X

പാര്‍ലിമെന്ററി സംഘം ശൈഖ് മുഹമ്മദ് ബിന്‍ സായിദുമായി കൂടിക്കാഴ്ച നടത്തി

ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം യുഎഇയിലെത്തിയ ഇന്ത്യന്‍ പാര്‍ലിമെന്ററി സംഘം അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.

ലോക സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൂടിക്കാഴ്ച്ച നടത്തിയത്.ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാണെന്നും കൂടുതല്‍ മേഖലകളില്‍ സഹകരണസംവിധാനങ്ങള്‍ ഉറപ്പാക്കുമെന്നും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് വ്യക്തമാക്കി.

35ലക്ഷത്തോളം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന യുഎഇയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വാണിജ്യ-നിക്ഷേപ മേഖലകള്‍ വരുംനാളുകളില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്ന് ഇരുവരും പറഞ്ഞു.

എംപിമാരായ സുഷില്‍ കുമാര്‍ മോഡി, റാംകുമാര്‍ വര്‍മ്മ, എംകെ വിഷ്ണുപ്രസാദ്, ശങ്കര്‍ ലാല്‍വാനി, സുജയ് രാധാകൃഷ്ണ, പി രവീന്ദ്രനാഥ്, ഫൗസിയ തഹ്സീന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു.യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ പ്രത്യേക സെഷനിലും പാര്‍ലിമെന്ററി സംഘം പങ്കെടുത്തു. എഫ്എന്‍സി സ്പീക്കര്‍ സഖര്‍ അല്‍ ഗോബാഷ് സ്വീകരിച്ചു.
യുഎഇ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ സംഘത്തെ അനുഗമിച്ചു.

web desk 3: