X
    Categories: MoreViews

മുന്‍നിരക്കാരുടെ അതിസമ്മര്‍ദ്ദം സിദാന് തലവേദന

കമാല്‍ വരദൂര്‍

കാല്‍പ്പന്ത് ലോകം കാത്തിരിക്കുന്ന എല്‍ ക്ലാസിക്കോക്ക് ഇനി നാല് ദിവസമാണുള്ളത്. ബാര്‍സിലോണ റയല്‍ മാഡ്രിഡിന്റെ തട്ടകമായ ബെര്‍ണബുവിലേക്ക് വരുമ്പോള്‍ സ്പാനിഷ് ഫുട്‌ബോളില്‍ മാത്രമല്ല ലോക ഫുട്‌ബോളിലെ തന്നെ രണ്ട് അതികായരുടെ പോരാട്ടത്തിന്റെ പ്രസക്തി വലുതാണ്. റയല്‍ ഫിഫ ലോക ക്ലബ് ഫുട്‌ബോളില്‍ കിരീടം സ്വന്തമാക്കി ക്ലാസിക് പോരാട്ടത്തിന് ഒരുങ്ങിയപ്പോള്‍ കഴിഞ്ഞ ദിവസം ലാലീഗയില്‍ ഡിപ്പോര്‍ട്ടീവോയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ബാര്‍സ ഒരുങ്ങിയിരിക്കുന്നത്. ലാലീഗയില്‍ രണ്ട് ടീമുകളും തമ്മിലുള്ള അന്തരമിപ്പോള്‍ പതിനൊന്ന് പോയന്റായിരിക്കുന്നു. ബാര്‍സ ഒരു മല്‍സരം കൂടുതല്‍ കളിച്ചു എന്ന യാഥാര്‍ത്ഥ്യമുള്ളപ്പോള്‍ തന്നെ റയല്‍ കനത്ത സമ്മര്‍ദ്ദത്തിലാണ്. അബുദാബിയില്‍ സമാപിച്ച ലോക ക്ലബ് ഫുട്‌ബോളില്‍ അവരുടെ പ്രകടനം നേരില്‍ കണ്ടപ്പോള്‍ മനസ്സിലാവുന്ന യാഥാര്‍ത്ഥ്യവും കാര്യങ്ങള്‍ ബാര്‍സക്ക് അനുകൂലമാണെന്നാണ്.

അബുദാബിയിലെ ചാമ്പ്യന്‍ ക്ലബായ അല്‍ ജസീറ, ലാറ്റിനമേരിക്കയിലെ ചാമ്പ്യന്‍ ടീമായ ബ്രസീലിലെ ഗ്രീമിയോ എന്നിവര്‍ക്കെതിരെയാണ് ക്ലബ് ലോകകപ്പില്‍ അവര്‍ കളിച്ചത്. രണ്ട് മല്‍സരങ്ങളില്‍ നിന്ന് ആകെ നേടിയത് മൂന്ന് ഗോളുകള്‍. ഒരു ഗോള്‍ കൈലര്‍ നവാസ് എന്ന ഗോള്‍ക്കീപ്പര്‍ വഴങ്ങുകയും ചെയ്തു. കൃസ്റ്റിയാനോ റൊണാള്‍ഡോ, സെര്‍ജിയോ റാമോസ്, കരീം ബെന്‍സേമ, മാര്‍സിലോ, കാര്‍വജാല്‍, കാസിമിറോ, നാച്ചോ, ഇസ്‌ക്കോ തുടങ്ങി സൈനുദ്ദീന്‍ സിദാന്‍ എല്ലാവരയും ഈ രണ്ട് മല്‍സരത്തില്‍ പരീക്ഷിച്ചിരുന്നു.

ദുര്‍ബലരായ പ്രതിയോഗികളെ റയല്‍ കാര്യമായി കണ്ടില്ല എന്ന വാദം നിലനില്‍ക്കുമ്പോള്‍ തന്നെ ഇതാണോ റയല്‍ എന്ന ചോദ്യം ശക്തമായി ഉയരുന്നുണ്ട്. വ്യക്തിഗതമായി എല്ലാവരും മികച്ച താരങ്ങളാണ്. പാസിംഗില്‍ സുന്ദര ചലനങ്ങള്‍. പരസ്പര ധാരണയില്‍ പരാതികള്‍ ആരും പറയില്ല. പക്ഷേ ഗോളടിക്കുന്ന കാര്യത്തില്‍ ടീം ദയനീയമാണ്. രണ്ട് മല്‍സരങ്ങളില്‍ നിന്നായി നൂറോളം അവസരങ്ങളാണ് മുന്‍നിരക്കാര്‍ക്ക് ലഭിച്ചത്. അതില്‍ ആകെ പിറന്നത് മൂന്ന് ഗോളുകള്‍ മാത്രം. ഒരു ടീം ലോകോത്തരമാവുന്നത് ലോക താരങ്ങള്‍ കളിക്കുമ്പോഴല്ല മറിച്ച് അവര്‍ ടീമെന്ന നിലയില്‍ പ്രകടിപ്പിക്കുന്ന ശക്തിയിലാണ്.

ഇവിടെയാണ് മെസിയുടെ ബാര്‍സ വിത്യസ്തരാവുന്നത്. റയല്‍ പോലെ തന്നെ ലോകോത്തര നിലവാരമുളളവരാണ് ബാര്‍സക്കുള്ളത്. ഇവര്‍ പക്ഷേ അവസരോചിതം മനോഹരമായി കളിക്കുന്നുണ്ട്. പുതിയ സീസണില്‍ റയലിന്റെ മുന്‍നിരക്കാര്‍ അവസരങ്ങളെ പ്രയോജനപ്പെടുത്തിയ ഏക മല്‍സരം സെവിയെക്കെതിരെയായിരുന്നു. അവര്‍ അഞ്ച് ഗോളിനാണ് ആ മല്‍സരം നേടിയത്. ഇത്തരത്തില്‍ തുറന്ന വരുന്ന അവസരങ്ങളില്‍ പന്തിനെ ഗോള്‍ വലയത്തിലേക്ക് എത്തിക്കാന്‍ കഴിയുമ്പോള്‍ മാത്രമാണ് എല്‍ ക്ലാസിക്കോയില്‍ റയലിന് സാധ്യത.ബെര്‍ണബുവില്‍ സമീപകാലത്തൊന്നും ബാര്‍സയെ തോല്‍പ്പിക്കാന്‍ റയലിന് കഴിഞ്ഞിട്ടില്ല എന്ന സത്യം സിദാനറിയാം. കഴിഞ്ഞ അഞ്ച് സീസണുകളില്‍ ബെര്‍ണബുവില്‍ നടന്ന ക്ലാസിക്കില്‍ നാലും ജയിച്ചത് മെസി സംഘമായിരുന്നു.

കഴിഞ്ഞ വര്‍ഷം ഇഞ്ച്വറി ടൈമില്‍ മെസി നേടിയ ക്ലാസിക് ഗോളില്‍ റൊണാള്‍ഡോ സംഘം തല താഴ്ത്തിയത് ഇപ്പോഴും ലോകം മറന്നിട്ടില്ല. അതിന് തൊട്ട് മുമ്പ് നാല് ഗോളാണ് ബാര്‍സ റയല്‍ വലയില്‍ അടിച്ചു കയറ്റിയത്. ഈ തോല്‍വിയിലാണ് റാഫേല്‍ ബെനിറ്റസ് എന്ന പരിശീലകന്റെ തൊപ്പി തെറിപ്പിച്ചതും. ആറ് സീസണുകള്‍ എടുത്താല്‍ റയല്‍ ഒരു ഗോളടിക്കാത്ത എല്‍ ക്ലാസികോ അതായിരുന്നു.രണ്ട് പേരും തമ്മിലുള്ള അങ്കം സമീപകാലത്തായി കയ്യാങ്കളി അങ്കങ്ങളാവാറുണ്ട്. കഴിഞ്ഞ ആറ് സീസണുകളായി ഏഴ് ചുവപ്പ് കാര്‍ഡുകളും 97 മഞ്ഞക്കാര്‍ഡുകളുമാണ് റഫറിമാര്‍ പുറത്തെടുത്തിരിക്കുന്നത്. ഇത്തവണയും അതിന് മാറ്റമുണ്ടാവില്ല. പക്ഷേ റയല്‍ മുന്‍നിരക്കാര്‍ ക്ലിക്ക് ചെയ്യാത്ത പക്ഷം ബാര്‍സ ബെര്‍ണബുവില്‍ മിന്നും

chandrika: