X

ടിക്കറ്റില്ലാതെ എ.സി കോച്ചില്‍ യാത്ര; ;ചോദ്യം ചെയ്ത ടി.ടി.ഇമാരെ പൊലീസുകാര്‍ വളഞ്ഞിട്ട് മര്‍ദിച്ചു

ട്രെയിനില്‍ ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടതിന് ടി.ടി.ഇമാരെ വളഞ്ഞിട്ട് ആക്രമിച്ച് പൊലീസുകാര്‍. ഇന്ന് ബികാനീര്‍പ്രയാഗ്‌രാജ് എക്‌സ്പ്രസിലാണു സംഭവം. ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന ഗവണ്‍മെന്റ് റെയില്‍വേ പൊലീസിലെ ജീവനക്കാരാണ് ഉദ്യോഗസ്ഥരെ മര്‍ദിച്ചത്.

ഫതഹ്പൂര്‍ ജി.ആര്‍.പിയിലെ സ്‌റ്റേഷന്‍ ഓഫിസര്‍ സാഹെബ് സിങ് ഉള്‍പ്പെടെയുള്ള നാല് പൊലീസുകാരാണ് ആക്രമണം അഴിച്ചുവിട്ടത്. ബികാനീര്‍പ്രയാഗ്‌രാജ് എക്‌സ്പ്രസില്‍ എ.സി കോച്ചില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയായിരുന്നു ഇവര്‍. കാണ്‍പൂര്‍ സെന്‍ട്രല്‍ സ്‌റ്റേഷനില്‍നിന്നാണ് ഇവര്‍ കയറിയത്. ടി.ടി.ഇ ടിക്കറ്റ് പരിശോധനയ്‌ക്കെത്തിയപ്പോഴാണ് ടിക്കറ്റില്ലാത്ത വിവരം അറിഞ്ഞത്.

ടിക്കറ്റ് കാണിക്കണമെന്നും ഇല്ലെങ്കില്‍ ട്രെയിനില്‍നിന്ന് ഇറങ്ങണമെന്നും ടി.ടി.ഇ ഇവരോട് ആവശ്യപ്പെട്ടു. ഇതോടെ വാക്കുതര്‍ക്കമായി. ഇതിനു പിന്നാലെ മറ്റ് ടി.ടി.ഇമാര്‍ കൂടി കോച്ചിലെത്തിയതോടെ പൊലീസുകാര്‍ ഇവരെ കൈയേറ്റം ചെയ്യുകയും വളഞ്ഞിട്ടുമര്‍ദിക്കുകയുമായിരുന്നു. ബാത്‌റൂമിന്റെ ഭാഗത്തേക്കു കൊണ്ടുപോയി ആക്രമിച്ചു.

അടുത്ത സ്‌റ്റേഷനിലെത്തില്‍ ഇറങ്ങിയ ശേഷം പ്ലാറ്റ്‌ഫോമില്‍ വച്ചും ഇവര്‍ ആക്രമണം തുടര്‍ന്നു. അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതായും പരാതിയുണ്ട്. എസ്.ഒ സാഹെബ് സിങ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രയാഗ്‌രാജ് ജി.ആര്‍.പി എസ്.പി അഷ്ടഭുജ സിങ് നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ ചോദ്യംചെയ്യലിനായി ഇവരെ കാണ്‍പൂര്‍ സെന്‍ട്രല്‍ സ്‌റ്റേഷനിലെത്തിച്ചു.

webdesk13: