X

റേഷന്‍ വിതരണ ശൃഖലയും സ്വകാര്യ മേഖലക്ക് തീറെഴുതുന്നു

പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലക്ക് നല്‍കുന്നതിനോടൊപ്പം പാവങ്ങള്‍ക്ക് ആശ്രയമായിരുന്ന റേഷന്‍ വിതരണ ശൃഖലയും കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കപ്പെടുന്നു. രാജ്യത്ത് റേഷന്‍ വിതരണ സംവിധാനംഅടിമുടി മാറ്റാനൊരുങ്ങിക്കൊണ്ടാണ് ഇതിന് വേണ്ട നീക്കം നടക്കുന്നത്. കൃഷിയടക്കമുള്ള ഉല്‍പ്പാദന മേഖലയെ പ്രതികൂലമായി ബാധിക്കുകയും കുത്തകകള്‍ക്ക് ഗുണം ചെയ്യുന്നതുമായിരിക്കും പുതിയ റേഷന്‍ പരിഷ്‌ക്കരണം എന്ന അഭിപ്രായമാണ് ഉയരുന്നത്. അനര്‍ഹരായവരെ കണ്ടെത്തി ഒഴിവാക്കുന്നതിന്റെ മറവില്‍ സാധാരണ റേഷന്‍ ഉപഭോക്താക്കളേയും ഒഴിവാക്കപെടും എന്ന സ്ഥിതിയാണ്. പൊതു വിതരണ സംവിധാനത്തിലൂടെ റേഷന്‍ ലഭിക്കാതെ വരുമ്പോള്‍ ഓപ്പണ്‍ മാര്‍ക്കറ്റുകളെ ആശ്രയിക്കേണ്ടി വരും. ഇത് വിലകയറ്റത്തിന് ഇടയായി വരുകയും ഭക്ഷ്യമേഖല സ്വകാര്യ കുത്തകകള്‍ കൈവശം വെക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ നിയന്ത്രണം ഈ കോര്‍പ്പറേറ്റുകളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതോടൊപ്പം വിതരണ മേഖല കൂടി ഇവരുടെ നിയന്ത്രണത്തിലാകും. റേഷന്‍ വിതരണ സംവിധാനങ്ങളിലൂടെ നല്‍കുന്ന റേഷന്‍ വിഹിതം വെട്ടികുറച്ചു നല്‍കുന്നതിന്റെ ഗുണങ്ങളും ഇവര്‍ക്ക് അനുകൂലമായി മാറും. അര്‍ഹരായവര്‍ക്ക് മാത്രം റേഷന്‍ ലഭ്യമാക്കും വിധം റേഷന്‍ നടപടിക്രമങ്ങള്‍ പരിഷ്‌കരിക്കുവാന്‍ കേന്ദ്ര ഭക്ഷ്യ പൊതു വിതരണ മന്ത്രാലയം എടുത്ത തീരുമാനം ജനത്തെ ദുരിതത്തിലാക്കും.

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം കേരളത്തില്‍ 40 ശതമാനത്തിലും താഴെയാണ് പ്രയോര്‍ട്ടി വിഭാഗം ഉപഭോക്താക്കള്‍ എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ കാര്‍ഡ് ഉടമകളായ 80 ശതമാനം പേരും ഇപ്പോള്‍ മുന്‍ഗണനാ റേഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗം ആളുകളും സാമ്പത്തികമായി ഉയര്‍ന്ന നിലവാരത്തിലുള്ളവരാണ്. ഇത് മുന്നില്‍കണ്ടുകൊണ്ടുള്ള പരിഷ്‌കാരങ്ങളാണ് അധികൃതര്‍ നടപ്പാക്കുന്നത്. എല്ലാവര്‍ക്കും റേഷന്‍ നല്‍കുന്നതിന് പകരം ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് മാത്രമായി കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ പരിമിതപെടുത്തിയിരുന്നു.ഇത് വീണ്ടും വെട്ടി കുറക്കാനാണ് ഇപ്പോഴുള്ള നീക്കങ്ങള്‍.

ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം സെക്രട്ടറി വിവിധ സംസ്ഥാനങ്ങളുമായി കഴിഞ്ഞ ആറ് മാസമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഇതിന്റെ പ്രാരംഭ ദിശയില്‍ തന്നെ സംസ്ഥാനത്തെ പ്രമുഖ റേഷന്‍ വ്യാപാര സംഘടനയായ ആള്‍ കേരളാ റീട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധങ്ങള്‍ അറിയിച്ചിരുന്നതാണ്. റേഷന്‍ കടകളുടെ സ്‌ക്വയര്‍ഫീറ്റ് അളവും എത്ര ക്വിന്റല്‍ ഭക്ഷ്യധാനങ്ങള്‍ സ്‌റ്റോക്ക് ചെയ്യാമെന്നുള്ള കണക്കുകളൊക്കെ ഇതിനകം ശേഖരിച്ചു വെച്ചിട്ടുണ്ട്. ഗോഡൗണുകളില്‍ നിന്നും റേഷന്‍ കടകളിലേക്കുള്ള ദൂര പരിധിയും അധികൃതര്‍ തിട്ടപ്പെടുത്തിയിരിക്കയാണ്. ഗോഡൗണുകളുടെ സ്ഥല സൗകര്യങ്ങളും കയറ്റിറക്ക് സംവിധാനങ്ങളും വിലയിരുത്തിയിട്ടുണ്ട്. സ്വകാര്യവല്‍ക്കരണം എന്നത് തല്‍ക്കാലം രഹസ്യമാക്കി വെച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടക്കുന്നത്.

ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കണക്കനുസരിച്ച് ‘ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് (ഒഎന്‍ഒആര്‍സി) പദ്ധതി 2020 ഡിസംബര്‍ വരെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 32 ഏരിയകളില്‍ നടപ്പിലാക്കിയിട്ടുണ്ട്. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന് കീഴില്‍ ജനസംഖ്യയുടെ 86 ശതമാനത്തോളം വരുന്ന 69 കോടി ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ടെങ്കിലും രാജ്യത്ത് മറ്റെല്ലാമേഖലയിലേ സ്വകാര്യവല്‍ക്കരണത്തേക്കാള്‍ ഏറെ പ്രതികൂലമായി ബാധിക്കും .

 

web desk 3: