ത്ഥിക്കാന്‍ യോഗി ആദിത്യനാഥ് പോലും റഫറന്‍സ് പോയിന്റായി ഉപയോഗിച്ചത് വി.എസ് അച്യുതാനന്ദനെയാണ്. അമുസ്‌ലിംകളായ യുവാക്കളെ മയക്കുമരുന്നുകള്‍ നല്‍കി തീവ്ര നിലപാടുള്ള ജിഹാദികള്‍ നശിപ്പിക്കുന്നു എന്ന ‘നാര്‍കോട്ടിക്ക് ജിഹാദ്’ ആരോപണം വരുന്നത് ഇയ്യിടെയാണ്. ഇത്തരം ആരോപണത്തെ നിയമപരമായി നേരിടുന്നതിന്പകരം അതിനെതിരെ ശബ്ദിക്കുന്നവരെ തീവ്രവാദികളാക്കാനാണ് സഹകരണ മന്ത്രി വാസവന്‍ ശ്രമിച്ചത്. പിന്നീട് പൊതു സമൂഹത്തില്‍ നിന്ന് നേരിട്ട ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ആരോപണത്തെ തള്ളിക്കളത്ത മുഖ്യമന്ത്രി പ്രസ്താവനക്കെതിരെ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് പറഞ്ഞ് വിഷയത്തെ വെളുപ്പിച്ചെടുത്തു. ചുരുക്കത്തില്‍ പ്രഫഷണല്‍ കോളജുകള്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദം, ഉന്നത സര്‍വ്വകലാശാലകളിലേക്കുള്ള മുസ്‌ലിം റിക്രൂട്‌മെന്റ്, ലവ് ജിഹാദ് തുടങ്ങിയ ആരോപണങ്ങളെ പാര്‍ട്ടി ഇന്നേവരെ തിരുത്താന്‍ തയ്യാറായിട്ടില്ല.

അഡ്മിഷന്‍ ജിഹാദ,് മാര്‍ക്ക് ജിഹാദ് തുടങ്ങിയ പ്രസ്താവനകള്‍ കേരളത്തിലായാലും ഡല്‍ഹിയിലായാലും ഉന്നംവെക്കുന്നത് ദലിത് മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ മുന്നേറ്റങ്ങളെയും അവര്‍ ഉയര്‍ത്തുന്ന ജനാധിപത്യ രീതിയിലുള്ള ചെറുത്ത്‌നില്‍പ്പുകളെയുമാണ്. ഇന്ത്യയിലെ പ്രധാന കേന്ദ്ര സര്‍വകലാശാലകളില്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ഹൈദരാബാദ് യൂണിവേഴ്‌സിറ്റി കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ ഏറിയ പങ്കും മലബാര്‍ മേഖലയില്‍ നിന്നുള്ളവരാണ്. ഇതില്‍ നല്ലൊരു വിഭാഗം ഗവേഷണ വിദ്യാര്‍ത്ഥികളുമാണ്. സവര്‍ണ്ണ സമുദായങ്ങള്‍ അടക്കിവാണിരുന്ന ഉന്നത വിദ്യാഭ്യാസ മേഖലകളിലേക്കുള്ള ദലിത് മുസ്‌ലിം മുന്നേറ്റങ്ങള്‍ ഊതിവീര്‍പ്പിച്ച തങ്ങളുടെ രാഷ്ട്രീയ/അക്കാദമിക മികവിനെ ചോദ്യംചെയ്യുന്ന തരത്തിലേക്ക് മാറിക്കഴിഞ്ഞു എന്നും പാര്‍ട്ടി ഭയപ്പെടുന്നു. ഇതിനെ മറികടക്കാനാണോ സി.പി.എമ്മിന്റെ നേതൃത്യത്തിലുള്ള ഒന്നാം പിണറായി സര്‍ക്കാര്‍ സവര്‍ണ സംവരണം നടപ്പാക്കിയ ആദ്യ സംസഥാനമായി മാറിയത് എന്നും സംശയിക്കേണ്ടിയിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ നിരവധി പദ്ധതികള്‍ നിലനില്‍ക്കെ സവര്‍ണ സംവരണം തന്നെ വേണമെന്ന പാര്‍ട്ടിയുടെ പിടിവാശി ഇത്തരം സംശയങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഫാസിസത്തെ എതിര്‍ക്കുന്നവര്‍ എന്ന് നാഴികക്ക് നാല്‍പത് വട്ടം പ്രസംഗിക്കന്ന സി.പി.എം തങ്ങളുടെ പ്രസ്താവനകളില്‍ അല്‍പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ സംഘ്പരിവാറിന് മരുന്നിട്ട് കൊടുക്കുന്ന ഇത്തരം ‘ജിഹാദ്’ പരിപാടികള്‍ നിര്‍ത്തിവച്ച് തങ്ങള്‍ക്ക് സംഭവിച്ച തെറ്റുകള്‍ക്ക് പൊതുസമൂഹത്തോട് മാപ്പ് പറയേണ്ടതാണ്. അല്ലാതെ സംഘ്പരിവാര്‍ ആശയങ്ങള്‍ അതിനേക്കാള്‍ ഉച്ചത്തില്‍ വിളിച്ച് പറഞ്ഞ് കേരളത്തിലെ വിവിധ സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന പരിപാടിയില്‍ നിന്ന് ഇനിയെങ്കിലും പാര്‍ട്ടി വിട്ട്‌നില്‍ക്കണം. അല്ലാത്തപക്ഷം സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷ/വംശീയ അതിക്രമങ്ങള്‍ക്ക് വെള്ളവും വളവും നല്‍കിയത് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്ന കാലം അതിവിദൂരമാവില്ല.

 

 

 

 

web desk 3: