X
    Categories: MoreViews

സെന്‍കുമാറിനെതിരെ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി

 

ന്യൂഡല്‍ഹി: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതിയും. നേരത്തെ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് ജെ ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ചികിത്സാ അവധിക്കായി വ്യാജ മെഡിക്കല്‍ ബില്‍ ഹാജരാക്കിയെന്ന ആക്ഷേപത്തില്‍ സെന്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച പരാതിക്കാരന് സുപ്രീംകോടതി 25,000 രൂപ പിഴ ചുമത്തുകയും ചെയ്തു. സി.പി.എം നേതാവ് എ.ജെ സുകോര്‍ണോക്കാണ് കോടതി പിഴ വിധിച്ചത്. ഇത്തരം കാര്യങ്ങള്‍ക്ക് കോടതിയുടെ സമയം നഷ്ടപ്പെടുത്താനാകില്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ നിരീക്ഷിച്ചു.
രണ്ട് പരാതികളാണ് സെന്‍കുമാറിനെതിരെ സുകോര്‍ണോ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. കെ.എസ്.എഫ്.സി ചെയര്‍മാനായിരിക്കെ അനധികൃതമായി അമ്പത് കോടി രൂപയുടെ ലോണ്‍ സമ്പാദിച്ചു എന്നതായിരുന്നു ഇതില്‍ ഒന്ന്. 2016 ജൂണ്‍ മുതല്‍ മെഡിക്കല്‍ അവധി എടുക്കുകയും ആ സമയത്തെ ശമ്പളം ലഭിക്കാന്‍ വ്യാജ മെഡിക്കല്‍ ബില്ലും സര്‍ട്ടിഫിക്കറ്റും മറ്റ് രേഖകളും ഹാജരാക്കുകയും ചെയ്തുവെന്നുമായിരുന്നു രണ്ടാമത്തെ പരാതി. ഈ രണ്ട് പരാതികളിലും തിരുവനന്തപുരം വിജിലന്‍സ് കോടതി ത്വരിത്വാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ടി.പി സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്താണ് പരാതിക്കാരന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

chandrika: