X

നാശത്തിലേക്കുള്ള ഘോഷയാത്ര

കെ.എന്‍.എ ഖാദര്‍

കാലാവസ്ഥ മാറിക്കഴിഞ്ഞു. വ്യതിയാനം സംഭവിച്ചുകഴിഞ്ഞു. അതുമൂലമുണ്ടാവുന്ന ദുരന്തങ്ങള്‍ ഭാവി കാര്യമല്ല, വര്‍ത്തമാനകാലമാണ്. മനുഷ്യവംശം മനസ്സിലാക്കിയതുപോലെ ശാന്തമായി എന്നും ജീവിക്കാനാവുകയില്ല. അതിനെയാണ് നാം ദുരന്തമെന്ന് മുദ്രകുത്തുന്നത്. മറ്റു ജീവജാലങ്ങള്‍ ഇതിനെ ഏതുവിധം കാണുന്നുവെന്ന് നമുക്ക് അറിഞ്ഞുകൂടല്ലോ. പ്രപഞ്ചത്തിലെ സകല പ്രതിഭാസങ്ങളും മാറിക്കൊണ്ടേയിരിക്കും. ആ നിയമം മനുഷ്യ നിയന്ത്രണത്തിലല്ല. ആ മാറ്റങ്ങളിലൂടെയാണ് നാം ഉണ്ടായത്. കാലവും സ്ഥലവും നമ്മുടെ പരിധിയില്‍ അല്ല. ആയിരക്കണക്കിന് വര്‍ഷങ്ങളിലൂടെയാണ് പരിവര്‍ത്തനങ്ങള്‍ സംഭവിക്കുന്നത്.

ഏറിയാല്‍ നൂറുവര്‍ഷം ജീവിക്കുന്നവര്‍ക്ക് ആ കാലയളവില്‍ കാണാന്‍ കഴിയാത്ത മാറ്റങ്ങള്‍ പത്തു തലമുറകള്‍ക്കു ശേഷം ശ്രദ്ധയില്‍ വന്നേക്കാം. തങ്ങളുടെ പിതാമഹന്മാരുടെ കാലത്ത് ഇങ്ങനെയൊന്നും കണ്ടിട്ടില്ല എന്നു പറയുന്നത് ബുദ്ധിശൂന്യതയാണ്. മാറ്റങ്ങള്‍ കാണാന്‍ ചിലപ്പോള്‍ ആയുസ് പോരാതെ വന്നേക്കാം. പ്രപഞ്ചത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും സമഗ്രമായ ഒരു ധാരണ ചെറിയ തോതിലെങ്കിലും ഉള്ളവര്‍ക്ക് കാര്യങ്ങള്‍ കുറച്ചുകൂടി മനസ്സിലാക്കാന്‍ കഴിഞ്ഞേക്കാം. പ്രകൃതി പ്രതിഭാസങ്ങള്‍ സാര്‍വത്രികമാണ്. മനുഷ്യവാസമുള്ളയിടങ്ങളിലും അല്ലാത്തിടങ്ങളിലും അത് സംഭവിക്കുന്നു. ലോകത്തെ രാഷ്ട്രങ്ങളായി കാണുന്നതും അതിരുകള്‍ നിര്‍മ്മിച്ചതും മനുഷ്യരാണ്. പ്രകൃതിക്കത് ബാധകമല്ല. അതിനാല്‍ എല്ലായിടത്തും മാറ്റങ്ങള്‍ സംഭവിക്കുന്നു. സൂക്ഷ്മമായ പദാര്‍ത്ഥ കോശങ്ങളിലും അതിരുകളില്ലാത്ത പ്രപഞ്ച പരപ്പിലും മാറ്റങ്ങള്‍ നടന്നുകൊണ്ടേയിരിക്കുന്നു. കടലിന്റ ആഴങ്ങളിലും പര്‍വ്വതങ്ങളുടെ ശിഖിരങ്ങളിലും ആകാശത്തിലെ മേഘങ്ങളിലും അന്റാര്‍ട്ടിക്കയിലെ മഞ്ഞുകട്ടയിലും സഹാറ മരുമണല്‍ പരപ്പിലും അതിസൂക്ഷ്മമായ വൈറസുകളുടെ ജീനുകളിലും വ്യത്യാസങ്ങള്‍ സംഭവിക്കുന്നു. ഭൂകമ്പങ്ങളായും അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങളായും പ്രളയങ്ങളായും വരള്‍ച്ചയായും കൊടുങ്കാറ്റുകളും ചുഴലികളുമായും കാട്ടുതീയായും മേഘവിസ്‌ഫോടനങ്ങളായും സുനാമികളായും മഹാമാരികളുടെ രൂപത്തിലും പ്രകൃതി പ്രതിഭാസങ്ങള്‍ കാണപ്പെടുന്നു. പ്രക്ഷുബ്ധമായ സംഭവങ്ങള്‍ മാത്രമാണ് നമ്മെ പേടിപ്പെടുത്തുന്നത്. അതിനേക്കാള്‍ ഭയാനകമായ കാര്യങ്ങള്‍ നിശബ്ദമായി നടക്കുന്നുണ്ടാവാം. ഇവയൊന്നും വേറിട്ട പ്രതിഭാസങ്ങളല്ല, പരസ്പരപൂരകങ്ങളാണ്. ദിവസങ്ങള്‍കൊണ്ട് ഉണ്ടായി തീരുന്നവയുമല്ല. സര്‍വ്വനാശത്തിലേക്ക് നാം ഒരുപക്ഷേ നടന്നടുക്കുകയാവാം.

പിന്നീട് എല്ലാം കെട്ടടങ്ങി തീര്‍ത്തും ശാന്തമായൊരു ജീവിതം സംഭവിച്ചേക്കാം. നാശത്തിലേക്കുള്ള ഈ ഘോഷയാത്രയും ഒരു പ്രകൃതി നിയമമാണ്. നാം അത് മനസിലാക്കിയാലും ഇല്ലെങ്കിലും പ്രത്യേകിച്ചൊന്നുമില്ല. ആയിരത്തി നാനൂറു കോടി വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഈ പ്രപഞ്ചം ഇന്നത്തെപോലെ രൂപപ്പെട്ടതെന്ന് കരുതപ്പെടുന്നു. നാനൂറു കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ ഭൂഗോളം നിലവില്‍വന്നുവെന്നും ശാസ്ത്രകാരന്മാരും ചരിത്രകാരന്മാരും പറയുന്നു. മനുഷ്യവംശത്തിന്റെ അറിവുകള്‍ പരിമിതമാകയാല്‍ തര്‍ക്കവിതര്‍ക്കങ്ങള്‍ എവിടെയും കൊണ്ടുചെന്ന് എത്തിക്കുകയില്ല. ആഫ്രിക്കയില്‍ മനുഷ്യവംശം ഉത്ഭവിച്ചതും മൂന്നു ലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പത്രെ. ഇന്നു കാണപ്പെടുന്ന തരത്തിലുള്ള മനുഷ്യരുടെ ആവിര്‍ഭാവത്തിന് എഴുപതിനായിരം വര്‍ഷങ്ങളുടെ പഴക്കമേയുള്ളൂ. ഈ കാലഘട്ടത്തിനിടയില്‍ കര കടലാവുകയും കടല്‍ കരയാവുകയും അനേക മനുഷ്യര്‍ കൂട്ടത്തോടെ ചത്തൊടുങ്ങുകയും ചെയ്തിട്ടുണ്ട്. പലവിധ ജീവികളും വൃക്ഷങ്ങളുമൊക്കെ മണ്ണിനടിയില്‍ ആണ്ടുപോയിട്ടുണ്ട്. വിശ്വസിച്ചാലും ഇല്ലെങ്കിലും മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ സത്യമോ, അസത്യമോ ആകട്ടെ അയ്യായിരം വര്‍ഷങ്ങളുടെ ചരിത്രം മാത്രമാണ് എഴുതപ്പെട്ടിട്ടുളളത്. എത്ര ചെറിയൊരു കാലയളവാണിത്. വന്‍കരകള്‍ രൂപംകൊള്ളുകയും വിണ്ടുകീറി പലതാവുകയുമൊക്കെ ചെയ്തിട്ടുള്ള ഒരു ചെറിയ ഭൂപരപ്പിലാണ് ഇപ്പോള്‍ നാം ഉള്ളത്. ഇത്തരം പ്രതിഭാസങ്ങള്‍ ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു, ഇനിയും തുടരുകയും ചെയ്യും. സാധ്യമാവുന്നത്ര ശാന്തമായി പരസ്പര സഹകരണത്തോടെ സ്‌നേഹത്തോടെ പ്രകൃതിയോട് ഇണങ്ങി കഴിഞ്ഞുകൂടിയാല്‍ ചിലപ്പോള്‍ മഹാദുരന്തങ്ങളുടെ ഗതിവേഗം കുറക്കാന്‍ സാധിച്ചുവെന്ന് വരാം. മനുഷ്യവംശം ആര്‍ജ്ജിച്ചിട്ടുള്ള അറിവും കഴിവും ഒട്ടും കുറച്ചുകാണാന്‍ പാടില്ല. ശാസ്ത്രീയമായ ജ്ഞാനവും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി ഭൂവാസം പ്രയാസരഹിതമാക്കാന്‍ പരിശ്രമിക്കുകയാണ് നാം വേണ്ടത്. പ്രകൃതി വേറിട്ട ഒന്നല്ല. മനുഷ്യര്‍ ഉള്‍പ്പെടെയുള്ള ഒരു സൗകര്യമാണത്. വേറിട്ടു ചിന്തിക്കുന്നതില്‍ കാര്യമില്ല. വേറിടുക വയ്യ, നാം പ്രകൃതി തന്നെയാണ്. മാറ്റങ്ങളെ മനസ്സിലാക്കി ബോധപൂര്‍വ്വം അതില്‍ ഇടപെടാന്‍ ഏറെക്കുറെ മനുഷ്യര്‍ക്ക് കഴിയും. അപ്രകാരം നടത്തിയ ഇടപെടലുകളിലൂടെ കൂടുതല്‍ മെച്ചപ്പെട്ടതും സുരക്ഷതവുമായ ജീവിതം മനുഷ്യര്‍ നേടിയിട്ടുണ്ട്. ദുരന്തങ്ങളെ പലതിനെയും നിയന്ത്രിക്കാനും നേരിടാനും ഇന്നു കഴിയും.

ആയുസ്സും ആരോഗ്യവും വര്‍ധിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആഹാരവും പാര്‍പ്പിടവും ജീവിതസൗകര്യങ്ങളും വേണ്ടത്ര വര്‍ധിച്ചിട്ടുണ്ട്. യുദ്ധങ്ങള്‍ കുറച്ചുകൊണ്ടുവന്നിട്ടുണ്ട്. ക്ഷാമങ്ങളെ നേരിടുന്നുണ്ട്. മഹാരോഗങ്ങളെ വരുതിയിലാക്കുന്നതില്‍ വന്‍ വിജയം നേടിയിട്ടുണ്ട്. ഇനിയും സാധ്യമാകുന്നത്ര ശാന്തമായി ജീവിതം മുന്നോട്ടുനയിക്കാന്‍ പരിശ്രമിക്കുകയാണ് വേണ്ടത്. സുസ്ഥിര വികസനമെന്ന കാഴ്ചപ്പാടില്‍ ഉറച്ചുനില്‍ക്കുകയും പ്രവര്‍ത്തിക്കുകയും വേണം. സാമ്പത്തിക വളര്‍ച്ച, സാമൂഹ്യ നീതി, പരിസ്ഥിതി സംരക്ഷണം ഇവ മൂന്നുമാണ് സുസ്ഥിര വികസനത്തിന്റെ അസ്തിവാരം. വികസനവും പുരോഗതിയും വെറും സാമ്പത്തിക വളര്‍ച്ചക്ക് മാത്രമാവരുത്. ഈ തത്വങ്ങള്‍ ഐക്യരാഷ്ട്രസഭ നിര്‍ദ്ദേശിച്ച ബ്രണ്‍ഡന്‍ ലാന്‍ഡ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളതും ലോകരാഷ്ട്രങ്ങള്‍ അംഗീകരിച്ചതുമാണ്. എങ്കിലും സാമ്പത്തിക വളര്‍ച്ച മാത്രമായി വികസനത്തെ പരിമിതപ്പെടുത്തിയതിന്റെ പ്രത്യാഘാതവുംകൂടി കാലാവസ്ഥ വ്യതിയാനത്തില്‍ അന്തര്‍ലീനമാണ്. പ്രകൃതിയുടെമേല്‍ നാം നടത്തുന്ന കയ്യേറ്റം ഉപേക്ഷിക്കണം. കാരുണ്യത്തോടെ പ്രകൃതിയെ സമീപിച്ചാല്‍ പ്രകൃതി നമ്മോട് കരുണ കാണിക്കും. പശ്ചിമഘട്ട സംരക്ഷണത്തിന്‌വേണ്ടി ആവിഷ്‌ക്കരിച്ച മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടും പുതിയൊരു ജീവിതവീക്ഷണമാണ്. അതിനെ നാം നിഷ്‌ക്കരുണം തമസ്‌ക്കരിച്ചു. മനുഷ്യര്‍ അങ്ങിനെയാണ്. അവന്റെ നന്മയ്ക്കുതകുന്ന വല്ലതും ഉപദേശിക്കപ്പെട്ടാല്‍ അത് നിരാകരിക്കുകയും സാധ്യമാവുന്നത്ര ലംഘിക്കുകയും ചെയ്യും. മനുഷ്യവംശത്തിന്റെ നാശത്തിന് സഹായകമായ ഏത് ദുഷ്ടപ്രവൃത്തിയും ആരുടെയും ഉപദേശമോ, നിര്‍ദ്ദേശമോ ഇല്ലതെ അവന്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. വയലിലും പറമ്പിലും മനുഷ്യര്‍ക്കാവശ്യമായുള്ള വസ്തുക്കള്‍ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മനുഷ്യ ജീവിതത്തിന് അനിവാര്യമായ കാര്‍ഷികവൃത്തി ദുഷ്‌ക്കരമാണ്. എങ്കിലും ഏതാനും മാസങ്ങള്‍ വയലും പറമ്പും തരിശിട്ടാല്‍, കൃഷി ചെയ്യാതെ ഉപേക്ഷിച്ചാല്‍ അവിടം മുഴുവന്‍ സസ്യലതാദികളും മുള്‍ചെടികളും ആഹാരത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ പ്രയോജനപ്പെടാത്ത കാട്ടു ചെടികള്‍ തഴച്ചു വളരുകയും ചെയ്യും. ജലസേചനമോ, കള പറിക്കലോ വളം ചെയ്യലോ വേലി കെട്ടലോ സംരക്ഷണമോ അതിനാവശ്യമില്ല. നന്മയെ നട്ടുവളര്‍ത്തല്‍ അതികഠിനമായിരിക്കെ തിന്മ സ്വയം തഴച്ചുവളരുന്നു. നാം നിത്യവും ഇതിന് സാക്ഷ്യം വഹിക്കുന്നു.

 

 

web desk 3: