X

ലോകായുക്തക്ക് നിര്‍ദേശ ഉത്തരവുകളിടാന്‍ അധികാരമില്ല; അധികാരം ശുപാര്‍ശകള്‍ നൽകാൻ; സുപ്രീം കോടതി

റീസര്‍വേ രേഖകളിലെ തെറ്റുകള്‍ തിരുത്തണമെന്ന കേരള ലോകായുക്തയുടെ ഉത്തരവ് തിരുത്തി സുപ്രീം കോടതി. ലോകായുക്തക്ക് ഉപലോകായുക്തക്കോ നിര്‍ദേശ ഉത്തരവുകളിടാന്‍ അധികാരമില്ല.

ലോകായുക്തയ്ക്ക് ശുപാര്‍ശകള്‍ നല്‍കാന്‍ മാത്രമാണ് അധികാരം. ശുപാര്‍ശകള്‍ ബന്ധപ്പെട്ട അധികാരകേന്ദ്രത്തിന് റിപ്പോര്‍ട്ടായി നല്‍കാമെന്നും സുപ്രീം കോടതി.

ജസ്റ്റിസുമാരായ വിക്രം നാഥ്, രാജേഷ് ബിന്‍ഡല്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. ലോകായുക്ത നിര്‍ദ്ദേശം ചോദ്യം ചെയ്ത് വര്‍ക്കല അഡീഷണല്‍ തഹസില്‍ദാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. തുടര്‍ന്നാണ് വര്‍ക്കല അഡീഷണല്‍ തഹസില്‍ദാര്‍ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്.

നേരത്തെ ലോകായുക്ത ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ സാധൂകരിക്കുന്ന പരാമര്‍ശമാണ് ലോകായുക്തയുടെ അധികാരം സംബന്ധിച്ച് സുപ്രീം കോടതി നടത്തിയിരിക്കുന്നത്.

ലോകായുക്ത ജുഡീഷ്യല്‍ ബോഡി അല്ലെന്നും അന്വേഷണ സംവിധാനമാണെന്നുമായിരുന്നു നിയമമന്ത്രി പി രാജീവ് ബില്‍ അവതരിപ്പിക്കുമ്പോള്‍ നിയമസഭയില്‍ കൈ കൊണ്ട നിലപാട്. ലോകായുക്തക്കോ ഉപലോകായുക്തക്കോ നിര്‍ദേശ ഉത്തരവുകളിടാന്‍ അധികാരമില്ല.

ലോകായുക്തയ്ക്ക് ശുപാര്‍ശകള്‍ നല്‍കാന്‍ മാത്രമാണ് അധികാരം എന്ന് സുപ്രീം കോടതി നിരീക്ഷണം അതിനാല്‍ തന്നെ സംസ്ഥാന നിയമസഭ അംഗീകരിച്ച് ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ച ലോകായുക്ത ഭേദഗതി ബില്ലിനെ സംബന്ധിച്ച് നിര്‍ണ്ണായകമാകുന്നുണ്ട്.

 

webdesk13: