X

സ്‌കൂള്‍ പാചകപ്പുര നിര്‍മ്മാണം;സ്‌കൂളുകള്‍ക്കു നല്‍കി തിരിച്ചെടുത്ത 137 കോടി എവിടെ?

സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന 3031 സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് കിച്ചണ്‍ കം സ്‌റ്റോര്‍ നിര്‍മ്മിക്കുന്നതിനുള്ള 137.66 കോടി രൂപയുടെ പദ്ധതി എങ്ങുമെത്തിയില്ല.നാല് വ്യത്യസ്ത പ്ലിന്ത് ഏരിയകളിലായി നിര്‍മ്മിക്കുന്നതിന് 1 മുതല്‍ 100 കുട്ടികള്‍ പഠിക്കുന്ന ഒരു വിദ്യാലയത്തിന് യഥാക്രമം 6 ലക്ഷവും, 101 മുതല്‍ 200 വരെ 7,12,992 രൂപയും 201 മുതല്‍ 300 വരെ 7,70,000 രൂപയും 300 ന് മുകളില്‍ 8,58,976 രൂപയുമാണ് അനുവദിച്ചത്. 60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവും ചെലവഴിച്ചുള്ള പദ്ധതിയില്‍, 2019 ല്‍ നടന്ന വിവരശേഖരണ പ്രകാരമാണ് സ്‌കൂളുകള്‍ തെരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 19 ന് കേന്ദ്രംവിളിച്ച യോഗത്തില്‍, ഡിസംബര്‍ 31 നകം പണിപൂര്‍ത്തീകരിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ ആസൂത്രണങ്ങള്‍ ഒരുക്കാതെ പദ്ധതി നഷ്ടപ്പെടുമെന്നുകണ്ട് സാമ്പത്തിക വര്‍ഷാവസാനമായ കഴിഞ്ഞ മാര്‍ച്ച് 19 ന് തിടുക്കപ്പെട്ട് നിര്‍മ്മാണ തുക വിദ്യാഭ്യാസ ഡയറക്ടര്‍ മുഖേന സ്‌കൂളുകള്‍ക്കു നല്‍കുന്നതിനായി ഉത്തരവിറക്കി. സ്‌കൂള്‍ പി.ടി.എ യുടെ നേതൃത്വത്തില്‍ വാര്‍ഡ് മെമ്പര്‍, പിടിഎ പ്രസിഡണ്ടന്റ്, എസ്.എം.സി ചെയര്‍മാന്‍, പ്രധാനാധ്യാപകന്‍, ഉച്ചഭക്ഷണ കമ്മിറ്റി അംഗങ്ങളായ രണ്ട് അധ്യാപകര്‍, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ പൊതുമരാമത്ത് എഞ്ചിനീയര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട നിര്‍മ്മാണ കമ്മിറ്റികള്‍ രൂപീകരിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ മേല്‍നോട്ടത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായിരുന്നു നിര്‍ദ്ദേശം.

2021 ഏപ്രില്‍ 30ന് നിര്‍മാണം പൂര്‍ത്തീകരിച്ച് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്, ധനവിനിയോഗപത്രം എന്നിവ മെയ് 15 നുള്ളില്‍ അഡ്വാന്‍സ് തുക തീര്‍പ്പാക്കണമെന്ന് കര്‍ശന വ്യവസ്ഥയിലാണ് മാര്‍ച്ച് മാസം മുന്‍കൂറായി മാറി സ്‌കൂളുകളുടെ സ്‌പെഷ്യല്‍ ടിഎസ്ബി അക്കൗണ്ടില്‍ നിക്ഷേപിക്കാനായി തുക നല്‍കിയത്. എന്നാല്‍ മാര്‍ച്ച് 15ന് ശേഷം സ്‌പെഷ്യല്‍ ടിഎസ്ബി അക്കൗണ്ടില്‍ തുക മാറ്റുന്നതിന് ട്രഷറികള്‍ക്ക് നിയന്ത്രണം ഉണ്ടായിരുന്നു. തുടര്‍ന്ന് പ്രത്യേക ഉത്തരവ് വഴി മര്‍ച്ച് 31ന് നിയന്ത്രണം പിന്‍വലിച്ചു. തുടര്‍ന്ന് പ്രധാനഅധ്യാപകര്‍ അന്ന് തന്നെ തുക സ്‌കൂള്‍ സ്‌പെഷ്യല്‍ ടിഎസ്ബി അക്കൗണ്ടിലേക്ക് മാറ്റി.

മാര്‍ച്ച് 31 രാത്രിയോടെ വീണ്ടും എത്തിയ നിര്‍ദ്ദേശം സ്‌പെഷ്യല്‍ ടിഎസ്ബി അക്കൗണ്ടില്‍ നിക്ഷേപിച്ച തുകയും സാമ്പത്തിക വര്‍ഷാവസാനമായ മര്‍ച്ച് 31നുശേഷം സര്‍ക്കാര്‍ ഖജനാവിലേക്ക് തിരിച്ചെടുക്കുമെന്നും തുക സറണ്ടര്‍ ചെയ്യാതെ തന്നെ ട്രഷറിയില്‍ ഇതിനോടകം ഇ സബ്മിറ്റ് ചെയ്ത ബില്ലുകള്‍ ക്യാന്‍സല്‍ ചെയ്യുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുകയും തുക ലാപ്‌സ് ആകാതിരിക്കുന്നതിനായി ഇ ലാംസി (ഇലട്രോണിക് ലഡ്ജര്‍ അക്കൗണ്ട് മോണിറ്ററിംഗ് സിസ്റ്റം) ലേക്ക് പോസ്റ്റ് ചെയ്യുവാനാണ് ധനകാര്യ വകുപ്പ് തീരുമാനിച്ചിട്ടുള്ളതെന്നുമാണ്. ഇപ്രകാരം മാറ്റുന്ന തുക സാങ്കേതിക പ്രശ്‌നങ്ങള്‍ ഇല്ലാതെ 2021 ഏപ്രില്‍ 15ന് ശേഷം സ്‌കൂളുകള്‍ക്ക് തിരിച്ച് നല്‍കും എന്നും നിര്‍മ്മാണം സംബന്ധിച്ച് കാര്യങ്ങള്‍ പിടിഎ യ്ക്ക് വ്യക്തമായ നിര്‍ദ്ദേശം നല്‍കും എന്നും പറഞ്ഞു. അഞ്ച് മാസം പിന്നിട്ട് സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, സ്‌കൂള്‍ അടുക്കള നിര്‍മ്മാണം സംബന്ധിച്ച കാര്യങ്ങള്‍ എങ്ങുമെത്തിയില്ല.

 

web desk 3: