X

ആധ്യാത്മികതയുടെ രസവും രസതന്ത്രവും

Taj Mahal Agra India

ടി.എച്ച് ദാരിമി

വിചിത്രമായ വൈകാരികതയോടെ മതത്തെ സമീപിക്കുന്നവര്‍, മത തത്ത്വങ്ങള്‍ക്ക് വ്യക്തവും പ്രമാണ നിബദ്ധവുമല്ലാത്ത വ്യാഖ്യാനങ്ങള്‍ ചമക്കുന്നവര്‍, പരമപരിശുദ്ധമായി സ്വന്തം ചെയ്തികളെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍, ശ്രദ്ധക്കും ആകര്‍ഷണത്തിനുംവേണ്ടി ബാഹ്യ ചമയങ്ങള്‍ അണിയുന്നവര്‍, ജനങ്ങളില്‍ സ്വയം പൊങ്ങി വ്യതിരിക്തനാകാന്‍ ഉദ്യമിക്കുന്നവര്‍, ഈ പറഞ്ഞതിനെയെല്ലാം പ്രശസ്തിക്കൊപ്പം കീശയും നിറയ്ക്കാന്‍ ദുരുപയോഗം ചെയ്യുന്നവര്‍ തുടങ്ങിയ ഗുണങ്ങളുള്ളപലരും മറ്റെല്ലാ സമൂഹങ്ങളിലുമുള്ളതു പോലെ ഇസ്‌ലാമിക സമൂഹത്തിലും ഉണ്ടായിട്ടുണ്ട്, ഇപ്പോഴും ഉണ്ട്. ഇതിനോട് സമുദായത്തിന്റെ പല തട്ടുകളില്‍നിന്നും പല വിധത്തിലുള്ള നയവും സമീപനവുമാണ് പൊതുവെ ഉണ്ടാവുക. ചിലര്‍ ഇത്തരം വിദ്യകളുടെ പ്രചാരകരും പ്രചോദകരുമായിരിക്കും. അതിനുമുകളില്‍ മറ്റൊരു വിഭാഗം നിസ്സംഗതയുമായി ഞാനൊന്നിനുമില്ല എന്ന നയത്തില്‍ മാറിനില്‍ക്കും. മറ്റൊരു വിഭാഗം ഇത്തരം കള്ളത്തരങ്ങളെ കയ്യോടെ പിടികൂടുകയും വിചാരണ ചെയ്യാന്‍ ധൈര്യപ്പെടുകയും ചെയ്യും. ഓരോന്നിന്റെയും ശരി തെറ്റുകള്‍ തല്‍ക്കാലം അവിടെ നില്‍ക്കട്ടെ, ഇങ്ങനെ നയവൈരുധ്യം ഉണ്ടാകുന്നതോടെ മൊത്തം ആധ്യാത്മകതന്നെ സംശയത്തിന്റെ നിഴലിലാകും. അതിന്റെ ആധികാരികതയും പ്രാമാണികതയും ചോദ്യംചെയ്യപ്പെടും. അതാണ് സത്യത്തില്‍ മുസ്‌ലിം ലോകത്ത് കാണപ്പെടുന്നത്. ആത്മീയത, ആധ്യാത്മികത, സൂഫിസം തുടങ്ങിയ വര്‍ത്തമാനങ്ങള്‍ കേള്‍ക്കുമ്പോഴേക്കുതന്നെ ചിലര്‍ക്കെങ്കിലും ഒരു തരം അസ്‌കിതയും അസ്വസ്ഥതയുമൊക്കെ ഉണ്ടാകുന്നത് ഇതുകൊണ്ടാണ്.

ആധ്യാത്മികത എന്ന് പൊതുവെ വ്യവഹരിക്കപ്പെടുന്ന ആത്മീയത ഇസ്‌ലാമിക ദര്‍ശനത്തിന്റെ അവിഭാജ്യഘടകം തന്നെയാണ്. ഇതു മനസ്സിലാക്കാന്‍ ഉമര്‍(റ) അടക്കം പ്രമുഖ സഹാബികള്‍ ഉദ്ധരിച്ച ഒരു ഹദീസ് മാത്രം മനസ്സിലാക്കിയാല്‍ മതി. നബി(സ)യുടെ സമീപത്ത് മനുഷ്യ രൂപത്തില്‍ ഒരിക്കല്‍ ജിബ്രീല്‍ (അ) വന്ന് ഏതാനും ചോദ്യങ്ങള്‍ ചോദിക്കുന്നു. ആദ്യചോദ്യം ഈമാനിനെ കുറിച്ചായിരുന്നു. അതിന് ഈമാന്‍ കാര്യങ്ങള്‍ ആറും പറഞ്ഞു നബി(സ) മറുപടി നല്‍കി. ജിബ്രീല്‍ അതു ശരിവെക്കുകയുംചെയ്തു. പിന്നീട് ഇസ്‌ലാം കാര്യങ്ങളെ കുറിച്ചായിരുന്നു ചോദ്യം. അതിന് നബി(സ) ഇസ്‌ലാം കാര്യങ്ങള്‍ അഞ്ചും പറഞ്ഞു മറുപടി നല്‍കി. അതും ശരിവെക്കുകയുണ്ടായി മലക്ക്. ചോദ്യങ്ങള്‍ അവസാനിച്ചില്ല. ചിലര്‍ പറയുന്നതുപോലെ വെറും ഈ ആറും അഞ്ചും കാര്യങ്ങളില്‍ ദീനിനെ ചുരുട്ടിക്കെട്ടാമെങ്കില്‍ വീണ്ടുമൊരു ചോദ്യം വേണ്ടിയിരുന്നില്ല. തുടര്‍ന്ന് ജിബ്രീല്‍ ചോദിച്ചത് ഇഹ്‌സാനിനെ കുറിച്ചായിരുന്നു. അതിനും നബി(സ) മറുപടി നല്‍കി. പിന്നെയും ചോദ്യങ്ങള്‍ ഉണ്ടായി. അന്ത്യനാളിനെ കുറിച്ചും അതിന്റെ അടയാളങ്ങളെ കുറിച്ചുമായിരുന്നു അവ. അതിനെല്ലാം നബിയുടെ മറുപടിയും ജിബ്രീലിന്റെ ശരിവെക്കലും കഴിഞ്ഞതിനുശേഷം നബി(സ) പറഞ്ഞു: ദീന്‍ എന്നത് എന്താണ് എന്ന് നിങ്ങള്‍ക്ക് പഠിപ്പിച്ചുതരാന്‍ വന്ന ജിബ്രീലാണ്. ഈ ഹദീസില്‍നിന്ന് വ്യക്തമാണ്, ദീന്‍ എന്നതിന്റെ ഘടകങ്ങളാണ് ഈമാന്‍, ഇസ്‌ലാം, ഇഹ്‌സാന്‍ എന്നീ മൂന്നും എന്ന്.

ഇഹ്‌സാനാണ് മേല്‍പറഞ്ഞ ആത്മീയതയുടെയും തസ്വവ്വുഫിന്റെയുമെല്ലാം അടിസ്ഥാനം. അപ്പോള്‍ ഇഹ്‌സാന്‍ ദീനില്‍പെട്ടതാണ് എങ്കില്‍ അതിനര്‍ഥം തസ്വവ്വുഫ് ദീനില്‍ പെട്ടതാണ് എന്നാകും. അതിനാല്‍ ഇഹ്‌സാന്‍കൂടി ഈ വിവരണത്തില്‍ ഗ്രഹിക്കേണ്ടതുണ്ട്. അല്ലാഹുവിനെ കാണുന്നു എന്ന ഭാവേന അല്ലാഹുവിനെ ആരാധിക്കലാണ് ഇഹ്‌സാന്‍ എന്നാണ് നബി(സ) പറഞ്ഞതും ജിബ്രീല്‍ ശരിവെച്ചതും. അതിന് അല്ലാഹുവിനെ കാണുന്നില്ലല്ലോ എന്നാണെങ്കില്‍ അവന്‍ നിന്നെ തീര്‍ച്ചയായും കാണുന്നുണ്ട് എന്ന് ഓര്‍ക്കണം എന്നുകൂടി ഈ ആശയം സ്ഥിരീകരിക്കാനായി നബി തിരുമേനി പറഞ്ഞിട്ടുണ്ട്. ഇതോടെ ദീനിന്റെ മൂന്ന് ഘടകങ്ങളും ക്രമപ്രവൃദ്ധമായി ക്രമീകൃതങ്ങളായി. അവയില്‍ ഈമാന്‍ കാര്യങ്ങള്‍ വിശ്വസിക്കാനുള്ളതും ഇസ്‌ലാം കാര്യങ്ങള്‍ ചെയ്യാനുള്ളതും ആകുമ്പോള്‍ അവ രണ്ടും പ്രാവര്‍ത്തികമാക്കുന്നതിന് അവലംബിക്കേണ്ട ശരിയും സമ്പൂര്‍ണ്ണവുമായ ശൈലിയും സമീപന രീതിയുമെല്ലാമാണ് ഇഹ്‌സാന്‍. അതായത് വിശ്വസിക്കാന്‍ ഉള്ളതും അനുഷ്ഠിക്കാന്‍ ഉള്ളതുമായ കാര്യങ്ങള്‍ നിവൃത്തി ചെയ്യാനുള്ള ദൈവ നിര്‍ദ്ദിഷ്ട ശൈലിയാണത്. ഉദാഹരണമായി ഈമാന്‍ കാര്യങ്ങളില്‍ മലക്കുകളില്‍ വിശ്വസിക്കുമ്പോള്‍ അതൊരു പരമ്പരാഗത കീഴ്‌വഴക്കം മാത്രമായി കണ്ടുകൂടാ. ഈ വിശ്വാസം ആത്മാര്‍ഥവും സത്യസന്ധവും തന്നെയായിരിക്കണം. അത് ശരിക്കും അല്ലാഹുവാല്‍ നിരീക്ഷിക്കപ്പെടുന്നു എന്ന മാനസിക നിലയില്‍ നിന്ന് ഉല്‍ഭൂതമാകുന്നത് തന്നെയായിരിക്കണം. നമസ്‌കരിക്കുമ്പോള്‍ അതൊരു സാമുദായിക ചുമതല എന്നതിനപ്പുറം സ്രഷ്ടാവിനുമുമ്പില്‍ നേര്‍ക്കുനേര്‍ നിന്നുകൊണ്ടുള്ള അഭിമുഖ സംഭാഷണം തന്നെയായിരിക്കണം. ഈ ശൈലിയിലും രീതിയിലുമുള്ളതല്ലാതെ ഒന്നും സ്വീകരിക്കപ്പെടില്ല എന്നത് ഇസ്‌ലാം ഊന്നിപ്പറയുന്ന കാര്യമാണ്. മേല്‍ വിവരിച്ചതില്‍ നിന്നും ഇഹ്‌സാന്‍ എന്ന ആത്മീയത മനസ്സിന്റെ വ്യാപാരമാണ് എന്നതു വ്യക്തമായി. മനുഷ്യ മനസ്സ് പിടികിട്ടാത്ത അല്‍ഭുതമാണ്. അതിനെ മേല്‍പറഞ്ഞ ഭാവത്തിലേക്ക് കൊണ്ടുവരിക, ആ ഭാവത്തിലായി നിലനിര്‍ത്തുക എന്നതൊന്നും എളുപ്പമല്ല. കാരണം അത്തരം ചിന്തകള്‍ക്ക് തികച്ചും വിരുദ്ധമായ വൈകാരിക ഇഛകളുടെ താവളമാണത്. പൈശാചികമായ ആ ഇഛകളെയെല്ലാം മറികടന്ന് അല്ലാഹുവിന്റെ ദൃഷ്ടിയിലെന്നോണം ജീവിതം മുഴുവനും ജീവിക്കുക എന്നത് പറയുന്നത്‌പോലെ എളുപ്പമുള്ള കാര്യമല്ല. അതിന് നിരന്തരമായ ഉപദേശവും മാനസിക ഇടപെടലുകളുമെല്ലാം വേണ്ടതുണ്ട്. ആദ്യമായി ആത്മീയതയെ ഉദ്ദീപിപ്പിക്കാന്‍ സഹായകമായ ചിട്ടകളും പതിവുകളുംകൊണ്ട് മനസ്സിനെ നിയന്ത്രണവിധേയമാക്കണം. അതിന് മത തത്വങ്ങളെ കുറിച്ചുള്ള ആഴമുള്ള അറിവ് വേണം. അതുകൊണ്ടാണ് ആധ്യാത്മികതക്ക് അടിത്തറയിടേണ്ടത് അറിവുകൊണ്ടാണ് എന്ന് പറയുന്നത്. കാര്യങ്ങളെ ശരിയായ അര്‍ഥത്തില്‍ സമീപിക്കാന്‍ സഹായിക്കുന്ന ഒന്നാണ് അറിവ്. അറിവില്ലാത്ത ആത്മീയതയാണ് മേല്‍പറഞ്ഞ അബദ്ധങ്ങളിലേക്കെല്ലാം ആത്മീയതയെ നയിക്കുന്നത് എന്നതിന് ധാരാളം തെളിവുകളുണ്ട്. ലോക പ്രശസ്തരായ ആധ്യാത്മിക നായകര്‍ ഓരോരുത്തരുടെയും ജീവിതത്തിന്റെ വലിയ പങ്ക് അറിവുതേടാന്‍ നീക്കിവെച്ചതായിരുന്നു. അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) അന്‍പതു വയസ്സുവരെ മുതഅല്ലിമായായിരുന്നു ജീവിച്ചത് എന്ന് അദ്ദേഹത്തിന്റെ ജീവചരിത്രം പറയുന്നു. ഇമാം ഗസ്സാലിയും ഇമാം രിഫാഇയുമൊക്കെ അങ്ങനെ മാത്രമായിരുന്നു ആത്മീയതയിലേക്ക് സ്വന്തം ജീവിതങ്ങളെ പറിച്ചുനട്ടത്.

നബി(സ) യുടെ വാക്കുകളില്‍ ഇഹ്‌സാനെന്ന് വ്യവഹരിക്കപ്പെട്ട ആധ്യാത്മകത താബിഉകളുടെ ആദ്യ കാലത്ത് ക്രമേണ തസ്‌കിയത്ത് എന്ന സംജ്ഞയിലേക്ക് മാറുകയായിരുന്നു. പില്‍ക്കാലത്താണ് ത്വരീഖത്ത്, സൂഫിസം എന്നൊക്കെ ഇതു വിളിക്കപ്പെട്ടത്. ചുരുക്കത്തില്‍ പേരെങ്ങനെ വിളിച്ചാലും മതത്തിന്റെ അനുഷ്ഠാനങ്ങളെ ആത്മനിബദ്ധമാക്കാനുള്ള രീതിശാസ്ത്രമാണ് ഇത്. ഇതുപക്ഷേ എളുപ്പത്തില്‍ സ്വായത്തമാക്കാന്‍ കഴിയില്ല. കൃത്യവും കണിശവുമായ പരിശീലനമുറകള്‍വഴി ക്രമേണ മനസ്സിനെ തിന്മകളില്‍ നിന്ന് അകറ്റുകയും നന്മയോട് അടുപ്പിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ഇതു സാധ്യമാകൂ. ഇത് ഈ കാര്യത്തിന്റെ മാത്രം പ്രത്യേകതയല്ല. മനസ്സുമായി ബന്ധപ്പെട്ട എല്ലാ സമീപനങ്ങളും ഇങ്ങനെയാണ്. മനോരോഗങ്ങള്‍ ചികില്‍സിക്കുന്നവര്‍ മുതല്‍ കൗണ്‍സിലിങ് നടത്തുന്നവര്‍ വരെ ഇപ്രകാരം ക്രമേണയായി മനസിന്റെ നില മാറ്റിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണല്ലോ ചെയ്യുക. ശരിയായ ആത്മീയ ഗുരുക്കള്‍ ഇങ്ങനെയാണ് തങ്ങളുടെ തര്‍ബിയ്യത്ത് നിര്‍വഹിക്കുന്നത്.

ഇത്തരത്തിലുള്ള മാനസികനിലയിലേക്ക് എത്തുന്നതോടെ ആരാധനകള്‍ ആനന്ദങ്ങളായിമാറുന്നു. എല്ലാം മറന്ന് ദൈവത്തില്‍ ലയിച്ചലിഞ്ഞുചേര്‍ന്ന് നില്‍ക്കുമ്പോള്‍ ഒരു സത്യവിശ്വാസി അനുഭവിക്കുക അതുല്യമായ ആനന്ദം തന്നെയാണ്. അതോടെ ആരാധനകള്‍ അവന്റെ വികാരമായിമാറുന്നു. എന്നാല്‍ മേല്‍ സൂചിപ്പിക്കപ്പെട്ട ലക്ഷണങ്ങള്‍ ഉള്ളവരില്‍ പലരും ആരാധനകള്‍ക്കുപകരം തന്റെ ശ്രേഷ്ഠത അതില്‍ നിന്നെല്ലാം തനിക്ക് ഒഴിവുകഴിവ് നല്‍കുന്നു എന്ന് വാദിക്കുന്നതായിപോലും കേട്ടിട്ടുണ്ട്. ശരിയായ അറിവ്, ഭൗതികയോടുള്ള വിരക്തി, മതതത്ത്വങ്ങളുടെ ഉദ്ദേശാര്‍ഥങ്ങളോടുള്ള വിധേയത്വം, നശ്വരതയും അനശ്വരതയും തമ്മിലുള്ള വ്യത്യാസം ഗ്രഹിക്കല്‍, പരബന്ധങ്ങളില്‍ മതചിട്ടക്ക് ഊന്നല്‍ നല്‍കല്‍ തുടങ്ങി ആധ്യാത്മിക ജീവിതചിട്ടകളുടെ പട്ടിക നീണ്ടതാണ്. ഇതെല്ലാം ഇസ്‌ലാമിന്റെ അടിസ്ഥാന താല്‍പര്യങ്ങളുമാണ്. അതിനാല്‍തന്നെ കള്ളനാണയങ്ങളെ ലക്ഷ്യംവെച്ച് കാടടക്കി ആക്രമിക്കുന്നത് ശരിയല്ല. അതേസമയം ആത്മീയതയുടെ പേരിലാണെങ്കില്‍ എന്തും വിഴുങ്ങുന്നതും അംഗീകരിക്കാനാവില്ല. ഇതിനു രണ്ടിനും മധ്യേ ഋജുവായ ഒരു രേഖയാണ് ആത്മീയതയുടെ വഴി. അത് ഉള്ളതും വേണ്ടതും തന്നെയാണ്. കാരണം അത് ഇസ്‌ലാമിന്റെ അടിസ്ഥാന താല്‍പര്യം തന്നെയാണ്.

 

 

 

 

web desk 3: