X

പഞ്ചാബില്‍ ട്രാക്കിലെ ജനക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറിയ സംഭവം; മരണം 59 ആയി

അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില്‍ ദസറ ആഘോഷം കാണാന്‍യി ട്രാക്കില്‍ കൂടി നിന്ന ജനക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറിയ സംഭവത്തില്‍ മരണം 59 ആയി. ഇന്നലെ വൈകീട്ട് 6.45 ഓടെയാണ് അമൃത്സറിലെ ചൗറ ബസാറിലാണ് അപകടമുണ്ടായത്. ദസറ ആഘോഷത്തിനിടെ ട്രാക്കില്‍ കൂടി നിന്ന ആള്‍ക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറുകയായിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രാവണന്റെ വലിയ കോലം ഉണ്ടാക്കി വെടിമരുന്നുപയോഗിച്ച് ഉഗ്ര ശബ്ദത്തില്‍ കത്തിച്ച് ആഘോഷിക്കുന്നതാണ് ആചാരം. സംഭവത്തില്‍ 59 പേര്‍ കൊല്ലപ്പെട്ടതായും 57 പേര്‍ക്ക് പരിക്കേറ്റതായുമാണ് ഔദ്യോഗിക വിവരം
അമൃതസരില്‍ റെയില്‍വേ ട്രാക്കിന് അടുത്തുവെച്ചാണ് ആഘോഷം നടന്നത്. രാവണന്റെ കോലം കത്തിക്കുന്നതിനിടെ പടക്കത്തിന്റെ ഒച്ചകാരണം ട്രാക്കില്‍ കണ്ടു നിന്ന ആളുകള്‍ ട്രെയിനിന്റെ ശബ്ദം കേട്ടിരുന്നില്ല. ഇതോടെ അതിവേഗമെത്തിയ ജലന്ധര്‍-അമൃത്സര്‍ എക്സ്പ്രസ് പാളത്തില്‍നിന്നിരുന്ന ആളുകള്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

അതേസമയം അപകടമുണ്ടാക്കിയ ട്രെയില്‍ വരുന്നതിന് മിനുട്ടുകള്‍ മുന്നേ മറ്റൊരു ട്രെയില്‍ അതുവഴി വളരെ പതുക്കെ കടന്നു പൊയതായും റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് അമൃത്സര്‍ ട്രെയിന്‍ അപകട സ്ഥലം സന്ദര്‍ശിച്ചു.

 

സുരക്ഷാവീഴ്ച്ച ആരോപിച്ച് നാട്ടുകാര്‍ ദുരന്തസ്ഥലത്ത് പ്രതിഷേധിച്ചു. ട്രെയിന്‍ ഹോണടിക്കുകയോ, സംഭവസ്ഥലത്തെ ലെവല്‍ക്രോസ് അടക്കുകയോ ചെയ്തില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ലെവല്‍ക്രോസ് അടച്ചിരുന്നുവെന്ന് റയില്‍വേ അറിയിച്ചു. 700 ലധികം പേര്‍ അപകടസ്ഥലത്തുണ്ടായിരുന്നു. മരിച്ചവരില്‍ കുട്ടികളുമുണ്ട്. പഞ്ചാബ് മന്ത്രി നവ്‌ജോത് സിങ് സിദ്ദുവിന്റെ ഭാര്യ നവ്‌ജോത് കൗര്‍ സിദ്ദു ആഘോഷത്തില്‍ മുഖ്യാതിഥിയായിരുന്നു. ആഘോഷത്തിന്റെ സംഘാടകരുടെ ഭാഗത്തുനിന്നും വീഴ്ച്ചയുണ്ടായതായി സൂചനയുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. എതിര്‍ദിശയില്‍ മറ്റൊരു ട്രെയിന്‍ വന്നത് ആളുകള്‍ക്ക് രക്ഷപ്പെടാനുള്ള സാധ്യതകുറച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പഞ്ചാബ് സര്‍ക്കാരുമായി ബന്ധപ്പെടുകയും കേന്ദ്രസഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.

chandrika: