X
    Categories: Newsworld

‘കോടീശ്വരന്മാര്‍ക്കുള്ള കെണി, ടൈറ്റന്‍ യാത്ര ദുരന്തമാകുമെന്ന് റഷിന് അറിയാമായിരുന്നു’; വെളിപ്പെടുത്തലുമായി സുഹൃത്ത്

വാഷിങ്ടണ്‍: അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലുള്ള ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള ടൈറ്റന്‍ പേടക ദൗത്യം ദുരന്തത്തില്‍ കലാശിക്കുമെന്ന് ഓഷ്യന്‍ ഗേറ്റ് സി.ഇ.ഒ സ്‌റ്റോക്ക്റ്റണ്‍ റഷിന് അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. റഷിന്റെ സുഹൃത്ത് കാള്‍ സ്റ്റാന്‍ലിയാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. 60 മിനിറ്റ്‌സ് ഓസ്‌ട്രേലിയ എന്ന ചാനല്‍ പരിപാടിയിലാണ് സ്റ്റാന്‍ലി ഇക്കാര്യം വെളിപ്പെടുത്തിയത്. ടൈറ്റന്‍ യാത്ര ഇത്തരത്തില്‍ ദുരന്തത്തില്‍ അവസാനിക്കുമെന്ന് അദ്ദേഹത്തിന് നേരത്തെ അറിയാമായിരുന്നു. സത്യത്തില്‍ ശതകോടീശ്വരന്മാര്‍ക്കുള്ള കെണിയായിരുന്നു ഇതെന്നും യാത്രക്കായി പണം വാങ്ങി അവരെ കൊലക്കു കൊടുക്കുകയായിരുന്നുവെന്ന് വേണം പറയാന്‍. ശതകോടീശ്വന്മാര്‍ക്കു വേണ്ടി സ്‌റ്റോക്ക്റ്റണ്‍ റഷ് ഒരു കെണി ഒരുക്കിയതായാണ് തനിക്ക് തോന്നുന്നതെന്നും സ്റ്റാന്‍ലി പറഞ്ഞു.

കാര്‍ബണ്‍ ഫൈബറും ടൈറ്റാനിയം ക്രാഫ്റ്റും അപകടകരമാണെന്നും ടൈറ്റന്റെ കാര്‍ബണ്‍ ഫൈബര്‍ ട്യൂബ് തകരുന്നതിനെക്കുറിച്ച് റഷ് തന്നോട് ആശങ്ക പ്രകടിപ്പിച്ചിരുന്നതായും കാള്‍ സ്റ്റാന്‍ലി പറഞ്ഞു. ചരിത്രത്തില്‍ ഇടം നേടാന്‍ അദ്ദേഹം തന്റെ ജീവനും ഉപയോക്താക്കളുടെ ജീവനും പണയപ്പെടുത്തുകയായിരുന്നുവെന്നും കാള്‍ പറയുന്നു. സമുദ്രത്തിനടിയില്‍ തകര്‍ന്നു കിടക്കുന്ന ടൈറ്റന്റെ ചിത്രമുണ്ടായിരുന്നു തന്റെ മനസ്സില്‍. സ്റ്റോക്ക്റ്റന്‍ റഷ് പറഞ്ഞ വാക്കുകളും. ടൈറ്റന്‍ പൊട്ടിത്തെറിക്കാന്‍ കാരണമായത് കാര്‍ബണ്‍ ഫൈബര്‍ ട്യൂബാണെന്ന് തനിക്ക് സംശയമൊന്നുമില്ലെന്നും കാള്‍ വ്യക്തമാക്കി. അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ആഴത്തിലേക്ക് യാത്ര തിരിച്ച ടൈറ്റന്‍ പേടകം ജൂണ്‍ 18നാണ് അപകടത്തില്‍പ്പെട്ടത്. യാത്ര തിരിച്ച് ഒന്നേമുക്കാല്‍ മണിക്കൂറിനുശേഷം പേടകവുമായുള്ള ആശയവിനിമയം മാതൃകപ്പലായ പോളാര്‍ പ്രിന്‍സിന് നഷ്ടമാകുകയായിരുന്നു. നാല് ദിവസത്തിന് ശേഷം ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയും അഞ്ച് സഞ്ചാരികളും മരിച്ചെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.

webdesk11: