X

മദ്രസാ പഠനത്തിന് വിഘാതമായി സ്‌കൂളുകള്‍ക്ക് പുതിയ സമയക്രമം; അന്തിമ തീരുമാനം സര്‍ക്കാറിന്റേത്

തിരുവനന്തപുരം: മദ്രസാ പഠനത്തിന് വിഘാതമായി സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനസമയം പുനഃക്രമീകരിക്കാന്‍ നീക്കം. സ്‌കൂള്‍ സമയം രാവിലെ ഒമ്പതു മണി മുതലാക്കാനാണ് ശ്രമം നടക്കുന്നത്. ഹയര്‍സെക്കന്ററി-ഹൈസ്‌കൂള്‍ സമയക്രമം ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നേരത്തെ ഇക്കാര്യം സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ശിപാര്‍ശ ചെയ്തിരുന്നു. ഒന്നു മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളെ ഒരു യൂണിറ്റായി കണക്കാക്കി അസംബ്ലിയും മറ്റും ഒരുമിച്ച് നടത്തണമെന്നായിരുന്നു കമ്മീഷന്റെ ശിപാര്‍ശ. എന്നാല്‍ രാവിലെ ഒമ്പതു മണിക്ക് ക്ലാസുകള്‍ ആരംഭിക്കുന്നത് മദ്രസാ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് അന്തിമ തീരുമാനമെടുക്കാന്‍ സര്‍ക്കാറിനെ കമ്മീഷന്‍ ചുമതലപ്പെടുത്തി. നിലവില്‍ ഹയര്‍സെക്കന്ററി ക്ലാസുകള്‍ രാവിലെ ഒമ്പതു മണിക്കും ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസുകള്‍ പത്തു മണിക്കുമാണ് ആരംഭിക്കുന്നത്. സ്‌കൂളുകളില്‍ രണ്ടുതരം ബെല്ലുകള്‍ മുഴക്കുന്നത് അലോസരമാകുമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്‍ പുതിയ സമയക്രമം സംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവെച്ചത്.

chandrika: