X

ത്രിപുരയില്‍ റെക്കാര്‍ഡ് പോളിങ്; വോട്ടെണ്ണല്‍ മാര്‍ച്ച് മൂന്നിന്

അഗര്‍ത്തല: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാജ്യശ്രദ്ധ പിടിച്ചു പറ്റിയ ത്രിപുരയില്‍ റെക്കാര്‍ഡ് പോളിങ്. വൈകിട്ട് നാലോടെ പോളിങ് 74 ശതമാനം പിന്നിട്ടു. ഭരണം നിലനിര്‍ത്താന്‍ സിപിഎമ്മും പിടിച്ചെടുക്കാന്‍ ബിജെപിയും കോപ്പു കൂട്ടിയതോടെയാണ് തെരഞ്ഞെടുപ്പിന് ശ്രദ്ധേയമായത്. ഭരണകക്ഷിയായ സിപിഎമ്മിന് കനത്ത വെല്ലുവിളിയാണ് ബിജെപി പ്രചാരണ സമയത്ത് ഉയര്‍ത്തിയത്. കോണ്‍ഗ്രസും ഇരുമുന്നണികള്‍ക്കൊപ്പമുണ്ട്.

അക്രമ സംഭവങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. രണ്ട് ക്രൂഡ് ബോംബുകള്‍ സുരക്ഷാ സേന കണ്ടെത്തി. ഇത് നിര്‍വീര്യമാക്കിയതായും വക്താക്കള്‍ അറിയിച്ചു. വിവിപാറ്റ് മെഷീന്‍ ഉപയോഗിച്ച് നടത്തിയ ആദ്യത്തെ തെഞ്ഞെടുപ്പായിരുന്നു ത്രിപുരയിലേത്. ആകെയുള്ള 60 സീറ്റുകളില്‍ 59 സീറ്റുകളിലാണ് മത്സരം നടക്കുന്നത്. 3214 പോളിങ് സ്‌റ്റേഷനുകളിലായാണ് വോട്ടെടുപ്പ് നടന്നത്. സിപിഎം സ്ഥാനാര്‍ത്ഥി രാമേന്ദ്ര നാരായണ്‍ ദേബ് വര്‍മയുടെ മരണത്തെ തുടര്‍ന്ന് ചറിലാം മണ്ഡലത്തിലെ വോട്ടെടുപ്പ് അടുത്ത മാസം 12 ലേക്ക് മാറ്റി വച്ചു. 60 സീറ്റുകളില്‍ 20 സീറ്റുകള്‍ പട്ടിക വര്‍ഗ സംവരണമാണ്. 307 സ്ഥാനാര്‍ത്ഥികളാണ് രംഗത്തുള്ളത്. ത്രിപുര ഇന്നു വരെ കണ്ടിട്ടില്ലാത്ത തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് സംസ്ഥാനം സാക്ഷിയായത്. സിപിഎം ഭരണം പൊളിക്കാന്‍ കേന്ദ്രഭരണത്തിന്റെ പിന്‍ബലത്തില്‍ ബിജെപി പ്രചാരണം ശക്തമാക്കിയതാണ് പ്രചാരണം വാശിയേറിയതാക്കിയത്.

രാവിലെ മുതല്‍ തന്നെ പോളിങ് സ്‌റ്റേഷനുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര തന്നെയുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ ഉയര്‍ന്ന പ്രദേശങ്ങളിലും കനത്ത പോളിങാണ് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു വോട്ടെടുപ്പ്. മെഷീനില്‍ തകരാര്‍ കണ്ടെത്തിയ 150 സ്റ്റേഷനുകളില്‍ വോട്ടെടുപ്പിന് താമസം നേരിട്ടു.
സിപിഎം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയതായും ബിജെപി വിജയം കൈവരിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപ്‌ലബ് കുമാര്‍ ദേബ് പറഞ്ഞു. പോളിങ് ഓഫീസര്‍മാര്‍ മോശമായി പെരുമാറിയതായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിജ്രജിത് സിന്‍ഹ ആരോപിച്ചു. എന്നാല്‍, കേന്ദ്രസേന വോട്ടര്‍മാരോടും ഉദ്യോഗസ്ഥരോടും മോശമായി പെരുമാറിയതായി സിപിഎം സ്ഥാനാര്‍ത്ഥി ബിജോയി ലക്ഷ്മി സിന്‍ഹ പരഞ്ഞു.

എല്‍ഡിഎഫില്‍ സിപിഎം 57 സീറ്റില്‍ മത്സരിക്കുമ്പോള്‍ സിപിഐ, ഫോര്‍വേഡ് ബ്ലോക്ക് ഓരോ സീറ്റുകളിലാണ് മത്സരിക്കുന്നത്. ബിജെപി 51 സീറ്റുകളിലും സഖ്യകക്ഷിയായ ഐപിഎഫ്ടി ഒന്‍പത് സീറ്റുകളിലും മത്സരിക്കുന്നു. 59 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഗോതമി കക്‌ബോന്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല. 2008ലും 2013ലും നടന്ന തെരഞ്ഞെടുപ്പില്‍ റെക്കാര്‍ഡ് പോളിങാണ് രേഖപ്പെടുത്തിയത്. 92ഉം 91ഉം ശതമാനം. അടുത്ത മാസം മൂന്നിന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.

chandrika: