X

കുടിയേറ്റ രാജ്യങ്ങള്‍ക്കെതിരെ അസഭ്യ പരാമര്‍ശം, വംശീയ വിഷംതുപ്പി ട്രംപ്; വ്യാപക പ്രതിഷേധം

 

വാഷിങ്ടണ്‍: മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ക്ക് പിന്നാലെ വംശീയ വിഷം തുപ്പി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരെയാണ് പരസ്യമായി ട്രംപിന്റെ അസഭ്യ പരാമര്‍ശം. കുടിയേറ്റ നിയമ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് യു.എസ് പാര്‍ലമെന്റ് അംഗങ്ങളുമായി നടത്തിയ ചര്‍ച്ചകള്‍ക്കിടെയാണ് ട്രംപ് സഭ്യേതരമായ വാക്കുപയോഗിച്ചത്. ‘ഷിറ്റ് ഹോള്‍’ രാജ്യങ്ങള്‍ എന്നായിരുന്നു പരാമര്‍ശം. പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

പാര്‍ലമെന്റ് അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ എന്തിനാണ് ഇത്തരം ഷിറ്റ്‌ഹോള്‍ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ അമേരിക്ക സ്വീകരിക്കുന്നതെന്നായിരുന്നു പരാമര്‍ശം. യോഗത്തില്‍ പങ്കെടുത്ത ചിലരെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആഫ്രിക്കന്‍ രാജ്യങ്ങളെ ഉദ്ദേശിച്ചാണ് ട്രംപ് പരാമര്‍ശം നടത്തിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

‘ചില പ്രത്യേക രാജ്യങ്ങളില്‍ നിന്നുള്ളവരെയും പ്രത്യേക നിറമുള്ളവരെയും ട്രംപിന് ഇഷ്ടമല്ലെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. ഭരണഘടനയുടെ മൂല്യങ്ങള്‍ ഉള്‍കൊള്ളാത്ത, വംശീയമായി ചിന്തിക്കുന്ന ഒരാളാണ് പ്രസിഡന്റ് ട്രംപ്’- പാര്‍ലമെന്റ് അംഗം ലൂയിസ് ഗട്ടിയേറസ് വിമര്‍ശിച്ചു.

വിദേശ പൗരന്മാര്‍ അമേരിക്കയിലേക്ക് കുടിയേറുന്നത് നിയന്ത്രിക്കുന്നതിനുള്ള നിയമം അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാര്‍ലമെന്റ് അംഗങ്ങളുമായി ട്രംപ് വൈറ്റ്ഹൗസില്‍ ചര്‍ച്ച നടത്തിയത്. യു.എസിലുള്ള വിദേശ പൗരന്മാര്‍ അവരുടെ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതും ഗ്രീന്‍കാര്‍ഡ് വിസയും നിയന്ത്രിക്കുന്നതിനാണ് ട്രംപിന്റെ നീക്കം. ട്രംപിന്റെ പ്രസ്താവനക്കെതിരെ യുഎന്നും ആഫ്രിക്കന്‍ യൂണിയനും രംഗത്തെത്തി. പ്രസ്താവന വംശീയമെന്ന് യു.എന്‍ വക്താവ് റൂബര്‍ട്ട് കോള്‍വില്ലെ പറഞ്ഞു. ‘ട്രംപിനെ ഓര്‍ത്ത് ദുഖിക്കുന്നു. ഇത്തരം മോശമായ പദങ്ങള്‍ പ്രയോഗിക്കുന്ന ട്രംപ് ഇരിക്കുന്ന പദവി ദുരുപയോഗം ചെയ്യുകയാണ്. മനുഷ്യത്വത്തിനെതിരെയുള്ള വാതില്‍ ട്രംപ് തുറന്നിടുകയാണ്’-അദ്ദേഹം ആരോപിച്ചു.

ട്രംപിന്റേത് വംശീയ നിലപാടെന്ന് നോര്‍വെ പ്രധാനമന്ത്രി എര്‍ണ സോള്‍ബര്‍ഗ് വ്യക്തമാക്കി. ‘നൈജീരിയയിലെ ജനങ്ങള്‍ക്കൊപ്പം ഒരിക്കലെങ്കിലും ട്രംപ് ജീവിക്കണം. അവരുടെ സംസ്‌കാരം മനസിലാക്കണം. ഹെയ്തിയന്‍സിനെ കുറിച്ച് ട്രംപ് ആരോപണം ഉന്നയിച്ചിരിക്കുന്നു. യുഎസില്‍ നിന്നാണ് ഹെയ്തിയന്‍സിന് എയ്ഡ്‌സ് രോഗം പിടിപെട്ടത്’. നോര്‍വെ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

ട്രംപിന്റെ വാക്കുകള്‍ വരാന്‍ പോകുന്ന അപകടങ്ങളുടെ സൂചനയാണെന്നു ആഫ്രിക്കന്‍ യൂണിന്‍ ആരോപിച്ചു. യുഎസില്‍ ആഫ്രിക്കക്കാര്‍ അനുഭവിച്ച അടിമത്തം ചരിത്രത്തില്‍ ഇന്നും കാണാം. ആ വ്യവസ്ഥിതിയുടെ മറ്റൊരു മുഖമാണ് ട്രംപ് പ്രകടമാക്കിയത്. ആഫ്രിക്കന്‍ യൂണിയന്‍ വക്താവ് ഇബ്ബാ കലോഡോ വ്യക്തമാക്കി.
ട്രംപിന്റെ പ്രസ്ഥാവന അങ്ങേയറ്റം നിന്ദ്യമാണെന്നു ആഫ്രിക്കന്‍ ഭരണ പാര്‍ട്ടി ആരോപിച്ചു. ആഫ്രിക്കയോട് ഇപ്പോഴും വിവേചനം കാട്ടുന്നതിന്റെ പ്രതിഫലനമാണ് ട്രംപിന്റെ പ്രസ്ഥാവനയെന്ന് ആഫ്രിക്കന്‍ സംഘടനകള്‍ ആരോപിച്ചു.

chandrika: