X

പുതിയ ലക്ഷ്യങ്ങളില്ലാതെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം

മുന്‍ പ്രഖ്യാപനങ്ങളുടെ ആവര്‍ത്തനങ്ങള്‍ മാത്രം
കാര്‍ഷിക വളര്‍ച്ച ഇരട്ടിയാക്കും
സ്ത്രീ രക്ഷക്കും തൊഴിലവസര സൃഷ്ടിപ്പിനും പ്രാധാന്യം നല്‍കും
സാമ്പത്തിക നില ഭദ്രമെന്നും രാഷ്ട്രപതി

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പുതിയ ലക്ഷ്യങ്ങളോ കാഴ്ചപ്പാടുകളോ ഇല്ലാതെ, മോദി സര്‍ക്കാറിന്റെ മുന്‍ വര്‍ഷങ്ങളിലെ വാഗ്ദാനങ്ങള്‍ അതേപടി ആവര്‍ത്തിക്കുക മാത്രമാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തന്റെ കന്നി നയപ്രഖ്യാപന പ്രസംഗത്തില്‍ ചെയ്തത്. കാര്‍ഷിക മേഖലക്കും തൊഴിലവസര സൃഷ്ടിപ്പിനും സ്ത്രീ ശാക്തീകരണത്തിനും ഊന്നല്‍ നല്‍കുമെന്ന് രാഷ്ട്രപതി പറഞ്ഞു. കാര്‍ഷിക മേഖലയില്‍നിന്നുള്ള വരുമാനം 2022ഓടെ ഇരട്ടിയായി വര്‍ധിപ്പിക്കും. ഇതിനായി നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍വര്‍ഷത്തെ നയപ്രഖ്യാപന പ്രസംഗത്തിലും ഈ അവകാശവാദം ഇടംപിടിച്ചിരുന്നു.
ആഗോള സാമ്പത്തിക മേഖല മാന്ദ്യത്തെ നേരിടുമ്പോഴും രാജ്യം മികച്ച വളര്‍ച്ചയാണ് കൈവരിക്കുന്നതെന്ന് രാഷ്ട്രപതി അവകാശപ്പെട്ടു. വിദേശ കരുതല്‍ ശേഖരം 410 ബില്യണ്‍ ഡോളര്‍ കടന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സുശക്തമാണെന്നതിന് തെളിവാണ്. കാര്‍ഷിക വിളകള്‍ക്ക് ഓണ്‍ലൈന്‍ വഴി പുതിയ വിപണികള്‍ കണ്ടെത്താന്‍ കര്‍ഷകര്‍ക്ക് അവസരം ഒരുക്കും. ഇത് അവരുടെ വിളകള്‍ക്ക് ന്യായമായ വില ലഭിക്കുന്നതിന് സഹായിക്കും. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഇ-നാം പോര്‍ട്ടലിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
സര്‍ക്കാര്‍ സേവനങ്ങളെ ആധാറുമായി ബന്ധിപ്പിക്കുന്നത് ഇടനിലക്കാരുടെ കൊള്ള തടയാന്‍ സഹായിക്കുന്നുണ്ട്. ഇതുവരെ 57,000 കോടി രൂപ ഇത്തരത്തില്‍ ലാഭിക്കാന്‍ കഴിഞ്ഞു. സീഖോ ഔര്‍ കമാവോ, ഉസ്താദ്, ഗരീബ് നവാസ് കുശാല്‍ വികാസ് യോജന, നയ് റോഷ്‌നി തുടങ്ങിയ പദ്ധതികളിലൂടെ മുസ്്‌ലിം, ക്രൈസ്തവ, സിഖ്, ബുദ്ധ, പാര്‍സി യുവാക്കള്‍ക്ക് തൊഴില്‍ രംഗത്ത് പ്രാപ്തരാക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് വരികയാണെന്നും രാഷ്ട്രപതി പറഞ്ഞു.
അതേസമയം കേന്ദ്ര സര്‍ക്കാറിനു കീഴില്‍ പുതുതായി സൃഷ്ടിക്കപ്പെട്ട തൊഴില്‍ അവസരങ്ങളുടേയോ മറ്റോ കണക്കുകള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഇടംപിടിച്ചില്ല. നോട്ടു നിരോധനവും ജി.എസ്.ടിയും കാരണം പതിനായിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമായെന്ന ആരോപണങ്ങള്‍ക്ക് ശരിവെക്കുന്നതാണ്, ഇതുസംബന്ധിച്ച് നയപ്രഖ്യാപന പ്രസംഗത്തില്‍ പ്രകടമായ മൗനം.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ടുള്ള ബേട്ടി ബച്ചാവോ പദ്ധതിക്ക് വലിയ സ്വീകരാ്യതയാണ് ലഭിച്ചതെന്ന് രാഷ്ട്രപതി അവകാശപ്പെട്ടു. 161 ജില്ലകളിലാണ് പ്രാഥമിക ഘട്ടത്തില്‍ പദ്ധതി നടപ്പാക്കിയത്. പിന്നീട് 640 ജില്ലകളിലേക്കും വ്യാപിപ്പിച്ചു. മുസ്്‌ലിം സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്താന്‍ തന്റെ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ചിലര്‍ തുരങ്കം വെക്കുകയാണെന്ന് രാഷ്ട്രപതി കുറ്റപ്പെടുത്തി. മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള ബില്‍ സര്‍ക്കാര്‍ പാര്‍ലമൈന്റില്‍ അവതരിപ്പിച്ചെങ്കിലും പാസാക്കാന്‍ കഴിഞ്ഞില്ല. ബില്‍ പാര്‍ലമെന്റ് ഉടന്‍ പാസാക്കുമെന്നും നിയമവിരുദ്ധ രീതികള്‍ തടയാന്‍ സഹായിക്കുന്ന തരത്തില്‍ നിയമ നിര്‍മാണത്തിന് മുതിരുമെന്നുമാണ് തന്റെ പ്രതീക്ഷയെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക, സാമൂഹിക ജനാധിപത്യമില്ലാതെ രാഷ്ട്രീയ ജനാധിപത്യം സാധ്യമാവില്ലെന്ന ബി.ആര്‍ അംബേദ്കറുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം തുടങ്ങിയത്. വിവിധ സംസ്ഥാന നിയമസഭകളിലേക്കും ലോക്‌സഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നതിനെക്കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ ഗൗരവതരമായി ആലോചിക്കണമെന്ന നിര്‍ദേശവും രാഷ്ട്രപതി മുന്നോട്ടു വെച്ചു.
ഫെബ്രുവരി ഒന്നിന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന പൊതു ബജറ്റ്, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ജനകീയ പ്രഖ്യാപനങ്ങള്‍ നിറഞ്ഞതായിരിക്കുമെന്ന സൂചനയും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലുണ്ടായിരുന്നു. മോദി സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണ് ജെയ്റ്റ്‌ലി വ്യാഴാഴ്ച സഭയില്‍ അവതരിപ്പിക്കുക. 2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ അടുത്ത വര്‍ഷം ഇടക്കാല ബജറ്റ് മാത്രമേ ഉണ്ടാകൂ.

chandrika: