X

നിക്ഷേപത്തിരിമറി: മുന്‍ ബാങ്ക് മാനേജരെയും ഭാര്യയെയും 20 വര്‍ഷത്തിന് ശേഷം ശിക്ഷിച്ചു

കൊച്ചി: നിക്ഷേപത്തരിമറി നടത്തി പതിനഞ്ചു ലക്ഷം തട്ടിയെടുത്ത ശേഷം 20 വര്‍ഷം മുമ്പ് വിദേശത്തേക്ക് മുങ്ങിയ ബാങ്ക് ഓഫ് ഇന്ത്യ മുന്‍ മാനേജരും ഭാര്യയും അഞ്ച് ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ സി.ബി.ഐ കോടതി ഉത്തരവിട്ടു. മാനേജര്‍ക്ക് 26 ലക്ഷം രൂപയും ഭാര്യക്ക് 70 ലക്ഷം രൂപയും പിഴയിട്ട കോടതി മാനേജരെ ഒരു വര്‍ഷം തടവിനും ശിക്ഷിച്ചു.

ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം തുരുവല്ലം ശാഖയുടെ മാനേജരായിരുന്ന തിരുവനന്തപുരം കരമന കുലത്തറ അശ്വതിയില്‍ കെ ജയഗോപാല്‍, ഭാര്യ ഷീല ജയഗോപാല്‍ എന്നിവരെയാണ് സ്പെഷ്യല്‍ സി ബി ഐ ജഡ്ജി പി കൃഷ്ണകുമാര്‍ ശിക്ഷിച്ചത്.

പ്രൈമറി എഡ്യൂക്കേഷന്‍ ഡെവലപ്മെന്റ് സൊസൈറ്റി ബാങ്ക് ഓഫ് ഇന്ത്യയുടെ കോഴിക്കോട് മാവൂര്‍ റോഡ് ശാഖയില്‍ നിക്ഷേപിച്ച 5.5 കോടി രൂപ ഷീല ജയഗോപാലിന്റെ പേരിലുള്ള വ്യാജ എക്കൗണ്ടിലേക്ക് മാറ്റി 15 ലക്ഷം രൂപയുടെ പലിശ തട്ടിയെടുത്തുവെന്നാണ് സി ബി ഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. ബാങ്ക് ഓഫ് ഇന്ത്യ മാവൂര്‍ ശാഖാ മാനേജര്‍ വി ഭഗവത് കൃഷ്ണന്‍, ജയഗോപാലിന്റെ സഹോദരന്‍ സുരേഷ്‌കുമാര്‍ എന്നിവരുമായി ഗൂഢാലോചന നടത്തി തട്ടിപ്പു നടത്തിയെന്നാണ് കേസ്.

സി ബി ഐ കേസിനെ തുടര്‍ന്ന് 20 വര്‍ഷം മുമ്പ് കാനഡയിലേക്ക് കടന്ന ജയഗോപാലിനെയും ഷീല ജയഗോപാലിനെയും കഴിഞ്ഞ ജൂണ്‍ 22ന് മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ചാണ് സി ബി ഐ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികളെ 2010ല്‍ തന്നെ ശിക്ഷിച്ചിരുന്നു.

chandrika: