X

‘കളക്ടര്‍ക്ക് തീരുമാനിക്കാം’; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കാര്യത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ സംബന്ധിച്ച കേസില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിയാണെന്ന് ഹൈക്കോടതി പറഞ്ഞു. വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് നെയ്തലക്കാവ് ദേവസ്വമാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കാനുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ടി.വി അനുപമ ഇന്നലെ വ്യക്തമാക്കിയിരുന്നു. ശബ്ദം കേട്ടാല്‍ വിരണ്ടോടുന്ന ആനകള്‍ക്കും നീരും ആരോഗ്യപ്രശ്‌നങ്ങളും ഉള്ള ആനകള്‍ക്കും വിലക്ക് ബാധകമാണെന്ന് അനുപമ പറഞ്ഞു. മെയ് 12 മുതല്‍ 14 വരെയാണ് ആനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലും ഒരു ആനയുടെ കാര്യത്തില്‍ മാത്രമല്ല. പൊതുവായി ഇറക്കിയ നിര്‍ദ്ദേശമാണ്. ഇതനുസരിച്ച് മാത്രമാണ് ദേവസ്വങ്ങള്‍ പട്ടിക തയ്യാറാക്കുന്നതെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.

എഴുന്നെള്ളിപ്പില്‍ നിന്ന് ആനയെ ഒഴിവാക്കണമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എന്നാല്‍ തെക്കോട്ടിറക്കം നടക്കുന്ന ഏതാനും മണിക്കൂറെങ്കിലും ആനയുടെ വിലക്ക് ഒഴിവാക്കണമെന്ന ആവശ്യമാണ് ഹര്‍ജിക്കാര്‍ക്കുള്ളത്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുള്ള വിലക്ക് ഒഴിവാക്കിയില്ലെങ്കില്‍ ആഘോഷങ്ങള്‍ക്ക് ആനകളെ ആകെ വിട്ടു നല്‍കില്ലെന്ന നിലപാടുമായി ആന ഉടമകള്‍ രംഗത്തെത്തിയിരുന്നു. പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ ഇടപെട്ട് ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനം ആയിരുന്നില്ല.

chandrika: