X

ചോരയില്‍ കിളിര്‍ത്ത മഹത് വിജയം-എഡിറ്റോറിയല്‍

അധികാരഹുങ്കിന്റെ ഉരുക്കുമുഷ്ടിക്കുമുന്നില്‍ ഒടുങ്ങാത്ത ഇച്ഛാശക്തിയോടെ ഒരു ജനത ഒറ്റക്കെട്ടായി ഒരുമ്പെട്ടിറങ്ങിയാല്‍ എന്താണ് സംഭവിക്കുകയെന്നതിന് ഒന്നാന്തരം ദൃഷ്ടാന്തമാണ് ജനാധിപത്യ ഇന്ത്യ ഇന്നലെ ദര്‍ശിച്ചത്. ജനതയേക്കാള്‍ അധികാരാവകാശങ്ങള്‍ ഭരണകൂടത്തിനും അധികാരികള്‍ക്കുമില്ലെന്ന് ഉച്ചൈസ്തരം വിളിച്ചോതിയിരിക്കുന്നു, ഇന്ത്യയിലെ അഭിമാനികളായ കര്‍ഷക സമൂഹം. 2020 സെപ്തംബറില്‍ ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരിലും ജനതയിലും അടിച്ചേല്‍പിച്ച മൂന്ന് കാര്‍ഷികാനുബന്ധ കരിനിയമങ്ങള്‍ ഉപാധികളില്ലാതെ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതോടെ ഒരു വര്‍ഷത്തോളം നീണ്ട കര്‍ഷകരുടെ ഐതിഹാസികസമരം വിജയംകണ്ടിരിക്കുകയാണ്. കാര്‍ഷികവിള വിപണന-വാണിജ്യനിയമം, അവശ്യവസ്തു ഭേദഗതിനിയമം, കര്‍ഷകരുടെ വിലയുറപ്പ്-കൃഷി സേവനനിയമം-2020 എന്നീ കരിനിയമങ്ങളാണ് സെപ്തംബര്‍ 17ന് രാഷ്ട്രപതി ഒപ്പുവെച്ചതോടെ രാജ്യത്തെ നിയമങ്ങളായത്. ഇവക്കെതിരായുള്ള കര്‍ഷകപ്രക്ഷോഭത്തിന്റെ ഒന്നാം വാര്‍ഷികത്തിന് ഒരാഴ്ച മാത്രമിരിക്കവെ പ്രധാനമന്ത്രി നടത്തിയ പിന്‍വാങ്ങലും മാപ്പപേക്ഷയും ലോകത്തെ മുഴുവന്‍ ഭരണകൂടങ്ങള്‍ക്കുമുള്ള തുറന്ന പാഠമായിരിക്കുന്നു. വെടിവെച്ചും വാഹനമിടിപ്പിച്ചും വഴിയോരങ്ങളില്‍ തണുപ്പിലും ചൂടിലുമിട്ടും കോവിഡിനാലും അതിനിഷ്ഠൂരമായി കൊലപ്പെടുത്തപ്പെട്ട കര്‍ഷകരുടെ വിലാപത്തിന്റെ അനിവാര്യപരിണിതിയാണിത്. നില്‍ക്കക്കള്ളിയില്ലാതെയാണെങ്കിലും സര്‍ക്കാരിന്റെ ഈ പിന്‍വാങ്ങള്‍ ജനാധിപത്യ ഇന്ത്യയിലെ കര്‍ഷകര്‍ക്കും ജനതയ്ക്കും ആശ്വാസമാണ്; തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെങ്കില്‍പോലും. ഇന്നലെ രാവിലെയാണ് പ്രധാനമന്ത്രി രാഷ്ട്രത്തോടായി അപ്രതീക്ഷിതമായി ഈയൊരു പ്രഖ്യാപനം നടത്തിയത്. പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക കരിനിയമങ്ങള്‍ ‘രാജ്യത്തെ കര്‍ഷകരെ പ്രത്യേകിച്ചും ചെറുകിട കര്‍ഷകരെ, രക്ഷിക്കാന്‍ വേണ്ടിയായിരുന്നുവെന്നും അതേക്കുറിച്ച് പക്ഷേ അവരെ ബോധ്യപ്പെടുത്താന്‍ എത്രമെനക്കെട്ടിട്ടും കഴിഞ്ഞില്ലെന്നു’മാണ് മോദി തുറന്നുപറഞ്ഞത്. അതുകൊണ്ട് രാഷ്ട്രത്തോട് താന്‍ മാപ്പു ചോദിക്കുന്നതായി മോദി വ്യക്തമാക്കി. ഈ മാസാവസാനം നടക്കുന്ന ശൈത്യകാല പാര്‍ലമെന്റ് സമ്മേളനത്തില്‍ നിയമങ്ങള്‍ പിന്‍വലിക്കാന്‍ നടപടിയെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. അടുത്ത വര്‍ഷമാദ്യം രാജ്യത്തെ വലിയ സംസ്ഥാനങ്ങളിലൊന്നായ ഉത്തര്‍പ്രദേശിലേക്കും പഞ്ചാബിലേക്കും മറ്റും നടക്കുന്ന നിയമസഭാതിരഞ്ഞെടുപ്പുകളാണ് ഈയൊരു അസാധാരണപിന്മാറ്റത്തിന് മോദിയെ നിര്‍ബന്ധിച്ചതെന്ന് അദ്ദേഹത്തെ അറിയാവുന്നവര്‍ക്കെല്ലാം തിരിച്ചറിയാവുന്ന നഗ്നസത്യം മാത്രമാണ്.

അധികാരവും സമ്പത്തും കയ്യിലുണ്ടെങ്കില്‍ രാജ്യത്തെ ഏതൊരു ജനവിഭാഗത്തെയും കയ്യിലെടുക്കാമെന്നും അതിനെതിരെ പ്രതികരിച്ചാല്‍ കൊന്നുതള്ളാമെന്നുമുള്ള മിഥ്യാബോധത്തിലായിരുന്നു മോദിയും അദ്ദേഹത്തിന്റെ കക്ഷിയും സംഘ്പരിവാരവും വ്യവസായകുത്തകളും. പക്ഷേ ഇതിനെതിരെ എന്തുതന്നെ സംഭവിച്ചാലും പിന്നോട്ടില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് കര്‍ഷകര്‍ നല്‍കിയത്. പതിനായിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയിലെയും അതിര്‍ത്തി സംസ്ഥാനങ്ങളിലെയും തെരുവുകളില്‍ കോവിഡ് കാലത്തും ജീവന്‍വെടിഞ്ഞും പോരാടിയത്. ഒരു വര്‍ഷത്തിനിടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യക്ഷമായും പരോക്ഷമായും കൊലപ്പെടുത്തിയ കര്‍ഷകരുടെ എണ്ണം അഞ്ഞൂറോളമാണ്. ഇക്കഴിഞ്ഞ സെപ്തംബര്‍ അഞ്ചിന് മുസഫര്‍നഗറില്‍ ചേര്‍ന്ന കര്‍ഷക മഹാസമ്മേളനം എന്തുവിലകൊടുത്തും പ്രക്ഷോഭം തുടരാന്‍ തീരുമാനിച്ചതിനുപിന്നില്‍ കര്‍ഷകരുടെയും അവരുടെ നേതാക്കളുടെയും നിശ്ചയദാര്‍ഢ്യമായിരുന്നു. തിരഞ്ഞെടുപ്പുകളില്‍ തങ്ങളുടെയും കുടുംബാംഗങ്ങളുടെയും വോട്ടുകള്‍ ബി.ജെ.പിക്കെതിരായി വിനിയോഗിക്കുമെന്ന് അവര്‍ പരസ്യപ്രഖ്യാപനം നടത്തുകയും അതേരീതിയില്‍ പ്രവര്‍ത്തിക്കുകയുംചെയ്തു. ഹിമാചല്‍പ്രദേശിലെ മാണ്ഡിയില്‍ നാലു ലക്ഷത്തിലധികം വോട്ടിന് ബി.ജെ.പി 2019ല്‍ വിജയിച്ച ലോക്‌സഭാസീറ്റില്‍ കോണ്‍ഗ്രസ് എണ്ണായിരത്തിലധികം വോട്ടിന് വിജയിച്ചത് ഇതിന്റെ സൂചനയായിരുന്നു. യു. പിയിലെയും രാജസ്ഥാനിലെയും ഹരിയാനയിലെയും ജാട്ട് സമുദായം ബി.ജെ.പിയെ കൈവിട്ടതിന്റെ സൂചനയായി അവിടെ നടന്ന തദ്ദേശ-ഉപതിരഞ്ഞെടുപ്പുഫലങ്ങള്‍. പാര്‍ട്ടി അഭിമാനവും നിര്‍ണായകവുമായികാണുന്ന യു.പിയില്‍ വരുന്ന നിയമസഭാതിരഞ്ഞെടുപ്പിലും പരാജയം മണത്തു. പഞ്ചാബില്‍ കോണ്‍ഗ്രസ് വിജയം ആവര്‍ത്തിക്കുമെന്നും സര്‍വേഫലങ്ങള്‍ വന്നു. അവിടെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റന്‍ മരീന്ദര്‍സിങിനെ ചാക്കിട്ടുപിടിച്ച് പ്രത്യേക പാര്‍ട്ടിയുണ്ടാക്കിച്ചു. ഇതോടെയാണ് മോദിയും ബി.ജെ.പി നേതൃത്വവും അസാധാരണമായ ഈ നടപടിക്ക് തുനിഞ്ഞതെന്ന് വ്യക്തം. നിയമങ്ങളെയും പ്രക്ഷോഭത്തെയും കുറിച്ച് ബി.ജെ.പിക്കുള്ളില്‍പോലും എതിര്‍പ്പ് വളര്‍ന്നുവന്നതും മറ്റൊരു കാരണമാണ്. ലോകചരിത്രത്തിലെതന്നെ ഐതിഹാസികസമരമായി ഇന്ത്യയിലെ 2020-21ലെ കര്‍ഷക പ്രക്ഷോഭം രേഖപ്പെടുത്തപ്പെടുമെന്നതില്‍ സംശയമില്ല. അതോടൊപ്പം രേഖപ്പെടുത്തപ്പെടുത്തുന്നത് ഫാസിസ്റ്റ്ഭരണകൂടത്തെയുമാണ്.

web desk 3: