X

മെസിയും സഹകളിക്കാരും ഖത്തറില്‍ താമസിച്ച മുറി ഇനി മ്യൂസിയം

അശ്‌റഫ് തൂണേരി

ദോഹ: ഇരുപത്തിരണ്ടാമത് ഖത്തര്‍ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ വേളയില്‍ അര്‍ജന്റീനന്‍ ക്യാപ്റ്റന്‍ ലിയണല്‍ മെസിയും സംഘവും താമസിച്ചിരുന്ന മുറികള്‍ മ്യൂസിയമാക്കി പ്രഖ്യാപിച്ച് ഖത്തര്‍ സര്‍വ്വകലാശാല. ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കി ഔദ്യോഗികമായി അറിയിപ്പ് ഖത്തര്‍ സര്‍വകലാശാല പുറത്തുവിട്ടത്.

ടൂര്‍ണമെന്റ് വേളയില്‍ മെസിയും സഹകളിക്കാരും 29 ദിവസം താമസിച്ചിരുന്ന മുറിയാണ് മ്യൂസിയമാവുക. ഇതിനകം വിവിധ ചിത്രങ്ങളാലും ചാമ്പ്യന്മാരുടെ പോസ്റ്ററുകളാലും മുറികള്‍ അലങ്കരിച്ചിട്ടുണ്ട്. ഖത്തറിന്റേയും അര്‍ജന്‍ീനയുടേയും പതാകയുമുണ്ട്.

വിവിധ ജഴ്‌സികളും ഓട്ടോഗ്രാഫും സൂക്ഷിച്ചിട്ടുണ്ട്. ഒരു മുറിയില്‍ മെസ്സി മാത്രം ഭൂരിഭാഗം ദിവസവും കഴിഞ്ഞിരുന്നു. ഈ മുറി പ്രത്യേകമായി അലങ്കരിച്ചിട്ടുണ്ട്. പിന്നീട് ടീമിനൊപ്പം ചേര്‍ന്ന മുന്‍ താരം സെര്‍ജിയോ അഗ്യൂറോയും മെസിയോടൊപ്പം ഈ മുറിയില്‍ ഉണ്ടായിരുന്നു. സ്വന്തം നാട്ടിലെ അതേ അവസ്ഥയും സൗകര്യങ്ങളുമായിരുന്നു ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ മെസിക്കും സംഘത്തിനും ഒരുക്കിയിരുന്നത്. മുഴുവന്‍ മുറികളും അര്‍ജന്റീന പതാകയുടെ നിറത്തിലേക്ക് മാറ്റി. കളിക്കാരുടെ ജഴ്‌സികള്‍ കൊണ്ട് ചുവരുകളും അലങ്കരിച്ചിരുന്നു. സ്പാനിഷ് ഭാഷയില്‍ കളിക്കാര്‍ക്ക് സ്വാഗതമോതിയുള്ള ബോര്‍ഡും സ്ഥാപിച്ചിരുന്നു. ഇന്‍ഡോര്‍ ജിമ്മിന് പുറമെ ഔട്ട്‌ഡോര്‍ സ്‌പോര്‍ട്‌സ് പരിശീലിക്കാന്‍ സൗകര്യമൊരുക്കുന്ന മൂന്ന് സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളും ഖത്തര്‍ യൂണിവേഴ്‌സിറ്റി ടീമിനായി തയ്യാറാക്കിയിരുന്നു.

webdesk13: