X

വാഹനാപകടം: മോദിക്കെതിരെ തൊഗാഡിയയുടെ ഫേസ്ബുക്ക് പോസ്റ്റ്

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ ഫേസ്ബുക്ക് പോസ്റ്റ്. സൂറത്തിലുണ്ടായ വാഹനാപകടത്തിനു പിന്നാലെയാണ് മോദിയെ കുറ്റപ്പെടുത്തി തൊഗാഡിയ രംഗത്തുവന്നത്.

‘ദൈവത്തിന്റെ അനുഗ്രഹത്താല്‍ ഞാന്‍ രക്ഷപ്പെട്ടു. ഹിംസക്കു ഉത്തരം ശാന്തിയാണ്. കൊലയാളിയേക്കാള്‍ വലിയവനാണ് രക്ഷകന്‍. സാബ്, ഒന്നിച്ചിരുന്ന് സംസാരിക്കാമെന്ന് ഹോളിക്ക് ഞാന്‍ അങ്ങയോട് പറഞ്ഞിരുന്നു. എന്നിട്ടും താങ്കള്‍ വിളിച്ചുപോലുമില്ല. ഇന്ന് അധികാരവും സമ്പത്തുമുണ്ട്. നാളെ അത് ഉണ്ടാവണമെന്നില്ല. സഹോദരാ, ഭഗവാന് എങ്ങനെ മുഖം കൊടുക്കും?’ ഇതായിരുന്നു തൊഗാഡിയയുടെ ഫേസ്ബുക്ക് പോസ്റ്റ്.

മാര്‍ച്ച് ഒന്നിന് പ്രധാനമന്ത്രിക്ക് ഹോളി ആശംസ നേര്‍ന്ന് പ്രവീണ്‍ തൊഗാഡിയ ട്വീറ്റ് ചെയ്തിരുന്നു. ‘ഹോളിയാണ് നമുക്ക് ഒന്നുകൂടി ഇരുന്നു സംസാരിക്കേണ്ടേ’ എന്നായിരുന്നു അന്നത്തെ ട്വീറ്റ്.
സൂറത്തില്‍ പ്രവേശിച്ചപ്പോള്‍ തനിക്ക് അകമ്പടി വാഹനമുണ്ടായിരുന്നില്ല. താന്റെ കാര്‍ ബുള്ളറ്റ് പ്രൂഫായതു കൊണ്ടു മാത്രമാണ് വന്‍ അപകടത്തില്‍ നിന്ന് താന്‍ രക്ഷപ്പെട്ടതെന്നും തൊഗാഡിയ പ്രതികരിച്ചു.

ഇസഡ് കാറ്റഗറി സുരക്ഷ ഉണ്ടായിട്ടും അകമ്പടി വാഹനം അനുവദിക്കാതിരുന്നത് ബോധപൂര്‍വമാണ്. ആദ്യമായാണ് അകമ്പടി വാഹനമില്ലാതെ സഞ്ചരിക്കുന്നത്. ഇത് ഗാന്ധി നഗറില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ്. തന്നെ അപായപ്പെടുത്തുന്നതിന് ബോധപൂര്‍വം സുരക്ഷ ദുര്‍ബലപ്പെടുത്തുകയായിരുന്നു, അദ്ദേഹം കുറ്റപ്പെടുത്തി.

വി.എച്ച്.പി നേതൃത്വത്തില്‍ നിന്ന് തൊഗാഡിയയെ നീക്കാന്‍ ശ്രമം നടന്നതോടെയാണ് നരേന്ദ്രമോദിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വഷളായത്.

chandrika: