X
    Categories: CultureNewsViews

തനിക്കെതിരെ ഇംപീച്ച്‌മെന്റ് നീക്കം നടത്തുന്നവര്‍ രാജ്യദ്രോഹികളെന്ന് ട്രംപ്

വാഷിങ്ടണ്‍: തനിക്കെതിരെ ഇംപീച്ച്‌മെന്റ് നടപടികളുമായി മുന്നോട്ട് പോവുന്ന ഡെമോക്രാറ്റുകളേയും അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ആദം ഷിഫിനേയും രാജ്യദ്രോഹികള്‍ എന്ന് അധിക്ഷേപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. തെളിവ് നല്‍കാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് മൈക്ക് പോംപെയോ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസയച്ചതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി ട്രംപ് രംഗത്തെത്തിയത്. ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും ട്രംപ് പൊട്ടിത്തെറിച്ചു.

ഫിന്‍ലന്റ് പ്രസിഡന്റുമൊത്ത് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിനിടയിലാണ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇംപീച്ച്‌മെന്റ് നടപടികള്‍ക്കെതിരെ ട്രംപ് പൊട്ടിത്തെറിച്ചത്. തനിക്കെതിരായ അന്വേഷണം രാജ്യദ്രോഹമാണ്, തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണ്. അധികാര ദുര്‍വിനിയോഗം അന്വേഷിക്കുന്ന യു.എസ് കോണ്‍ഗ്രസിന്റെ ഇന്റലിജന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ആദം ഷിഫ് രാജ്യദ്രോഹിയാണോ എന്ന് പരിശോധിക്കണം. ഷിഫ് എത്രയും പെട്ടന്ന് രാജി വയ്ക്കണണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവരില്‍ മുന്‍നിരയിലുള്ള ജോ ബൈഡനും മകനുമെതിരെ കേസെടുക്കാന്‍ യുക്രേനിയന്‍ പ്രസിഡന്റിനെ സ്വാധീനിച്ചു എന്ന തനിക്കെതിരായ പരാതിയില്‍ ആദം ഷിഫിന് പങ്കുണ്ടെന്നും ട്രംപ് ആരോപിച്ചു. തെളിവ് ലഭിക്കും മുമ്പ് പരാതി എഴുതാന്‍ ഷിഫ് സഹായം നല്‍കിയെന്നും ട്രംപ് കുറ്റപ്പെടുത്തി.

ഇംപീച്ച്‌മെന്റ് നടപടികളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകനേയും ട്രംപ് വെറുതെവിട്ടില്ല. ചില മാധ്യമപ്രവര്‍ത്തകര്‍ തട്ടിപ്പുകാരാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ ഇടപെട്ടവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: