X

‘ഞാനും സഹോദരനും 325 കിലോ സ്വര്‍ണം കടത്തി’ ;തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവിന്റെ വീഡിയോ പുറത്ത്

ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയ പ്രവാസി യുവാവ് പരപ്പന്‍പൊയില്‍ കുറുന്തോട്ടികണ്ടിയില്‍ മുഹമ്മദ് ഷാഫി (38)യുടെ വീഡിയോ പുറത്ത്. സഊദിയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന സ്വര്‍ണത്തിന് പങ്ക് ആവശ്യപ്പെട്ടാണ് തന്നെ കടത്തിക്കൊണ്ടു വന്നതൊന്നും എത്രയും പെട്ടെന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും ഷാഫി ആവശ്യപ്പെട്ടു. എന്നാല്‍ ആരാണ് തന്നെ തട്ടിക്കൊണ്ടു വന്നതെന്നോ എവിടെയാണെന്നോ ഷാഫി വീഡിയോയില്‍ വ്യക്തമാക്കുന്നില്ല.

325 കിലോ സ്വര്‍ണം ഞാനും സഹോദരനും സഊദിയില്‍ നിന്ന് കൊണ്ടുവന്നതിന്റെ പേരിലാണ്് എന്നെ തട്ടിക്കൊണ്ടുവന്നത്. അത് ഏകദേശം 80 കോടിയോളം രൂപയുടേതാണ്. അതിന്റെ ബാക്കിയുള്ള വിവരങ്ങളെല്ലാം ഇവരുടെ അടുത്ത് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് എത്രയും പെട്ടെന്ന് ഈ കാര്യങ്ങള്‍ നടന്നിട്ടില്ലെങ്കില്‍ അവര്‍ കേസും കൂട്ടവും പൊലീസും പ്രശ്‌നവും കാര്യങ്ങളുമൊക്കെ ആകും. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ചിന്തിച്ചിട്ടോ അല്ലെങ്കില്‍ വേറൊരുവഴിയോ കാര്യങ്ങളോ ഒന്നും ഉണ്ടാകില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് എന്നെ റിലീസാക്കാനുള്ള കാര്യങ്ങള്‍ ചെയ്യുക. പോലീസ് സ്‌റ്റേഷനിലേക്ക് പ്രകടനമോ ജാഥയോ നടത്തിയിട്ട് കാര്യമില്ല, എന്നാണ് ഷാഫി പറയുന്നത്.

തട്ടിക്കൊണ്ടുപോയവര്‍ ഭീഷണിപ്പെടുത്തി ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവന്നതെന്ന് പൊലീസിന്റെ നിഗമനം. ഇത് എവിടെ നിന്നാണ് ചിത്രീകരിച്ചത് എന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഏപ്രില്‍ 7ാം തീയതി രാത്രിയാണ് 2 വാഹനങ്ങളിലെത്തിയ സംഘം ഷാഫിയെ തട്ടിക്കൊണ്ടുപോയത്. ഇത് തടയാന്‍ ശ്രമിച്ച ഭാര്യയേയും വാഹനത്തില്‍ വലിച്ചു കയറ്റിയെങ്കിലും പിന്നീട് ഇറക്കിവിട്ടു. സംഭവം നടന്ന ആറു ദിവസത്തോളമായിട്ടും ഷാഫിയെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

webdesk13: