X

അമേരിക്ക ഇപ്പോള്‍ പിന്തുണ അവസാനിപ്പിച്ചാല്‍ 10 മിനിട്ട് പോലും നെതന്യാഹു അതിജീവിക്കില്ല; ഇറാന്‍

ഗസയിൽ ഇസ്രാഈല്‍ നടത്തുന്ന വംശഹത്യയിൽ യു.എസ് നൽകുന്ന അകമഴിഞ്ഞ പിന്തുണയാണ് പ്രദേശത്ത് സംഘർഷം വ്യാപിക്കുമോ എന്ന ആശങ്കക്ക് കാരണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹൊസൈൻ ആമിർ അബ്ദുള്ളാഹിയൻ. ഗസയിലെ രക്തച്ചൊരിച്ചിലിന് അടുത്ത കാലത്തൊന്നും അവസാനമുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും എ.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ഗസയിലെ ആക്രമണങ്ങൾക്ക് യു.എസ് നൽകി വരുന്ന പിന്തുണ ഇപ്പോൾ അവസാനിപ്പിച്ചാൽ ഇസ്രാഈലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പത്ത് മിനിട്ട് പോലും അതിജീവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
‘യു.എസ് ഇപ്പോൾ അതിന്റെ പിന്തുണ പിൻവലിച്ചാൽ, അതായത് മാധ്യമ, രാഷ്ട്രീയ സഹായവും ആയുധങ്ങളും നിർത്തലാക്കിയാൽ, ഞാൻ നിങ്ങൾക്ക് ഉറപ്പ് തരാം പത്ത് മിനിട്ട് പോലും നെതന്യാഹു അതിജീവിക്കില്ല. അതുകൊണ്ട് പ്രശ്നപരിഹാരത്തിനുള്ള താക്കോൽ ഇസ്രാഈലിലല്ല, യു.എസിലാണ് ഉള്ളത്,’ അബ്ദുള്ളാഹിയൻ പറഞ്ഞു.
യുദ്ധത്തിൽ നിന്നും ആരും ഒന്നും നേടുന്നില്ല എന്നും ഒന്നിനും യുദ്ധമല്ല പരിഹാരമെന്നാണ് തങ്ങൾ വിശ്വസിക്കുന്നത് എന്നും പറഞ്ഞ അബ്ദുള്ളാഹിയൻ പടിഞ്ഞാറൻ ഏഷ്യയിലുടനീളം സമാധാനം ഉണ്ടാകണമെന്നാണ് ഇറാൻ ആഗ്രഹിക്കുന്നത് എന്നും കൂട്ടിച്ചേർത്തു.

webdesk13: