X

ഫോണ്‍ ചോര്‍ത്തല്‍: ട്രംപിന്റെ ആരോപണം എഫ്.ബി.ഐ മേധാവി നിഷേധിച്ചു

വാഷിങ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പ് കാലത്ത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന തന്റെ ഫോണ്‍ ചോര്‍ത്താന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ ഉത്തരവിട്ടെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം എഫ്.ബി.ഐ ഡയറക്ടര്‍ ജെയിംസ് കോമി നിഷേധിച്ചു. ട്രംപിന്റെ ആരോപണം പരസ്യമായി നിഷേധിക്കാന്‍ യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റിനോട് കോമി ആവശ്യപ്പെട്ടതായി ന്യൂയോര്‍ക്ക് ടൈംസും എന്‍ബിസിയും പറയുന്നു. ഒബാമയുടെ ഉത്തരവു പ്രകാരം ട്രംപിന്റെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തെ ശരിവെക്കുന്നത് എഫ്ബിഐ നിയമം ലംഘിച്ചുവെന്ന് സമ്മതിക്കുന്നതിന് തുല്യമാവും. അതുകൊണ്ടാണ് പ്രശ്‌നത്തില്‍ കോമി അടിയന്തരമായി ഇടപെട്ടതെന്ന് യു.എസ് മാധ്യമങ്ങള്‍ പറയുന്നു. വാര്‍ത്തയോട് ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റ് പ്രതികരിച്ചിട്ടില്ല. ട്രംപിന്റെ ആരോപണത്തിന് ബലം നല്‍കുന്ന തെളിവുകളൊന്നും ഇല്ലെന്ന് കോമി വിശ്വസിക്കുന്നതായും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസും എന്‍ബിസിയും വ്യക്തമാക്കി. യു.എസ് പ്രസിഡന്റിനെതിരെ ഒരു എഫ്.ബി.ഐ ഡയറക്ടര്‍ രംഗത്തെത്തുന്നതും ആദ്യമാണ്.

ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍നിന്നുള്ള ട്രംപിന്റെ ഫോണുകള്‍ ചോര്‍ത്തിയെന്ന് സ്ഥാപിക്കാവുന്ന തെളിവുകളൊന്നും ട്രംപ് മുന്നോട്ടുവെച്ചിട്ടില്ല. ട്രംപിന്റെ ആരോപണം ഒബാമയുടെ വക്താവ് ശക്തമായി നിഷേധിച്ചിട്ടുണ്ട്. ഫോറിന്‍ ഇന്റലിജന്‍സ് സര്‍വൈലന്‍സ് ആക്ട്(ഫിസ) കോര്‍ട്ടിലൂടെയല്ലാതെ പ്രസിഡന്റിന് ഫോണ്‍ ചോര്‍ത്തലിന് ഉത്തരവിടാന്‍ സാധിക്കില്ല. ഒബാമയില്‍നിന്ന് ഫിസ കോര്‍ട്ട് ഓര്‍ഡര്‍ ഉണ്ടായിട്ടില്ലെന്ന് മുന്‍ ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ ജെയിംസ് ക്ലാപ്പറും വ്യക്തമാക്കിയിട്ടുണ്ട്. ഒബാമ ഫോണ്‍ ചോര്‍ത്തിയതിന് തെളിവു കൊണ്ടുവരാന്‍ പ്രമുഖ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളെല്ലാം ട്രംപിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ട്രംപിന്റെ ടീം അംഗങ്ങള്‍ക്ക് റഷ്യന്‍ ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തെക്കുറിച്ച് യു.എസ് കോണ്‍ഗ്രസും എഫ്.ബി.ഐയും അന്വേഷണം തുടരുകയാണ്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെ തോല്‍പ്പിക്കാനും ട്രംപിനെ വിജയിപ്പിക്കാനും റഷ്യന്‍ തെരഞ്ഞെടുപ്പില്‍ ഇടപെട്ടതായി അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികളെല്ലാം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തെ വഴിതിരിച്ചുവിടാനാണ് ഒബാമക്കെതിരെ ട്രംപ് ആരോപണമുന്നയിച്ചതെന്ന് കരുതുന്നു.

chandrika: