X

ബി.ജെ.പി നേതാവിന് ജോലി നല്‍കണമെന്ന് കത്ത്; ത്രിപുര ഗവര്‍ണര്‍ വിവാദത്തില്‍

അഗര്‍ത്തല: സുഹൃത്തായ ബി.ജെ.പി നേതാവിന് ജോലി നല്‍കണമെന്നാവശ്യപ്പെട്ട് കത്തയച്ച ത്രിപുര ഗവര്‍ണര്‍ തഥാഗത റോയി വിവാദത്തില്‍.

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനാണ് ഗവര്‍ണര്‍ ബിജെപി നേതാവിന് ശുപാര്‍ശയുമായി കത്തയച്ചത്. പാര്‍ട്ടി സഹപ്രവര്‍ത്തകനും പശ്ചിമ ബംഗാള്‍ സ്വദേശിയുമായ സര്‍വധമന്‍ റേക്കു വേണ്ടിയാണ് ഗവര്‍ണറുടെ പ്രത്യേക ശുപാര്‍ശ.

മാര്‍ച്ച് 14നാണ് കത്തയച്ചത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ സര്‍വധമന്‍ റേ സ്വകാര്യ സ്ഥാപനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാറിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ടെന്നും അതിനാല്‍ റേക്കു ജോലി നല്‍കണമെന്നുമാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

മാര്‍ച്ച് 23ന് മുഖ്യമന്ത്രിയുടെ ഓഫീസ് കത്ത് കൈപ്പറ്റിയതായാണ് വിവരം. അതേസമയം സംഭവത്തെക്കുറിച്ച് അറിവില്ലെന്ന് ഗവര്‍ണറുടെ സെക്രട്ടറി സമര്‍ജിത്ത് ഭൗമികും മുഖ്യമന്ത്രിയുടെ പ്രത്യേക ഡ്യൂട്ടി ഓഫീസര്‍ സഞ്ജയ് മിശ്രയും പ്രതികരിച്ചു. അതേസമയം, സംസ്ഥാന ബി.ജെ.പി നേതൃത്വം സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയാറായില്ല.

chandrika: