X

കണ്ടും കേട്ടും ജുഡീഷ്യറിയുണ്ട്- എഡിറ്റോറിയല്‍

മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇരുത്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ നടത്തിയ പ്രസംഗം ശ്രദ്ധേയവും ചിന്തോദ്ദീപകവുമാണ്. എല്ലാം കണ്ടും കേട്ടും നീതിപീഠം ചുറ്റുവട്ടത്തു തന്നെയുണ്ടെന്ന് ഓര്‍മിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. ഇന്ത്യന്‍ പാര്‍ലമെന്റില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യാതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയും അടിക്കടി നിയമങ്ങള്‍ കൊണ്ടുവരുന്ന സഹാചര്യത്തില്‍ പ്രത്യേകിച്ചും ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണങ്ങള്‍ ഭരണകൂടത്തിനുള്ള താക്കീതു കൂടിയാണ്. ജനവികാരം ഉള്‍ക്കൊള്ളാതെയും അഭിപ്രായം സ്വരൂപിക്കാതെയും നിയമങ്ങള്‍ കൊണ്ടുവരുന്നതാണ് ജുഡീഷ്യറിക്കു നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഏകപക്ഷീയമായി നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതുകൊണ്ട് രാജ്യത്തിനുണ്ടാകുന്ന പൊല്ലാപ്പുകള്‍ കുറച്ചൊന്നുമല്ല. സമീപ കാലത്ത് അത്തരം പ്രവണതകള്‍ കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്.

നിയമനിര്‍മാണസഭകളില്‍ അംഗബലത്തിന്റെ കയ്യൂക്കില്‍ എടുക്കുന്ന തീരുമാനങ്ങളും അത് അടിച്ചേല്‍പ്പിക്കാനുള്ള ആവേശവും എത്രമാത്രം അപകടകരമാണെന്ന് പലവട്ടം രാജ്യം കണ്ടുകഴിഞ്ഞു. ദീര്‍ഘവീക്ഷണത്തോടെയും വ്യക്തതയോടെയും നിയമം നിര്‍മിച്ചാല്‍ വ്യവഹാരങ്ങള്‍ കുറയുമെന്ന കാര്യത്തില്‍ സംശയമില്ല. ഭരണകൂടങ്ങള്‍ കൊണ്ടുവരുന്ന അവ്യക്തവും സങ്കുചിതവുമായ നിയമങ്ങളുടെ കുരുക്കഴിക്കുന്ന ജോലി ഏറ്റെടുക്കേണ്ടിവരുന്നതുകൊണ്ട് കോടതികളുടെ വിലപ്പെട്ട സമയം പാഴായിപ്പോവുകയാണ്. ഇക്കാര്യങ്ങളൊക്കെ പറയാന്‍ നരേന്ദ്ര മോദി ഇരിക്കുന്ന വേദി തന്നെ ചീഫ് ജസ്റ്റിസ് തിരഞ്ഞെടുത്തത് നന്നായി. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഏറെ ഗൗരവുമുള്ള നിയമങ്ങള്‍ പോലും ചര്‍ച്ചയില്ലാതെ രണ്ടും മൂന്നും മിനുട്ടുകള്‍കൊണ്ടാണ് പാസാക്കിയെടുക്കുന്നത്. ആഴത്തിലുള്ള പഠനവും ചര്‍ച്ചകളും അനിവാര്യമായിരിക്കെ പല സുപ്രധാന വിഷയങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണങ്ങള്‍ നടത്തിയത് ജനാധിപത്യത്തെ പരിഹസിക്കുന്ന രൂപത്തിലാണ്. രാജ്യ തലസ്ഥാനത്തെ സ്തംഭിപ്പിച്ച പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാനെടുത്ത സമയം നാല് മിനുട്ട് മാത്രമായിരുന്നു. പ്രതിപക്ഷത്തിന്റെ പതിവ് ചോദ്യങ്ങള്‍ പോലും കേള്‍ക്കാന്‍ നില്‍ക്കാതെ ഏകപക്ഷീയമായി കൊണ്ടുവന്ന കര്‍ഷക നിയമം റദ്ദാക്കിയപ്പോഴും ഏകാധിപത്യ സമീപനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. കര്‍ഷക നിയമം പിന്‍വലിച്ചെങ്കിലും കോടതികള്‍ക്ക് തലവേദന ബാക്കിയാണ്. അതുമായി ബന്ധപ്പെട്ട് നൂറുകണക്കിന് കേസുകളാണ് കോടതികളില്‍ തീര്‍പ്പുകാത്തു കിടക്കുന്നത്. ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയതുപോലെ നിയമം പാസാക്കും മുമ്പ് ജനങ്ങളോട് അഭിപ്രായം ചോദിക്കാനും വകുപ്പുകളുമായി ചര്‍ച്ച നടത്താനും ശ്രമിക്കാത്തതിന്റെ തിക്തഫലമാണ് അതെല്ലാം.

കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളില്‍ പകുതിയോളം സര്‍ക്കാര്‍ നടപടികളുമായി ബന്ധപ്പെട്ടാണെന്ന് അദ്ദേഹം പറയുന്നു. ഓരോ ദിവസം പിന്നിടുമ്പോഴും ഇന്ത്യയില്‍ കോടതികള്‍ക്ക് ചുമതലാഭാരം കൂടുകയാണ്. ഭരണകൂടങ്ങളുടെ തെറ്റായ ചെയ്തികള്‍ കാരണം എക്‌സിക്യൂട്ടീവിന്റെ ജോലി കൂടി ഏറ്റെടുക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ കോടതികളുള്ളത്. ഭരണപരമായ പല വിഷയങ്ങളിലും തീരുമാനമെടുക്കേണ്ടിവരുന്ന അവസ്ഥയിലേക്ക് കോടതികളെ ഭരണകൂടങ്ങള്‍ വലിച്ചിഴക്കുകയാണ്. വില്ലേജ് ഓഫീസില്‍ അനായാസം തീര്‍പ്പാക്കാവുന്ന പ്രശ്‌നങ്ങള്‍ പോലും കോടതിയില്‍ എത്തിക്കുന്ന സാഹചര്യം ഉണ്ടായിക്കൂടാ. ഭരണകൂടവും ഔദ്യോഗിക സംവിധാനങ്ങളും കറ പുരണ്ടതാകുമ്പോഴാണ് കോടതികള്‍ക്ക് അമിതഭാരം പേറേണ്ടിവരുന്നത്. സ്വാഭാവികമായും നീതിതേടി സാധാരണക്കാരന്‍ ജുഡീഷ്യറിയെ സമീപിക്കുന്ന സന്ദര്‍ഭങ്ങള്‍ കൂടും. ഭൂമി സര്‍വേയുമായോ റേഷന്‍ കാര്‍ഡ് സംബന്ധമായോ കര്‍ഷകന്‍ നല്‍കുന്ന അപേക്ഷയില്‍ തഹസില്‍ദാര്‍ ഉചിതമായ തീരുമാനങ്ങളെടുത്താല്‍ അദ്ദേഹം കോടതിയെക്കുറിച്ച് ചിന്തിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ഉദാഹരണസഹിതം വ്യക്തമാക്കുന്നു.

കേന്ദ്ര സര്‍ക്കാര്‍ മാത്രമല്ല, സംസ്ഥാന സര്‍ക്കാറുകളും നിരുത്തരവാദപരമായ നയതീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ നോക്കുന്നത് കോടികളെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. മത, ജാതി, രാഷ്ട്രീയ താല്‍പര്യങ്ങള്‍ നിയമനിര്‍മാണങ്ങളെ സ്വാധീനിച്ചു തുടങ്ങിയിരിക്കുന്നു. ഏതെങ്കിലും വിഭാഗങ്ങളെ ഒതുക്കാനും സമൂഹത്തില്‍നിന്ന് അകറ്റിനിര്‍ത്താനുമുള്ള ഉപകരണമായി നിയമങ്ങളെ ദുരുപയോഗം ചെയ്യുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. നീതി നിഷേധിക്കപ്പെട്ടവര്‍ കോടതികളെ സമീപിക്കുകയും ചെയ്യും. എല്ലാം കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച് മുന്നോട്ടുപോകാന്‍ കോടതികള്‍ക്ക് സാധിക്കില്ലെന്നാണ് ചീഫ് ജസ്റ്റിസിന്റെ പ്രസംഗം വ്യക്തമാക്കുന്നത്. നിയമപരമായ തീരുമാനങ്ങള്‍ എടുക്കേണ്ടത് കോടതികളുടെ ജോലിയല്ലെങ്കിലും പൗരന്മാര്‍ പരാതിയുമായി വന്നാല്‍ തിരിച്ചയക്കാന്‍ കോടതിക്ക് സാധിക്കില്ലെന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞിരിക്കുന്നു. ഇന്ത്യന്‍ നീതിപീഠം എത്രമാത്രം ദീര്‍ഘദൃഷ്ടിയോടെയാണ് ചിന്തിക്കുകയും ഇടപെടുകയും ചെയ്യുന്നതെന്ന് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. കാലുഷ്യം നിറഞ്ഞ ഇക്കാലത്തും നിരാശയിലേക്ക് വഴുതാതെ രാജ്യത്തെ പിടിച്ചുനിര്‍ത്തുന്നത് ജുഡീഷ്യറിയുടെ സജീവ സാന്നിദ്ധ്യമാണ്.

web desk 3: