X
    Categories: MoreViews

സി.പി.എം വിട്ട് മുവായിരത്തോളം പേര്‍ സി.പി.ഐയിലേക്ക്; ഇനിയും കൂടുതല്‍ പേര്‍ വരുമെന്ന് സിപിഐ നേതൃത്വം

പി.കെ.എ ലത്തീഫ്
കൊച്ചി

2014ന് ശേഷം എറണാകുളം ജില്ലയില്‍ സിപിഎം വിട്ട് സിപിഐയില്‍ചേര്‍ന്നത് 2856 പേര്‍. ഇന്നലെ സിപിഐ ജില്ലാ സെക്രട്ടറി പി.രാജു പുറത്തുവിട്ട കണക്കാണിത്. ഇനിയും കൂടുതല്‍ പേര്‍ സിപിഎം വിടാനൊരുങ്ങുന്നു. സിപിഎം വിട്ട് വരുന്നവര്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ജില്ലയില്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. സിപിഐക്കൊപ്പം ചേര്‍ന്ന സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരുടെ കണക്കാണിത്.

സിപിഐ എറണാകുളം ജില്ലാ സമ്മേളനം ജനുവരി 31 മുതല്‍ ഫെബ്രുവരി 4 വരെ തൃപ്പൂണിത്തുറയില്‍ ആരംഭിക്കുകയാണ്. സമ്മേളന റിപ്പോര്‍ട്ടില്‍ ഈ കണക്കുകളുണ്ടാകും. സിപിഎം വിട്ട് വരുന്നവരെ പൂര്‍ണ്ണ മനസ്സോടെ സ്വാഗതം ചെയ്യുന്നതായി സിപിഐ നേതൃത്വം വ്യക്തമാക്കി. സിപിഎം കോട്ടയായിരുന്ന ഉദയംപേരൂരിലടക്കം നിരവധി നേതാക്കളും പ്രവര്‍ത്തകരും സിപിഐയിലേക്ക് കൂടുമാറിയത് സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ഇവരെ മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിച്ച സിപിഐ നടപടിയെ സിപിഎം രൂക്ഷമായി എതിര്‍ത്തുവെങ്കിലും കാനം രാജേന്ദ്രനടക്കമുള്ള നേതാക്കള്‍ വിഷയത്തില്‍ നേരിട്ടിടപെടുകയായിരുന്നു.

കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സിപിഎമ്മില്‍ നിന്നും സിപിഐയിലേക്ക് പ്രവര്‍ത്തകര്‍ പോകുന്ന കാര്യം പ്രതിനിധി ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നിരുന്നു. ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ മറുപടി. അതേ സമയം സിപിഎം വിമര്‍ശനങ്ങളെ തമാശയായിട്ട് മാത്രമേ കാണുന്നുള്ളൂ എന്ന് സിപിഐ നേതാക്കള്‍ പറയുന്നു.

ഇന്നലെ സിപിഐ ജില്ലാ സമ്മേളന പരിപാടികള്‍ വിശദീകരിക്കവെ സിപിഐ ജില്ലാ സെക്രട്ടറി പി.രാജു സിപിഎമ്മില്‍ നിന്ന് എത്രപേര്‍ വന്നാലും സ്വാഗതം ചെയ്യുമെന്ന് വ്യക്തമാക്കി. സിപിഎമ്മിലേക്ക് എത്ര സിപിഐക്കാര്‍ പോയാലും കുഴപ്പമില്ല. അതേ നിലപാട് സിപിഎമ്മും സ്വീകരിക്കണം. എറണാകുളം ജില്ലയില്‍ മാത്രമല്ല നിരവധി സ്ഥലങ്ങളില്‍ സിപിഎമ്മില്‍ നിന്നും സിപിഐയിലേക്ക് ധാരാളം പ്രവര്‍ത്തകര്‍ വരുന്നുണ്ട്. സിപിഎം നേതൃത്വത്തിലുള്ളവര്‍ വന്നാല്‍ കഴിയുമെങ്കില്‍ അവര്‍ക്ക് പദവികള്‍ നല്‍കണമെന്നത് തന്നെയാണ് സിപിഐ നയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐ കൊച്ചി മണ്ഡലം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം.ഡി ആന്റണി സിപിഎമ്മില്‍ നിന്നും രാജിവച്ചെത്തിയതാണ്. സിപിഎം നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന പ്രാദേശിക നേതാക്കളെയും ലക്ഷ്യംവച്ചാണ് സിപിഐ നീക്കമെന്ന് വ്യക്തം. ജില്ലാ സമ്മേളന ശേഷം കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തുമെന്ന സിപിഐ നേതാക്കളുടെ വാക്കുകള്‍ സിപിഎം ഗൗരവമായിട്ടാണ് കാണുന്നത്.

സിപിഐ സമ്മേളനത്തില്‍ വിഎസ് പങ്കെടുക്കും

ഇരുപാര്‍ട്ടികളും തമ്മിലുള്ള ചേരിപ്പോര് രൂക്ഷമായ എറണാകുളത്ത് സിപിഐ ജില്ലാ സമ്മേളനത്തില്‍ വിഎസ് അച്യുതാനന്ദന്‍ പങ്കെടുക്കും. സമ്മേളന ഭാഗമായി ഫെബ്രുവരി ഒന്നിന് നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സംഗമത്തിലാണ് വി.എസ് എത്തുന്നത്. സിപിഎമ്മിലെ ചേരിപ്പോരില്‍ വിഎസ് പക്ഷത്തിന്റെ കോട്ടയായി അറിയപ്പെട്ടിരുന്ന എറണാകുളത്ത് കഴിഞ്ഞയാഴ്ച നടന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ വിഎസിനെ പങ്കെടുപ്പിക്കാതിരുന്നത് ചര്‍ച്ചയായിരുന്നു. ഇത് ബോധപൂര്‍വമല്ലെന്നും സമ്മേളനങ്ങളില്‍ ആരെല്ലാമാണ് പ്രസംഗിക്കേണ്ടതെന്ന് സംസ്ഥാന സമിതിയാണ് നിശ്ചയിക്കുന്നതെന്നുമായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി പി.രാജീവ് വിശദീകരിച്ചത്.

ഇതിന് തൊട്ടുപിന്നാലെയാണ് സിപിഐ ജില്ലാ സമ്മേളനത്തില്‍ വിഎസ് പങ്കെടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സിപിഎമ്മുമായി രസത്തിലല്ലാത്ത സിപിഐയുടെ സമ്മേളനത്തില്‍ വിഎസ് എത്തുന്നത് ഔദ്യോഗിക പക്ഷത്തിന് തലവേദനയായിട്ടുണ്ട്. കേരളാ കോണ്‍ഗ്രസിനെ എല്‍ഡിഎഫിലെടുക്കാന്‍ സിപിഎം ശ്രമിക്കുമ്പോള്‍ സിപിഐ ശക്തമായി എതിര്‍ക്കുന്നു. ഈ വിഷയത്തില്‍ സിപിഐയുടെ നിലപാടിനൊപ്പമാണ് വിഎസും.

chandrika: