X
    Categories: Sports

ഇതല്ലേ കാവ്യനീതി

 

കാവ്യനീതി… സമനില എന്ന പദത്തിന് അനുയോജ്യമായ മല്‍സരം. ഗോളുകളില്‍ മാത്രമല്ല സമാസമം- വേഗതയില്‍, തന്ത്രങ്ങളില്‍, ആക്രമണങ്ങളില്‍, ഫൗളുകളില്‍, നിലപാടുകളിലും തുല്യത പ്രകടമായിരുന്നു. പാരമ്പര്യം നിര്‍ണയിക്കുന്ന ആക്രമണോത്സുകത പ്രകടമായ പോരാട്ടം. എല്‍ ക്ലാസിക്കോ എന്ന വിശേഷണത്തിലെന്ന പോലെ 94 മിനുട്ട് പോരാട്ടത്തില്‍ ഒരു മിനുട്ട് പോലും വിരസമായിരുന്നില്ല. കൃസ്റ്റിയാനോയും മെസിയും തമ്മിലുള്ള പോരാട്ടത്തില്‍ നോക്കുക-രണ്ട് പേരും നേടി സുന്ദരമായ ഗോളുകള്‍. ലക്ഷ്യതയുടെ അഴകായ കൃസ്റ്റിയാനോ റൊണാള്‍ഡോ കരുത്തിനൊപ്പം നില്‍ക്കുന്ന ലാസ്റ്റ് ടൈം ടച്ചുമായി നേടിയ ഗോള്‍ അപാരമായിരുന്നെങ്കില്‍ മെസിയോ… വ്യക്തിഗത മികവിന്റെ അപ്പോസ്തലന്‍… പന്ത് കാലില്‍ കിട്ടിയാല്‍ ഇത്ര അപകടകാരിയായ മറ്റൊരാള്‍ ലോക ഫുട്‌ബോളില്‍ ഇല്ലെന്ന് തെളിയിക്കുന്ന സ്‌റ്റൈല്‍ ഗോള്‍. ഫുട്‌ബോളിലെ കാവല്‍ക്കാരില്‍ എയര്‍ ബോളുകളുടെ സഞ്ചാരത്തെ അതിവേഗം മനസ്സിലാക്കുന്ന കൈലര്‍ നവാസിന് പോലും പിടികൊടുക്കാത്ത ക്ലാസിക് ഷോട്ട് വലയുടെ മോന്തായത്തില്‍ പതിച്ചപ്പോള്‍ ആ സൗന്ദര്യത്തിന്റെ പേരായിരുന്നില്ലേ മെസി…?കൃസ്റ്റിയാനോക്ക് കരീം ബെന്‍സേമയും മെസിക്ക് ലൂയിസ് സുവാരസും തണലാണ്. കരീമിന്റെ ബ്രില്ല്യന്‍സ് എത്ര സുന്ദരമാണ്. ക്ലാസ് ടച്ച് എന്ന് പറയുന്നത് പോലെ പന്തിനെ അമ്മാനമാടുന്ന വേഗതയെ എന്ത് വിളിക്കണം… പാസുകളുടെ ആധിക്യത്തിലേക്ക് എത്ര സമയമാണ് അദ്ദേഹം പന്തുകള്‍ സമ്മാനിക്കുന്നത്. കൃസ്റ്റിയനോ നേടിയ ഗോളിലേക്ക് കരീം നല്‍കിയ പാസിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. സി.ആര്‍-7 രണ്ടാം പകുതിയില്‍ ഇല്ലാതിരുന്നത് കരീമിന്റെ നിര്‍ഭാഗ്യമായിരുന്നെങ്കില്‍ ആ കുറവ് നികത്തി ബെയിലിന്റെ ഗോള്‍ ആ താരത്തിലെ പ്രതിഭയുടെ ശക്തിയായിരുന്നു. തന്ത്രങ്ങളുടെ വിശാലതയില്‍ സിദാന്‍ ലക്ഷ്യമിടുന്നത് ചാമ്പ്യന്‍സ് ലീഗാവുമ്പോള്‍ കൃസ്റ്റിയാനോയെ സംരക്ഷിക്കേണ്ടത് പരിശീലകന്റെ ഉത്തരവാദിത്വമായിരുന്നു. അവിടെ അദ്ദേഹം നല്ല പരിശീലകനായി. രോഷ പ്രകടനത്തിലും അഭിനയത്തിലും മാത്രമല്ല കൗശലത്തിലും സുവാരസിനോളം വരില്ല ആരും. എല്‍ക്ലാസിക്കോയില്‍ ഗോള്‍വേട്ട ശീലമാക്കിയ ഉറുഗ്വേക്കാരന്റെ സൂത്ര പ്രകടനത്തില്‍ പിറന്ന ഗോളും മെസിക്കായി സമര്‍പ്പിക്കുന്ന പാസുകളും സൗഹൃദത്തിന്റെ, സ്‌നേഹത്തിന്റെ സമ്പന്നമായ കാഴ്ച്ചകളായിരുന്നു.ലോകം കാല്‍പ്പന്തിനൊപ്പം, സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ആരവങ്ങളോടെ സഞ്ചരിക്കുമ്പോള്‍ ഏത് റഫറിക്കാണ് പിഴക്കാതിരിക്കുക… കളിയുടെ കാഴ്ച്ചാ ലോകത്ത് നിന്നും ഉച്ചത്തില്‍ നമുക്ക് പറയാം റഫറി അലക്‌സാണ്ടറോ ഹെര്‍ണാണ്ടസ് സമ്മര്‍ദ്ദത്തിലായിരുന്നു. പക്ഷേ അദ്ദേഹം നുവോ കാമ്പില്‍ 94 മിനുട്ട് വിസിലുമായി പറന്ന് നടന്നത് ലോക ഫുട്‌ബോളിന് നടുവിലൂടെയായിരുന്നു. തൊട്ടാലും തിരിഞ്ഞാലുമെല്ലാം വന്‍കിട താരങ്ങള്‍. സെര്‍ജിയോ റോബര്‍ട്ടോക്ക് ചുവപ്പ് വേണ്ടിയിരുന്നില്ല, മെസി നേടിയ ഗോളിലേക്ക് പന്ത് നല്‍കുന്നതിന് മുമ്പ് സുവാരസ് കൃത്യമായി ഫൗള്‍ കാണിച്ചിരുന്നു, വേണ്ടാത്ത ഫൗള്‍ മെസിയും കാട്ടി, ജെറാത്ത് ബെയില്‍ ഉംതീതിയെ ശക്തമായാണ് ചാര്‍ജ് ചെയ്തത്-ചുവപ്പ് അര്‍ഹിച്ചത്. പക്ഷേ നല്‍കിയില്ല. മാര്‍സിലോയെ പെനാല്‍ട്ടി ബോക്‌സില്‍ വെട്ടിവീഴ്ത്തിയത് നിര്‍ബന്ധ പെനാല്‍ട്ടിയായിരുന്നു. അതും നല്‍കിയില്ല. റയല്‍ നായകന്‍ റാമോസ് പലവട്ടം കളി നിയമങ്ങളെ വെല്ലുവിളിച്ചു-പക്ഷേ ഒരു മഞ്ഞയില്‍ അദ്ദേഹം രക്ഷപ്പെട്ടു…
വീറും വാശിയും അടിയും പിടിയും പിന്നെ ഗോളും ഗോള്‍ നിഷേധങ്ങളും അവസാനം സ്‌നേഹ പ്രകടനങ്ങളും വിടവാങ്ങലും-ഇതാണ് കളി… ഇതാണ് ഫുട്‌ബോള്‍-ആക്ഷന്‍ ത്രില്ലര്‍ സിനിമ പോലെ. ഒരു വേദന ബാക്കി-സൗമ്യതയുടെ പര്യായമായി, മികവിന്റെ അലങ്കാരമായി എല്‍ ക്ലാസികോ മല്‍സരങ്ങളെ സമ്പന്നമാക്കിയ ആന്ദ്രെ ഇനിയസ്റ്റ… നായകന്റെ ആം ബാന്‍ഡ് മെസിക്ക് നല്‍കി തലയും താഴ്ത്തി നുവോ കാമ്പിലെ അലമുറകള്‍ക്കിടെ നടന്നു നീങ്ങിയ ഇനിയസ്റ്റ… ടണലില്‍ വെച്ച് അദ്ദേഹത്തെ സ്വീകരിക്കാന്‍ സൈനുദ്ദീന്‍ സിദാനുണ്ടായിരുന്നു. എല്ലാ വൈരാഗ്യവും മാറ്റി നിര്‍ത്തി സിസു ഇനിയസ്റ്റയെ ആലിംഗനം ചെയ്തു. സ്‌നേഹമാണ് ഫുട്‌ബോള്‍, ആദരമാണ് ഫുട്‌ബോള്‍, അര്‍പ്പണമാണ് ഫുട്‌ബോള്‍.

chandrika: