X

ലക്ഷദ്വീപിനോടുള്ള ശത്രുതാ മനോഭാവം അവസാനിപ്പിക്കണം, യാത്രാ കപ്പല്‍ സേവനം അടിയന്തരമായി പുനഃസ്ഥാപിക്കണം; പി.വി അബ്ദുല്‍ വഹാബ് എം.പി

ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ യാത്ര സേവനങ്ങളുടെ അപര്യാപ്തത അടിയന്തരമായി പരിഹരിക്കണമെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് രാജ്യസഭാ അംഗം പി.വി അബ്ദുല്‍ വഹാബ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ശൂന്യവേളയില്‍ നടന്ന ചര്‍ച്ചയില്‍ കപ്പലിന്റെ കുറവ് കാരണം ലക്ഷദ്വീപ് ജനതയും ടൂറിസവും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിക്കവെയാണ് വഹാബ് എം.പി ഈ ആവശ്യം ഉന്നയിച്ചത്.

നേരത്തെ ലക്ഷദ്വീപിലേക്ക് ഏഴ് യാത്രാ കപ്പലുകളായിരുന്നു പ്രവര്‍ത്തനത്തിലുണ്ടായിരുന്നത്. ഇത് പുതിയ അഡ്മിനിസ്ട്രേറ്റര്‍ വന്നതോടെ ഒരെണ്ണമായ കുറച്ചു. ബേപ്പൂരിന്ന് സര്‍വീസ് നടത്തിയിരുന്ന അമിനി ദ്വീപ്, മിനിക്കോയ് ദ്വീപ് എന്ന രണ്ടു കപ്പലുകളും യാതൊരു നോട്ടീസുമില്ലാതെ സേവനം നിര്‍ത്തിവച്ചു. എംവി കവരത്തി എന്ന 700 പേരെ ഉള്‍കൊള്ളുന്ന കപ്പല്‍ ഇടവേളയില്ലാതെ സര്‍വീസ് നടത്തിയതോടെ കാര്യമായ തേയ്മാനം വരുകയും കപ്പലിന് തീ പിടിക്കുകയും ചെയ്തു. ഇത് 650ഓളം യാത്രക്കാര്‍ മണിക്കൂറുകളോളം നടുക്കടലില്‍ യാതൊരു സഹായവുമില്ലാതെ കുടുങ്ങുന്നതിന് കാരണമായി. ഇത്തരം സംഭവങ്ങള്‍ക്ക് ശേഷം മാത്രമാണ് 2 പുതിയ കപ്പലുകള്‍, എംവി കോറല്‍സും എംവി ലഗൂണ്‍സും സര്‍വീസ് നടത്താനാരംഭിച്ചത്. 400 പേരുടെ കപ്പാസിറ്റി മാത്രമുള്ള ഈ കപ്പലുകള്‍ 7 കപ്പലുകളുടെ കപ്പാസിറ്റിയുമായും എങ്ങനെ താരതമ്യം ചെയ്യാന്‍ പറ്റുമെന്ന് വഹാബ് എം.പി ചോദിച്ചു. കപ്പലുകളുടെ കുറവ് കാരണം ലക്ഷദ്വീപ് നിവാസികള്‍ കൊച്ചിയില്‍ ആഴ്ചകളോളം താമസിച്ചാണ് ടിക്കറ്റ് തരപ്പെടുത്തുന്നത്. ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലേക്ക് വരാനുമുള്ള സാഹചര്യം മറ്റൊന്നല്ല.

ഇത് ടൂറിസം വ്യവസായത്തെയും കാര്യമായി ബാധിച്ചിരിക്കുന്നു. ദിവസങ്ങളോളം കാത്തു നിന്ന് ടിക്കറ്റ് എടുക്കുക എന്നത് ഒരു ടൂറിസ്റ്റിനെ സംബന്ധിച്ചിടത്തോളം പ്രയാസകരമാണ്. ലക്ഷദ്വീപിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവും ഇക്കാരണത്താലാണ്. കപ്പലുകളുടെ എണ്ണം കുറഞ്ഞതോടെ ടിക്കറ്റ് നിരക്കും ഗണ്യമായി കൂടി. 100 ശതമാനമാണ് ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധനവുണ്ടായത്. ലക്ഷദ്വീപ് നിവാസികളുടെ യാത്ര സ്വാതന്ത്ര്യത്തെയാണ് ഇത് ലക്ഷ്യമിട്ടിരിക്കുന്നത് എന്ന് എം.പി അഭിപ്രായപ്പെട്ടു.

പുതിയ അഡ്മിനിസ്ട്രേറ്ററുടെ ഇത്തരം പ്രവര്‍ത്തികളെ കടുത്ത ഭാഷയില്‍ എംപി വിമര്‍ശിച്ചു. എത്രയും പെട്ടെന്ന് 5 കപ്പല്‍ സര്‍വീസെങ്കിലും പുനഃസ്ഥാപിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. 2 സര്‍വീസുകള്‍ ബേപ്പൂരില്‍ നിന്നും 3 എണ്ണം കൊച്ചിയില്‍ നിന്നും വേണം. കപ്പല്‍ അപകടത്തില്‍ പെടുന്ന സാഹചര്യമുണ്ടായാല്‍ ഉടനെ ജീവന്‍ രക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഒരു റാപിഡ് റെസ്പോണ്‍സ് ടീമിനെ നിയമിക്കണണെമെന്നും ടിക്കറ്റ് ചാര്‍ജിലുണ്ടായ വര്‍ദ്ധനവ് പിന്‍വലിക്കണമെന്നും എംപി ആവശ്യം ഉന്നയിച്ചു. ലക്ഷദ്വീപിനെ മറ്റൊരു കാശ്മീരാക്കാനുള്ള എല്ലാ ശ്രമത്തെയും പാര്‍ട്ടി ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കുമെന്ന് എം.പി അഭിപ്രായപ്പെട്ടു. ഇത്തരം അനൗദ്യോഗിക യാത്ര വിലക്കുകള്‍ സര്‍ക്കാരിന്റെയും അഡ്മിനിസ്ട്രേഷന്റെയും ലക്ഷദ്വീപിനോടുള്ള ശത്രുത മനോഭാവമാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

web desk 3: