X

പ്രതിഷേധം ശക്തം; ട്രംപിന്റെ ‘വിവാദ’ ഉത്തരവിന് സ്റ്റേ

വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവ് കോടതി ഭാഗികമായി സ്‌റ്റേ ചെയ്തു. മുസ്‌ലിം ഭൂരിപക്ഷമുള്ള ഏഴു രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഉത്തരവ് ബ്രൂക്ക്‌ലിന്‍ ഫെഡറല്‍ ജഡ്ജി ആണ് സ്‌റ്റേ ചെയ്തത്. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. വിലക്കിന് ശേഷം അമേരിക്കയിലെത്തിയവരെ തിരിച്ചയക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്.

ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍,ലിബിയ, സൊമാലിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ ഇനി ഉത്തരവുണ്ടാകുന്നതുവരെ വിലക്കി. വിലക്കിന് അമേരിക്കയിലെ വിമാനത്താവളങ്ങളിലുള്‍പ്പെടെ പ്രതിഷേധം ശക്തമായിരുന്നു.

നിയമപരമായ വിസയുമായി മുസ്‌ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ നിന്നെത്തുവരെ തിരിച്ചയക്കുന്നതും അഭയാര്‍ത്ഥികളെ മടക്കി അയക്കുന്നതുമായ നടപടികള്‍ക്ക് ഇതോടെ തിരിച്ചടിയായി. ട്രംപിന്റെ പുതിയ നടപടിക്ക് രാജ്യമൊട്ടാകെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഉത്തരവ് പുറത്തുവന്നതോടെ അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളില്‍ ആളുകളെ തടഞ്ഞുവെച്ചിരുന്നു. ഇതില്‍ പ്രതിഷേധം വ്യാപകമായിരിക്കുകയായിരുന്നു. ഉത്തരവിനെ ഹര്‍ഷാരവങ്ങളോടെയാണ് ബോസ്റ്റണ്‍ ലോഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രതിഷേധിച്ചവര്‍ വരവേറ്റത്.

വെള്ളിയാഴ്ച്ചയാണ് ട്രംപിന്റെ ഉത്തരവ് വന്നത്. ഇതോടെ വിമാനത്താവളത്തില്‍ ആളുകളെ തടയുകയും പ്രവേശനം നിഷേധിക്കുകയും ചെയ്തിരുന്നു. വിമാനത്താവളങ്ങളില്‍ മാത്രമായി 200പേരെ തടഞ്ഞുവെച്ചിരുന്നു. എന്നാല്‍ സ്റ്റേ ലഭിച്ചതോടെ ഇവര്‍ക്ക് അമേരിക്കയില്‍ തുടരാന്‍ കഴിയും. ട്രംപിന്റെ ഉത്തരവിന്റെ സാധുത ചോദ്യം ചെയ്ത് തിങ്കളാഴ്ച്ച കോടതിയെ സമീപിക്കുമെന്ന് ദ് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് അറിയിച്ചിട്ടുണ്ട്.

chandrika: