X
    Categories: MoreViews

അപമാനം പേറി മന്ത്രിയായി തുടരാന്‍ ആഗ്രഹിക്കുന്നില്ല ;രാജി സന്നദ്ധത അറിയിച്ച് തോമസ് ചാണ്ടി

 
രാജി സന്നദ്ധത അറിയിച്ചു കൊണ്ട് കായല്‍ കയ്യേറ്റ കേസില്‍ കുറ്റാരോപിതനായ മന്ത്രി തോമസ് ചാണ്ടി . എന്‍സിപി നേതൃത്വത്തെയാണ് തോമസ് ചാണ്ടി രാജിക്കാര്യം അറിയിച്ചത്. അപമാനം പേറി മന്ത്രിയായി തുടരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടിക്കെതിരായ കേസുകള്‍ ഹൈക്കോടതി പരിഗണിക്കുന്ന ബുധനാഴ്ച വരെ കാക്കണം എന്ന നിര്‍ദേശം ദേശീയ നേതൃത്വം നല്‍കിയിട്ടുണ്ട്. കോടതിയില്‍നിന്നുള്ള അവസാനവാക്കിനായി കാത്ത് രാജി നീട്ടിക്കൊണ്ടുപോകാന്‍ സാധിക്കുമോയെന്നാണ് ഇപ്പോഴത്തെ ആലോചന.

മന്ത്രിസ്ഥാനത്തുനിന്ന് തോമസ് ചാണ്ടി ഒഴിയുമ്പോഴേക്കും ധാര്‍മികതയുടെ പേരില്‍ മന്ത്രി സ്ഥാനം രാജിവെക്കേണ്ടിവന്ന എ.കെ. ശശീന്ദ്രനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള തീവ്രശ്രമവും നടക്കുന്നുണ്ട്. ശശീന്ദ്രനെതിരേ പരാതി നല്‍കിയ യുവതി കേസ് പിന്‍വലിക്കാന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത് ഇതിന്റെ ഭാഗമാണ്. ശശീന്ദ്രന്റെ ഭാവി നിശ്ചയിക്കുന്നത് ജസ്റ്റിസ് പി.എസ്. ആന്റണി കമ്മിഷന്‍ റിപ്പോര്‍ട്ടായിരിക്കും. ഡിസംബര്‍ 30നാണ് കമ്മിഷന്റെ കാലാവധി തീരുന്നത്.
തെളിവെടുപ്പും നടപടിക്രമങ്ങളും പൂര്‍ത്തിയായി. ഇനി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതി. റിപ്പോര്‍ട്ട് അനുകൂലമായിരിക്കുമെന്ന പ്രതീക്ഷയിലാണ് ശശീന്ദ്രന്‍ അനുകൂലികള്‍. അതുവരെ ചാണ്ടിയെ എങ്ങനെ മന്ത്രി കസേരയില്‍ പിടിച്ചിരുത്തുമെന്നാണ് അവര്‍ തലപുകയുന്നത്. ജനജാഗ്രതാ യാത്രയില്‍ ആലപ്പുഴയില്‍ തോമസ് ചാണ്ടി നടത്തിയ പ്രസംഗമാണ് കാര്യങ്ങള്‍ തുലച്ചതെന്ന അഭിപ്രായമാണ് പാര്‍ട്ടിക്കുള്ളില്‍ പൊതുവേയുള്ളത്. അതല്ലെങ്കില്‍ നടപടി നീട്ടിക്കൊണ്ടുപോകാന്‍ സാധിക്കുമായിരുന്നുവെന്നാണ് നേതാക്കളുടെ വിശ്വാസം.
ചാണ്ടി ഉടനെ രാജിവെക്കേണ്ടിവന്നാല്‍ പാര്‍ട്ടിക്ക് മന്ത്രിയില്ലാത്ത സാഹചര്യം ഉണ്ടാവും. രാജ്യത്ത് എന്‍.സി.പി.ക്ക് ആകെയുള്ള മന്ത്രിസ്ഥാനമാണെന്നും കളയാതെ നോക്കണമെന്നുമാണ് കേന്ദ്രനേതൃത്വം ആരോപണം ഉയര്‍ന്നപ്പോള്‍ത്തന്നെ നിര്‍ദേശിച്ചത്.
മന്ത്രിസ്ഥാനം പോവുകയും തത് സ്ഥാനത്തേക്ക് മറ്റാരെയെങ്കിലും സി.പി.എം.പരിഗണിക്കുകയും ചെയ്താല്‍, ശശീന്ദ്രന് തിരിച്ചുവരാന്‍ പ്രയാസമാവുമെന്ന ചിന്തയും പാര്‍ട്ടിയിലുണ്ട്. 14ന് എന്‍.സി.പി.യുടെ സംസ്ഥാന നിര്‍വാഹകസമിതി ചേരുന്നുണ്ട്. തോമസ് ചാണ്ടിയുടെ രാജി നീട്ടരുതെന്ന് സംസ്ഥാന സമിതിയിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുറത്തുവരുന്ന വിവരങ്ങള്‍ അതീവ ഗൗരവതരമെന്നും നേതാക്കള്‍ പറഞ്ഞു. ഇനിയും തീരുമാനം എടുക്കാതിരുന്നാല്‍ മുന്നണിക്കും സര്‍ക്കാരിനും നാണക്കേടാണെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

chandrika: