X
    Categories: Newsworld

ജയിച്ചെന്ന് വ്യാജപ്രചാരണം; ട്രംപിന്റെ പോസ്റ്റുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിയന്ത്രണം

വാഷിങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പോസ്റ്റ് ചെയ്തതോടെ ഡൊണാള്‍ഡ് ട്രംപിന് സോഷ്യല്‍ മീഡിയയില്‍ നിയന്ത്രണം. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പ്ലാറ്റ്‌ഫോമുകളാണ് ട്രംപിന്റെ പോസ്റ്റുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. ഫേസ്ബുക്ക് ട്രംപിന്റെ പേജിലെ എല്ലാ പോസ്റ്റുകള്‍ക്ക് അടിയിലും, ഫാക്ട് ചെക്ക് ഫ്‌ളാഗുകള്‍ നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം ട്രംപിന്റെ സന്ദേശങ്ങളും പോസ്റ്റുകളും ഫാക്ട് ചെക്കിന് വിധേയമാണ് എന്നാണ് ഫേസ്ബുക്ക് പറയുന്നത്.

അതേ സമയം ട്വിറ്റര്‍ വോട്ട് എണ്ണല്‍ ആരംഭിച്ചത് മുതല്‍ ഇതുവരെ ട്രംപ് പോസ്റ്റ് ചെയ്ത നാലോളം ട്വീറ്റുകള്‍ മറച്ചു. വസ്തുതയില്‍ പ്രശ്‌നമുണ്ട് എന്ന ട്വിറ്ററിന്റെ ഫ്‌ളാഗ് കഴിഞ്ഞ് മാത്രമേ ഇത് വായിക്കാന്‍ സാധിക്കൂ. ഇന്നലെ മുതല്‍ വിജയം അവകാശപ്പെട്ട് നിരവധി പോസ്റ്റുകളാണ് ട്രംപ് നടത്തിയത്. ഇവയെല്ലാം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

നേരത്തെ തന്നെ ട്വീറ്റുകള്‍ ഫ്‌ളാഗ് ചെയ്തതിന് ട്വിറ്ററും ട്രംപും തമ്മില്‍ വലിയ തോതില്‍ തര്‍ക്കമുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ സോഷ്യല്‍ മീഡിയ നിയന്ത്രണത്തിന് എക്‌സിക്യൂട്ടീവ് ഓഡര്‍ പോലും ഇറക്കുന്ന രീതിയിലേക്ക് ഇത് മാറിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിച്ചതിന് സോഷ്യല്‍ മീഡിയയില്‍ ട്രംപിന് ചെക്ക് ഫ്‌ളാഗുകള്‍ നല്‍കിയിരിക്കുന്നത്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: