X

ഹജ്ജിന്റെ കർമ്മങ്ങൾക്ക് നാളെ തുടക്കം വിശ്വാസി ലക്ഷങ്ങൾ നാളെ മിനായിലേക്ക്

അഷ്‌റഫ് വേങ്ങാട്ട്

മക്ക : ആഗോള മുസ്ലിം സമൂഹത്തിന്റെ മഹാ സംഗമത്തിന് തമ്പുകളുടെ നഗരിയിൽ തിങ്കളാഴ്ച്ച തുടക്കം. വിശുദ്ധ ഹജ്ജിന്റെ കർമ്മങ്ങളിൽ വ്യാപൃതരാവാൻ തീർത്ഥാടക ലക്ഷങ്ങൾ നാളെ (ദുൽഹജ്ജ് ഏഴ്) വൈകീട്ടോടെ മിനായിലേക്ക് നീങ്ങും. തൽബിയത്തിന്റെ മാസ്മരിക ധ്വനികളാൽ മുഖരിതമായ മിനാ താഴ് വര ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ അല്ലാഹുവിന്റെ അതിഥികളെ ആദരപൂർവം വരവേൽക്കും.

ദശലക്ഷങ്ങളുടെ പാദസ്പർശമേറ്റ് പുളകം കൊണ്ട മിനായുടെ ശുഭ്ര വീഥികൾ ചരിത്രത്തിന്റെ ആവർത്തനണമെന്നോണം ദുൽഹജ്ജ് ഏഴായ നാളെ രാത്രിയോടെ തന്നെ തൂവെള്ള വസ്‌ത്രധാരികളായ തീർത്ഥാടകരെ കൊണ്ട് നിറഞ്ഞുകവിയും. ഹജ്ജിന്റെ ചരിത്രത്തിൽ ഏറ്റവുമധികം തീർത്ഥാടക പങ്കാളിത്തവും വിപുലമായ ഒരുക്കങ്ങൾ കൊണ്ടും ശ്രദ്ധേയമായ ഇക്കൊല്ലത്തെ ഹജ്ജ് കർമ്മങ്ങൾക്ക് സഊദിയിൽ ദുൽഹജ്ജ് എട്ടായ തിങ്കളാഴ്ച്ചയാണ് തുടക്കമാവുക.

തർവിയ്യത്ത് ദിനമായ തിങ്കളാഴ്ച്ച രാവിലെയോടെ മുഴുവൻ തീർത്ഥാടകരും മിനായിൽ തങ്ങൾക്കനുവദിച്ച ടെന്റുകളിലെത്തും. ഹജ്ജിന് വേണ്ടി ഇഹ്‌റാമിൽ പ്രവേശിച്ചാണ് മക്കയിലെ താമസ കേന്ദ്രങ്ങളിൽ നിന്ന് ഹാജിമാരെത്തുക. തീർത്ഥാടകർ തിങ്കളാഴ്ച്ച പകലും രാത്രിയും മിനായിൽ ആരാധന കർമങ്ങളിൽ മുഴുകി ഇഹപര ജീവിത വിജയത്തിനായി നാഥന്റെ മുമ്പിൽ മനസ്സും ശരീരവും സമർപ്പിക്കും. നാഥന്റെ പ്രീതിയും പാപമോചനവും തേടിയെത്തിയവരുടെ കണ്ണീർതുള്ളികൾ പുണ്യഭൂമിയിൽ ചാലിട്ടൊഴുകും.

ഹജ്ജിന്റെ സുപ്രധാന കർമ്മമായ അറഫാ സംഗമം ദുൽഹജ്ജ് ഒമ്പതായ ചൊവ്വാഴ്ചയാണ്. മിനായിൽ നിന്ന് തിങ്കളാഴ്ച്ച രാത്രിയോടെ തന്നെ തീർത്ഥാടകർ അറഫയിലേക്ക് നീങ്ങിത്തുടങ്ങും. അറഫാ സംഗമത്തിൽ സഊദി ശൂറാ കൗൺസിൽ അംഗവും മുതിർന്ന ശൈഖ് ഡോ. യുസുഫ് ബിൻ മുഹമ്മദ് ബിൻ സയിദ്‌ ആയിരിക്കും ഖുതുബക്കും നിസ്‌കാരത്തിനും നേതൃത്വം നൽകുക.

സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ സൽമാൻ രാജാവിന്റേയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നേതൃത്വത്തിൽ വിവിധ മന്ത്രാലയങ്ങളുടെ ഏകോപനത്തിലൂടെ പുണ്യകർമ്മം പരമാവധി ആയാസരഹിതമാക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കുകയും ഇരുപത് ലക്ഷത്തിലധികം വരുന്ന തീർത്ഥാടകർക്ക് സാധ്യമാകുന്ന എല്ലാ സേവനങ്ങളും ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.

webdesk13: