X
    Categories: keralaNews

‘എം.വി ജയരാജന്റെ ക്യാപ്‌സൂളിന് വന്‍ തിരക്ക്; ക്യാപ്‌സൂള്‍ തയ്യാറാവുന്നത് വരെ മൗനം പാലിക്കാന്‍ നിര്‍ദേശം’

കോഴിക്കോട്: മുഖ്യമന്ത്രിയുടെ വിശ്വസ്തനും തൊട്ടുപിന്നാലെ പാര്‍ട്ടി സെക്രട്ടറിയുടെ മകനും അറസ്റ്റിലായതോടെ ന്യായീകരിച്ചു കുഴങ്ങി സിപിഎം പ്രവര്‍ത്തകര്‍. പാര്‍ട്ടിയും സര്‍ക്കാറും വന്‍ പ്രതിസന്ധിയില്‍ പെട്ടതോടെ വന്‍ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ ഓടുന്നത്. എം.വി ജയരാജന്റെ ന്യായീകരണ ക്യാപ്‌സൂളുകള്‍ തന്നെയാണ് ട്രോളന്‍മാരുടെ ഇഷ്ടവിഷയം. അടിക്കടിയുണ്ടായ തിരിച്ചടികള്‍ മൂലം ക്യാപ്‌സൂളുകള്‍ തയ്യാറാക്കാന്‍ സമയം കുറവായതിനാല്‍ തല്‍ക്കാലം മൗനം പാലിക്കാനാണ് നിര്‍ദേശമെന്നാണ് പലരുടെയും പരിഹാസം.

അതിനിടെ രസകരമായ ന്യായീകരണങ്ങളും വരുന്നുണ്ട്. മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായ എന്‍.എന്‍ കൃഷ്ണദാസാണ് ഇത്തരം ഒരു ന്യായീകരണം എഴുന്നള്ളിച്ചത്. എം.ശിവശങ്കര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണെന്നും അതുകൊണ്ട് അദ്ദേഹം തെറ്റ് ചെയ്താല്‍ ഇപ്പോള്‍ രാജ്യം ഭരിക്കുന്ന ബിജെപിയും നേരത്തെ ഭരിച്ച കോണ്‍ഗ്രസുമാണ് ഉത്തരം പറയേണ്ടത് എന്നുമാണ് കൃഷണദാസിന്റെ പക്ഷം. ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചതെന്ന കാര്യം തന്നെ അദ്ദേഹത്തിന് ഓര്‍മയില്ല.

അതേ സമയം അടുപ്പിച്ചുണ്ടായ തിരിച്ചടിയില്‍ സിപിഎം നേതൃത്വം തന്നെ വലിയ ആഘാതത്തിലാണ്. പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടത് പാര്‍ട്ടി സെക്രട്ടറിയുടെയും കുടുംബത്തിന്റെയും ധാര്‍മ്മികതയെക്കൂടി ചോദ്യം ചെയ്യപ്പെടുന്നതാണ്. പുറത്ത് എന്തൊക്കെ ന്യായീകരണങ്ങള്‍ പറഞ്ഞാലും പാര്‍ട്ടിക്കകത്ത് ഇത് വലിയ ചര്‍ച്ചയായിട്ടുണ്ട്. നാളെ സിപിഎം കേന്ദ്ര കമ്മിറ്റി നടക്കാനിരിക്കെയാണ് കോടിയേരിക്ക് തിരിച്ചടിയുണ്ടായത്. സിപിഎം കേന്ദ്ര നേതൃത്വം ഈ വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നതും പ്രധാനമാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: