X
    Categories: indiaNews

പാര്‍ലമെന്ററി ഐ.ടി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് തരൂരിനെ മാറ്റാന്‍ നീക്കം

ന്യൂഡല്‍ഹി: പാര്‍ലമെന്ററി ഐ.ടി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂരിനെ മാറ്റാന്‍ നീക്കം. ചെയര്‍മാന്‍ സ്ഥാനം തുടര്‍ന്ന് നല്‍കാനാവില്ലെന്ന് കേന്ദ്രം കോണ്‍ഗ്രസിനെ അറിയിച്ചു. പകരം രാസവള സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് അദ്ദേഹത്തെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റാനും തീരുമാനമുണ്ടായത്. സമൂഹ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് ശക്തമായ ഇടപെടലാണ് ഐ.ടി സ്റ്റാന്‍ഡിങ് കമ്മിറ്റി ഇതുവരെ നടത്തിവന്നത്. ഇതിന് തടയിട്ട് സമൂഹ മാധ്യമങ്ങളെ സര്‍ക്കാര്‍ വരുതിയിലാക്കുകയെന്നതാണ് തരൂരിനെ മാറ്റുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ പ്രതിനിധികളെ ഈയിടെ സമിതി വിളിച്ച് വരുത്തിയിരുന്നു. കഴിഞ്ഞ മാസമാണ് ട്വിറ്റര്‍ പ്രതിനിധിയെ വിളിച്ച് വരുത്തുകയും ചോദ്യം ചെയ്യുകയും ചെയ്തത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലെ ഉപയോക്താക്കളുടെ ഡാറ്റയിലേക്ക് ഇടപെടാന്‍ ആക്‌സസ് ലഭിച്ച സര്‍ക്കാര്‍ ഏജന്റുമാരായ വ്യക്തികളെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന്റെ മുതിര്‍ന്ന സീനിയര്‍ എക്‌സിക്യൂട്ടീവിനെ നിര്‍ബന്ധിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍. ഇതിന് പുറമെ ബി.ജെ. പി അംഗങ്ങളും ശശി തരൂരും തമ്മിലുള്ള വാഗ്വാദത്തിനും പലതവണ സമിതി യോഗം സാക്ഷ്യം വഹിച്ചിരുന്നു. ഇതോടെയാണ് ശശി തരൂരിനെതിരെ ബി.ജെ.പി പടയൊരുക്കം തുടങ്ങിയത്.

തരൂര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ ലോക്‌സഭയില്‍ നിന്ന് 20 അംഗങ്ങളും രാജ്യസഭയില്‍നിന്ന് നാലു പേരുമാണുള്ളത്. പാനലിലെ ബി.ജെ.പി അംഗം നിഷികാന്ത് ദുബെ തരൂരിനെതിരെ നിരവധി തവണ കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. കേന്ദ്ര നീക്കത്തിനെതിരെ കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധിര്‍ രജ്ഞന്‍ ചൗധരിസ്പീക്കര്‍ക്ക് കത്തയച്ചു. ഈ തെറ്റായ തീരുമാനം പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

web desk 3: