X

മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂരിൻ്റെ അഴിഞ്ഞാട്ടം; പ്രതിഷേധം അതിശക്തം

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കല്ലിയൂരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകവെ ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകരെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസ് സംഘം പിടിച്ച് മാറ്റിയിരുന്നു.

മറ്റൊരു ക്രമസമാധാന പ്രശ്‌നത്തിനും സാധ്യതയില്ലാത്ത വിധം പ്രതിഷേധക്കാരെ പൊലീസ് പിടിച്ച് മാറ്റി അവരുടെ നിയന്ത്രണത്തിലാക്കിയതിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കല്ലിയൂരിന്റെ നേതൃത്വത്തിലുള്ള മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ ക്രൂരമായി ആക്രമിച്ചത്.

പൊലീസുകാര്‍ പിടിച്ചുവച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകരെ അരൂര്‍ എസ്‌ഐയെ പിടിച്ച് തള്ളിയതിന് ശേഷം അനില്‍ കല്ലിയൂരാണ് ക്രൂരമായ മര്‍ദ്ദനം ആദ്യം അഴിച്ച് വിടുന്നത്.

പിന്നീട് മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ നിലത്തുവീണു പോയ യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകരെ വളഞ്ഞിട്ട് അതിക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ അടക്കം പങ്കുവച്ച് സോഷ്യല്‍ മീഡിയയിലും മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരായ പ്രതിഷേധം വ്യാപകമാകുകയാണ്.

വ്യഴാഴ്ച മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കിയ യൂത്ത്‌കോണ്‍ഗ്രസ് സെക്രട്ടറി അജയ് ജൂവല്‍ കുര്യാക്കോസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിനിടെ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്തെത്തി.

മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും യാത്ര കുട്ടികളുടെ തല തല്ലിപ്പൊളിക്കുന്നുവെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു. ഇത് കേട്ടിട്ടില്ലാത്ത രീതിയാണെന്നും ചങ്ങലക്ക് ഭ്രാന്ത് പിടിച്ചുവെന്നും വേണുഗോപാല്‍ വിമര്‍ശിച്ചു.

ഓടിച്ചിട്ട് തലതല്ലിപ്പൊളിക്കുന്നത് എവിടുത്തെ രീതിയാണെന്ന് ചോദിച്ച കെ സി വേണുഗോപാല്‍ തല്ലുന്നതിന് പൊലീസ് കാവല്‍ നില്‍ക്കുന്നുവെന്നും കുറ്റപ്പെടുത്തി. എല്ലാക്കാലത്തും പിണറായി ആവില്ല മുഖ്യമന്ത്രിയെന്ന് പൊലീസുകാര്‍ ഓര്‍മ്മിക്കണമെന്നും വേണുഗോപാല്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി. മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്നും മന്ത്രിമാര്‍ കൃത്യസമയത്ത് മരുന്ന് നല്‍കണമെന്നുമായിരുന്നു വി ഡി സതീശന്റെ വിമര്‍ശനം. ക്രിമിനലും സാഡിസ്റ്റുമാണ് മുഖ്യമന്ത്രിയെന്നും സതീശന്‍ കുറ്റപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച ഗണ്‍മാന്‍മാര്‍ നാട്ടിലിറങ്ങി നടക്കില്ലെന്നും വി ഡി സതീശന്‍ മുന്നറിയിപ്പ് നല്‍കി.

യൂത്ത്‌കോണ്‍ഗ്രസുകാരെ മര്‍ദിച്ച സുരക്ഷ ഉദ്യോഗസ്ഥരെ നേരിടും. അവരുടെ വീടും നാടും ഞങ്ങള്‍ക്കറിയാം. കോണ്‍ഗ്രസുകാര്‍ വിചാരിച്ചാല്‍ അവര്‍ നാട്ടിലിറങ്ങി നടക്കില്ല. രക്ഷാപ്രവര്‍ത്തനം കോണ്‍ഗ്രസുകാരും നടത്തുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

 

webdesk13: