X
    Categories: gulfNews

യുഎഇക്ക് നേരിയ ആശ്വാസം; ഇന്ന് കോവിഡ് രോഗികള്‍ ആയിരത്തില്‍ താഴെ

അബുദാബി: യുഎഇയില്‍ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറയുന്നത് പ്രവാസികള്‍ക്ക് ആശ്വാസമാവുന്നു. ഏറെ ദിവസങ്ങള്‍ക്ക് ശേഷം രോഗികളുടെ എണ്ണം ഇന്ന് ആയിരത്തില്‍ താഴെയായി കുറഞ്ഞു. 915 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1295 പേര്‍ കോവിഡ് മുക്തരായി. മൂന്നുപേരാണ് ഇന്ന് കോവിഡ് മൂലം മരിച്ചത്.

കഴിഞ്ഞ ഒരാഴ്ചയിലേറെയായി തുടര്‍ച്ചയായുള്ള ദിവസങ്ങളില്‍ രാജ്യത്ത് പ്രതിദിനം ആയിരത്തിലേറെ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഇതുവരെയുള്ള പ്രതിദിന കണക്കുകളില്‍ റെക്കോര്‍ഡ്: 1,538.
രാജ്യത്തെ ആകെ രോഗികള്‍: 1,16,517. ഇതുവരെ രോഗമുക്തി നേടിയവര്‍: 108,811. ചികിത്സയിലുള്ളവര്‍: 7,240. ആകെ മരണം: 466. പുതുതായി 77,291 പേര്‍ക്ക് കൂടി പരിശോധന നടത്തിയതായും വ്യക്തമാക്കി. യുഎഇയില്‍ ആകെ 11.77 ദശലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്.

അതേസമയം കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നതിനാല്‍ കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. സമ്പര്‍ക്കം വഴിയുള്ള രോഗ്യവ്യാപനം ഒഴിവാക്കാന്‍ മാസ്‌ക് ധരിക്കുകയും മറ്റു പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യണം. അടച്ചിട്ട മുറികളില്‍ കോവിഡ് വ്യാപനത്തിന് സാധ്യത കൂടുതലായതിനാല്‍ മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: