X

നോട്ടു പിന്‍വലിക്കല്‍: വിദേശമാധ്യമ വിമര്‍ശം തുടരുന്നു; മോദി ഇന്ത്യയെ നശിപ്പിക്കുന്നതായി ഗാര്‍ഡിയന്‍ മുഖപ്രസംഗം

ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിക്കെതിരെ വിദേശമാധ്യമങ്ങളുടെ വിമര്‍ശനം തുടരുന്നു. ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയനാണ് ഇത്തവണ മോദിയെ വിമര്‍ശിച്ച് രംഗത്തുവന്നത്. മോദി സര്‍ക്കാര്‍ ഇന്ത്യയെ നശിപ്പിക്കുകയാണെന്ന് ഗാര്‍ഡിയന്‍ മുഖപ്രസംഗത്തില്‍ പറയുന്നു. മോദിയെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് മുഖപ്രസംഗം. ‘മോദി ഇന്ത്യയില്‍ നാശം വിതച്ചു’ (Modi has brought havoc to India) എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്.

മുഖപ്രസംഗം ഇങ്ങനെ:
ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാത്രി, അദ്ദേഹത്തെ പോലെ ദേശീയവാദിയും ജനപ്രീയനുമായ മറ്റൊരു നേതാവ് ക്രമസമാധാനത്തിന് അത്ര പേര് കേട്ടിട്ടില്ലാത്ത നാട്ടില്‍ പുതിയ പ്രശ്‌നത്തിന് തുടക്കമിട്ടു. അപ്രതീക്ഷിത സന്ദര്‍ഭത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചു. രാജ്യത്തെ 86 ശതമാനം കറന്‍സിയും ഈ പ്രഹരത്തില്‍ ഉപയോഗശൂന്യമായി. ബാങ്ക് ബ്രാഞ്ചുകള്‍ക്ക് പുറത്ത് അവ വെറും കടലാസ് കഷ്ണങ്ങളായി. ജനങ്ങള്‍ക്ക് പഴയ നോട്ടുകള്‍ മാറ്റി നല്‍കുന്നതിന് മതിയായ മുന്‍കരുതലുകള്‍ ഇല്ലാതെയായിരുന്നു നീക്കം. അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ പോരാട്ടമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഇന്ത്യയില്‍ കള്ളപ്പണമെന്ന് അറിയപ്പെടുന്ന നിയമവിരുദ്ധ പ്രവര്‍ത്തനത്തെയും നികുതി വെട്ടിപ്പും ഇതിലൂടെ പുറത്തുകൊണ്ടുവരാമെന്നായിരുന്നു ന്യായീകരണം. പ്രഖ്യാപനം ആദ്യമൊക്കെ ജനങ്ങള്‍ സ്വാഗതം ചെയ്‌തെങ്കിലും മതിയായ മുന്‍കരുതല്‍ ഇല്ലാതെ പ്രാവര്‍ത്തികമാക്കിയത് ജനങ്ങള്‍ ക്ഷുഭിതരാക്കിയിട്ടുണ്ട്. രാജ്യത്തെ രണ്ടു ലക്ഷം കോടി ഡോളറിന്റെ സമ്പാത്തിക ഘടന ഒന്നാകെ താറുമാറി. സാധാരണക്കാരായ ജനങ്ങളെയാണ് കറന്‍സി പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചത്. 130 കോടി ജനങ്ങളെ ഇത് നേരിട്ട് ബാധിച്ചു. സാധാരണക്കാരായ മിക്ക ജനങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് പോലുമുണ്ടായിരുന്നില്ല. പണം മാറ്റി വാങ്ങുന്നതിന് ബാങ്കുകള്‍ക്കു മുന്നില്‍ നീണ്ട നിന്ന വരി ഇതിനു തെളിവേകുന്നതാണ്. സമ്പന്നരെ നോട്ടു പ്രതിസന്ധി ഒട്ടും തന്നെ ബാധിച്ചിട്ടില്ല. കാരണം അവരുടെ സമ്പാദ്യം ഓഹരി വിപണിയിലും സ്വര്‍ണ, റിയല്‍എസ്റ്റേറ്റ് മേഖലകളിലുമായി നേരത്തെ നിക്ഷേപിച്ചിട്ടുണ്ട്. ഉപജീവനത്തിനു വേണ്ടി, ദിവസകൂലിക്കുവേണ്ടി പോരാടുന്നവരെയാണ് ഇത് ബാധിച്ചത്. പണവും സമയവും നഷ്ടമാകുന്നതിനൊപ്പം ഒരാഴ്ക്കിടെ രാജ്യത്ത് ഒരു ഡസനിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി.


നോട്ട് അസാധുവാക്കല്‍ നടപടി ഇന്ത്യയില്‍ ഇത് ആദ്യത്തെ സംഭവമല്ല. നേരത്തെ 1978ല്‍ ഇത് നടപപാക്കിയിരുന്നു. അന്ന് ബാങ്ക് നിക്ഷേപങ്ങള്‍ വര്‍ധിക്കുകയും കൂടുതല്‍ നികുതി ഈടാക്കാന്‍ സാധിക്കുകയും ചെയ്തു. എന്നാല്‍ മോദിയുടെ പരീക്ഷണങ്ങള്‍ക്ക് ഏകാധിപതിയുടെ പരാജയപ്പെട്ട പരീക്ഷണങ്ങളുടെ അനന്തര ഫലങ്ങളോട് സാമ്യമുള്ളത്. രൂപ തകര്‍ച്ചയും നാണ്യശോഷണവും ഇതില്‍ പ്രധാനം. മിസ്റ്റര്‍ മോദിയുടെ പ്രചാരണം തെരഞ്ഞെടുപ്പ് പ്രചാരണം അഴിമതി അവസാനിപ്പിക്കുമെന്നായിരുന്നു. നികുതി സംവിധാനത്തില്‍ ഭേദഗതി വരുത്തിയായിരുന്നു അത് പ്രാവര്‍ത്തികമാക്കേണ്ടത്. എന്നാല്‍ അദ്ദേഹത്തിന്റെ തണുപ്പന്‍ പരിഷ്‌കാരങ്ങള്‍ തലക്കെട്ടുകളാകില്ല. ആസന്നമായ സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ എതിര്‍ പാര്‍ട്ടിക്കെതിരായ ആയുധമായി ഉപയോഗിക്കാന്‍ കഴിയില്ലല്ലോ. മിസ്റ്റര്‍.മോദിയെന്ന ഹിന്ദു ദേശീയവാദിക്ക് പതിറ്റാണ്ടു കാലത്തോളം അന്താരാഷ്ട്ര സമൂഹത്തില്‍ ഭ്രഷ്ട കല്‍പിക്കപ്പെട്ടതിന്റെ കാരണം അന്വേഷിക്കേണ്ടതാണ്. അദ്ദേഹം ഭരിച്ചിരുന്ന പ്രദേശത്ത് മുസ്്‌ലീകളുടെ കൂട്ടക്കൊലയില്‍ പങ്കുണ്ടെന്ന ആക്ഷേപം അവഗണിക്കപ്പെടാനാവില്ല. യു.എസ് പ്രസിഡന്റ് ട്രംപ് തന്റെ പകരക്കാരനായി മോദിയെ കണ്ടതും എടുത്തുപറയേണ്ടതാണ്. മോദിയുടെ വിജയത്തെ ആഗോള വിപ്ലവത്തിന്റെ ഭാഗമായി ട്രംപിന്റെ അനുയായി സ്റ്റീവ് ബന്നന്‍ പ്രഖ്യാപിച്ചതും മറക്കാനാവില്ല. ഇതൊക്കെയാണെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടും ഭരണ പ്രതിസന്ധികളും ഒഴിവാക്കി വിപ്ലവം ആരംഭിക്കേണ്ടത് സ്വന്തം വീട്ടില്‍ നിന്നായിരിക്കണം.

chandrika: