X

ഭാരത് ബന്ദിന്റെ ആവശ്യകത

ഹാരിസ് മടവൂര്‍

ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ മൂന്ന് കരിനിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷക കൂട്ടായ്മ 27ന് രാജ്യവ്യാപകമായി ഭാരതബന്ദ് നടത്തുമ്പോള്‍ കര്‍ഷക സമരത്തിന് പുതിയൊരു രാഷ്ട്രീയമാനം കൈവരികയാണ്. തങ്ങളുടെ നിലനില്‍പ്പിനെതന്നെ ചോദ്യംചെയ്യുന്ന ഈ നിയമങ്ങള്‍ക്കെതിരെ തുടക്കത്തില്‍ പ്രാദേശികമായി രൂപപ്പെട്ട കൊച്ചു കൊച്ചു പ്രതിഷേധങ്ങള്‍ പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പതിയെ പതിയെ ശക്തിപ്പെടുകയും പിന്നീട് ദില്ലിചലോ എന്ന മുദ്രാവാക്യവുമായി പതിനായിരക്കണക്കിന് കര്‍ഷകര്‍ രാജ്യതലസ്ഥാനത്തേക്ക് ഒഴുകുകയും രാജ്യം കണ്ട മഹത്തായ സമരങ്ങളിലൊന്നായി അത് മാറുകയും ചെയ്യുകയായിരുന്നു.

ഹരിയാനയിലേക്കും ഡല്‍ഹിയിലേക്കുമെല്ലാം കടക്കാനുള്ള കര്‍ഷകരുടെ ശ്രമങ്ങളെ ഭരണകൂടം ജലപീരങ്കിയും കണ്ണീര്‍വാതകങ്ങളും ലാത്തിയുമൊക്കെ ഉപയോഗിച്ച് തടയാന്‍ ശ്രമിച്ചെങ്കിലും അതെല്ലാം മണ്ണിന്റെ മക്കളുടെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ നിര്‍വീര്യമാക്കപ്പെടുകയായിരുന്നു. ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള വഴികളില്‍ ഭരണകൂടങ്ങള്‍ തീര്‍ത്ത പ്രതിരോധങ്ങള്‍ പക്ഷേ എന്തിനേയും നേരിടാനുള്ള ചങ്കുറപ്പാണ് സമരക്കാര്‍ക്ക് സമ്മാനിച്ചത്. അത്‌കൊണ്ടുതന്നെ ഋതുഭേദങ്ങളില്‍ മാറിമറിഞ്ഞുവന്ന മരംകോച്ചുന്ന തണുപ്പിനും കഠിനമായ ചൂടിനുമെല്ലാം അവരുടെ പോരാട്ടവീര്യത്തിനുമുന്നില്‍ മുട്ടുമടക്കേണ്ടിവന്നു. അന്നമൂട്ടുന്നവരുടെ സമരം രാജ്യം ഒന്നാകെ ഏറ്റെടുക്കുന്നതാണ് പിന്നീട് കാണാന്‍ സാധിച്ചത്. കഴിഞ്ഞവര്‍ഷം നവംബര്‍ മാസത്തില്‍ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി നടന്ന പണിമുടക്കില്‍ 250 ദശലക്ഷം തൊഴിലാളികളാണ് പങ്കെടുത്തത്.

സമരത്തിനു ലഭിക്കുന്ന പിന്തുണയും സമരക്കാരുടെ വര്‍ധിതവീര്യവും മോദി സര്‍ക്കാറിനെ ഭയപ്പെടുത്തുകയും തുടക്കത്തില്‍ സമരത്തോട് മുഖംതിരിഞ്ഞുനിന്ന ഭരണകൂടം കാര്യങ്ങള്‍ കൈപ്പിടിയിലൊതുങ്ങില്ലെന്ന ഘട്ടമെത്തിയപ്പോള്‍ അനുനയത്തിന്റെ പാതയിലേക്ക് മാറുകയും ചെയ്തു. തല്‍ഫലമായി തുടര്‍ച്ചയായ ദിവസങ്ങളില്‍ കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തുകയും നിയമങ്ങളില്‍ ഭേദഗതി ആവാമെന്ന നിലപാടിലെത്തുകയും ചെയ്തു. എന്നാല്‍ കരിനിയമങ്ങള്‍ പിന്‍വലിക്കുക എന്നതില്‍ കുറഞ്ഞതൊന്നുകൊണ്ടും തങ്ങള്‍ പിന്തിരിയില്ല എന്ന ഉറച്ച നിലപാടുമായി കര്‍ഷക സംഘടനകള്‍ മുന്നോട്ടുപോവുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗങ്ങളില്‍ സര്‍ക്കാറിന്റെ വിരുന്നു സല്‍ക്കാരം പോലും ഉപേക്ഷിച്ച് തങ്ങളുടെ നിലപാടുകളിലെ വ്യക്തത അവര്‍ ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. ഒരു നിലക്കും കര്‍ഷകര്‍ വഴങ്ങില്ലെന്നുറപ്പായപ്പോള്‍ സമരം പൊളിക്കാനുള്ള നിഗൂഢ ശ്രമങ്ങളുമായി സര്‍ക്കാര്‍ രംഗത്തിറങ്ങിയെങ്കിലും അതും വൃഥാവിലാവുകയായിരുന്നു. ഏതായാലും ഭരണകൂടമൊരുക്കിയ പത്മവ്യൂഹത്തിനുമുന്നില്‍ തോറ്റുകൊടുക്കാന്‍ മനസ്സില്ലെന്ന പ്രഖ്യാപനമാണ് നാളത്തെ ഭാരതബന്ദിലൂടെ കര്‍ഷകര്‍ പ്രഖ്യാപിക്കുന്നത്. ബി.എം.എസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പിന്തുണയുമായെത്തിയ സാഹചര്യത്തില്‍ ഒരു പകല്‍ രാജ്യം നിശ്ചലമാകുമെന്നുറപ്പായിരിക്കുകയാണ്.

ഭാരതബന്ദിന്റെ പശ്ചാലത്തില്‍ കര്‍ഷക സമരത്തിന്റെ രാഷട്രീയം രാജ്യത്ത് കൂടുതല്‍ ചര്‍ച്ചാ വിഷയമായിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാറിന്റെ കരിനിയമങ്ങള്‍ക്കെതിരെ ആരംഭിച്ച സമരം അതേ സര്‍ക്കാറിനെ ഭരണത്തില്‍ നിന്നു താഴെ ഇറക്കുക എന്ന വിശാല രാഷ്ട്രീയ ലക്ഷ്യത്തിലേക്ക് പരിവര്‍ത്തിക്കപ്പെട്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാറിന്റെ വര്‍ഗീയ ധ്രുവീകരണത്തേയും കോര്‍പറേറ്റ് അനുകൂല നിലപാടുകളേയും അഡ്രസ് ചെയ്യാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് തുടക്കത്തില്‍ തെളിയിക്കാന്‍ കര്‍ഷകര്‍ക്ക് സാധിച്ചിരിക്കുകയാണ്. അത്‌കൊണ്ടുതന്നെ ഈ പോരാട്ടത്തിന് സ്വാഭാവികമായും പുതിയ മാനവും കൈവന്നിട്ടുണ്ട്്. ലോക്‌സഭാതെരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്‌സലായി കരുതപ്പെടുന്ന യു.പി നിയമസഭാതെരഞ്ഞെടുപ്പില്‍ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുന്നത് തടയുക എന്നതാണ് അവരുടെ പുതിയ ലക്ഷ്യം.

ഇതിനായി കര്‍ഷകര്‍ ഗോഥയിലിറങ്ങുകയും റാലികളിലൂടെയും മറ്റും സംസ്ഥാനത്ത് സാന്നിധ്യമറിയിക്കുകയും ചെയ്തിരിക്കുകയാണ്. അധികാരത്തിലേറിയതുമുതല്‍ ന്യൂനപക്ഷ, ദലിത് വിഭാഗങ്ങളോടുള്ള ക്രൂരതകൊണ്ട് മാത്രം വാര്‍ത്തകളിലിടംപിടിച്ച യു.പിയില്‍ കര്‍ഷക കൂട്ടായ്മയുടെ സാന്നിധ്യം ബി.ജെ.പിയെ തുടക്കത്തില്‍ തന്നെ അലോസരപ്പെടുത്തിയിരിക്കുകയാണ്. ആള്‍ക്കൂട്ട കൊലപാതകങ്ങളും സ്ത്രീ പീഡനങ്ങളുമൊന്നും വാര്‍ത്ത പോലുമല്ലാതായിമാറിയ സംസ്ഥാനത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ ദൗര്‍ബല്യം കാരണം ഇത്തവണയും കഴിഞ്ഞ പ്രാവശ്യത്തേപ്പോലെ മികച്ച പ്രകടനം സ്വപ്‌നംകണ്ടുകൊണ്ടിരുന്ന യോഗിക്കും കൂട്ടര്‍ക്കും കര്‍ഷകരുടെ കടന്നുവരവ് അപ്രതീക്ഷിത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. മായാവതിയേയും അഖിലേഷ് യാദവിനേയുമെല്ലാം തങ്ങളുടെ സ്ഥിരം വോട്ടു ബാങ്കുകള്‍ കൈവിടുകയും കോണ്‍ഗ്രസ് സ്വാധീനം തിരിച്ചുപിടിക്കാന്‍ കഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ശക്തമായ നീക്കങ്ങളിലൂടെ യു.പിയില്‍ സ്വാധീനമുറപ്പിക്കാനും ബി.ജെ.പിക്ക് കനത്തവെല്ലുവിളി സൃഷ്ടിക്കാനും കര്‍ഷകര്‍ക്ക് സാധിക്കുമെന്നുതന്നെയാണ് വിലയിരുത്തപ്പെടുന്നത്. പ്രധാനമന്ത്രി ലേക്‌സഭയില്‍ പ്രതിനിധീകരിക്കുന്നത് ഉത്തര്‍പ്രദേശിലെ വരാണസി മണ്ഡലമാണെന്നതും കര്‍ഷകരുടെ പോരാട്ടത്തിന്റെ വീര്യം വര്‍ധിപ്പിക്കും.

മോദി സര്‍ക്കാറിന്റെ കോര്‍പറേറ്റ് അനുകൂലനിലപാടുകളോടും തുറന്ന യുദ്ധമാണ് കര്‍ഷകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ഒരു കര്‍ഷകനും ആഗ്രഹിക്കാത്ത, അവര്‍ക്ക് ഒരു ഗുണവും ലഭിക്കാത്ത ഈ കരിനിയമങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവന്നത് കോര്‍പറേറ്റുകള്‍ക്കുവേണ്ടിമാത്രമാണ് എന്നതാണ് കര്‍ഷകരുടെ ആരോപണം. അതിനാല്‍ കോര്‍പറേറ്റുകള്‍ക്കുവേണ്ടി മാത്രം രൂപപ്പെടുത്തിയ സര്‍ക്കാറിന്റെ പുതിയ തൊഴില്‍ നിയമങ്ങളിലും പൊതുമേഖലാസ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിലുമെല്ലാം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന തൊഴിലാളികളും ചെറുകിട വ്യാപാരികളും വ്യവസായികളുമെല്ലാം കര്‍ഷക കൂട്ടായ്മയോട് ചേര്‍ന്നുനില്‍ക്കുകയാണ്. കര്‍ഷകരുടെ ഭാരത ബന്ദിന് ഐക്യദാര്‍ഢ്യവുമായി ഈ വിഭാഗങ്ങളെല്ലാം രംഗത്തുവന്നിരിക്കുന്നത് ആ ഐക്യപ്പെടലിന്റെ ഉദാഹരണമാണ്. ചുരുക്കത്തില്‍ ഇക്കാലമത്രയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കീഴിലായി നിലകൊണ്ട കര്‍ഷകര്‍ തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ നേരിട്ടുതന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിലും ഭക്ഷ്യ സുരക്ഷയിലുമെല്ലാം നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന തങ്ങളുടെ പ്രശ്‌നങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ടകളില്‍ കാര്യമായി ഇടംപിടിക്കുന്നില്ല എന്ന തിരിച്ചറിവാണ് സ്വയംസംഘടിക്കുന്നതിലേക്കും രാഷ്ട്രീയ ശക്തിയായി മാറുന്നതിലേക്കും അവരെ എത്തിച്ചത്. എന്നാല്‍ ഈ നീക്കം ആര്‍ക്കും അവഗണിക്കാന്‍ സാധിക്കാത്തവിധം ശക്തിപ്പെട്ടു എന്നു മാത്രമല്ല രാജ്യത്തെ വര്‍ഗീയ ഫാസിസ്റ്റുകളില്‍ നിന്ന് മോചിപ്പിച്ചെടുക്കാനുള്ള രാഷ്ട്രീയ നീക്കംകൂടിയായി മാറുന്നു എന്നതാണ് ഏറ്റവും കൗതുകകരം. വര്‍ഗീയ ഫാസിസം പത്തിവിടര്‍ത്തി ആടുമ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള മതേതര കൂട്ടായ്മകള്‍ പലതിലും തട്ടി തകര്‍ന്നുപോകുമ്പോള്‍ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുകയാണ് കര്‍ഷക സമരവും കര്‍ഷക കൂട്ടായ്മയും.

 

 

web desk 3: