X

ബംഗളൂരു എഫ്.സിയെ നേരിടാന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും

ബെംഗളൂരു: ഇന്ന് അവസാന അവസരമാണ്. തോറ്റാല്‍ പുറത്താവും. ജയിച്ചാല്‍ മുംബൈ സിറ്റി എഫ്.സിക്കെതിരെ സെമി ഫൈനല്‍ കളിക്കാം. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇതാദ്യമായി ആവിഷ്‌ക്കരിച്ച നോക്കൗട്ട് ഫോര്‍മാറ്റിലെ ആദ്യ പ്ലേ ഓഫില്‍ ഇന്ന് ബെംഗളൂരു എഫ്.സിയെ നേരിടുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സിന് മുകളിലാണ് സമ്മര്‍ദ്ദമത്രയും. സുനില്‍ ഛേത്രി നയിക്കുന്ന ബെംഗളൂരുകാര്‍ സ്വന്തം വേദിയില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ പരിചിതമായ സാഹചര്യങ്ങളില്‍ കളിക്കുമ്പോള്‍ തോല്‍വികളുടെ കടന്നു കയറ്റത്തില്‍ സ്വയം പഴിക്കാന്‍ മാത്രമാണ് ഇവാന്‍ വുകുമനോവിച്ചിന്റെ സംഘത്തിന് വിധി.

തുടര്‍ച്ചയായി എട്ട് മല്‍സരങ്ങളില്‍ ജയിച്ചു വന്നിരിക്കുകയാണ് ഉദ്യാന സംഘം. 2023 ആരംഭിച്ചതിന് ശേഷം ഒരു തോല്‍വിയും അവര്‍ക്കില്ല. കളിച്ച എല്ലാ മല്‍സരങ്ങളിലും പൂര്‍ണ പോയിന്റ് സ്വന്തമാക്കി മുന്നേറിയവര്‍. ഒരു മാസം മുമ്പ് ബെംഗളൂരു സ്വന്തം വേദിയില്‍ യുവതാരം ശിവശക്തി നാരായണന്റെ മികവില്‍ ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. സീസണില്‍ ആറ് ഗോളുകളുമായി കരുത്തനായി കളിക്കുന്ന യുവതാരം ഇന്നും മഞ്ഞപ്പടക്ക് വെല്ലുവിളിയാണ്. ഗോള്‍ വേട്ടയില്‍ 36 ലും കരുത്തനായി നില്‍ക്കുന്ന ഛേത്രിയും കേരളാ പ്രതിരോധത്തിന് വെല്ലുവിളി ഉയര്‍ത്തും. അവസാനമായി കളിച്ച അഞ്ച് മല്‍സരങ്ങളില്‍ ഒരു ജയം മാത്രം സമ്പാദിച്ചാണ് ബ്ലാസ്റ്റേഴ്‌സ് എത്തിയിരിക്കുന്നത്. കണ്ഠീരവയില്‍ മെച്ചപ്പെട്ട റെക്കോര്‍ഡും ടീമിനില്ലെന്നിരിക്കെ ഏറ്റവും മികച്ച പ്രകടനം നടത്തിയാല്‍ മാത്രമായിരിക്കും സെമി ബെര്‍ത്ത്. അവസാനമായി ഇവിടെ ബെംഗളൂരുവിനെ നേരിട്ടപ്പോള്‍ പന്തിന്റെ നിയന്ത്രണം തന്റെ ടീമിനായിരുന്നുവെന്നും പക്ഷേ ഗോള്‍ നേട്ടത്തിലാണ് പിറകില്‍ പോയതെന്നുമാണ് വുകുമനോവിച്ച് പറയുന്നത്.

നോക്കൗട്ട് മല്‍സരമായതിനാല്‍ എങ്ങനെ വിജയിക്കാമെന്നത് മാത്രമാണ് ടീമിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കുമ്പോള്‍ ബെംഗളൂരു കോച്ച് ഗ്രേസണ്‍ സ്വന്തം ടീമിന് നല്‍കുന്ന മുന്നറിയിപ്പ് ഒന്ന് മാത്രം- അമിത വിശ്വാസം പാടില്ല. മല്‍സരം രാത്രി 7-30 മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തല്‍സമയം.

webdesk11: