X
    Categories: Newsworld

രോഗലക്ഷണങ്ങള്‍ കൂടുന്നു; ട്രംപിനെ സൈനിക ആശുപത്രിയിലേക്ക് മാറ്റി

ന്യൂയോര്‍ക്ക്: കൊവിഡ് സ്ഥിരീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ചെറിയ തോതില്‍ ശ്വസന പ്രശ്‌നങ്ങളും രോഗലക്ഷണങ്ങളും അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ അമേരിക്കയില്‍ കൊവിഡ് പ്രതിരോധത്തിനായി അവസാനഘട്ട പരീക്ഷണത്തിലിരിക്കുന്ന മരുന്നായ REGN-COV2 ആന്റിബോഡി മിശ്രിതത്തിന്റെ ഒരു ഡോസ് ട്രംപ് സ്വീകരിച്ചിരുന്നു. നിലവില്‍ ക്ലിനിക്കല്‍ അനുമതി ലഭിച്ചിട്ടില്ലാത്ത് മരുന്നാണിത്. ട്രംപിന് ഈ മരുന്ന് നല്‍കിയതിനെതിരെ ആരോഗ്യ വിദഗ്ധര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

അതേസമയം, കോവിഡ് ബാധിതനായതോടെ പ്രതികരിക്കാതിരുന്ന ട്രംപ് മൗനം ലംഘിച്ചു. തന്നെ വാള്‍ട്ടര്‍ റീഡിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ട്വിറ്റര്‍ വീഡിയോയിലൂടെ ട്രംപ് തന്നെയാണ് അറിയിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ ഞാന്‍ വളരെ ആരോഗ്യവാനാണെന്ന് കരുതുന്നതായും വൈറ്റ് ഹൗസിനുള്ളില്‍ നിന്നും റെക്കോര്‍ഡുചെയ്ത് 18 സെക്കന്‍ഡ് വീഡിയോയില്‍ ട്രംപ് പറഞ്ഞു. തനിക്ക് മികച്ച പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ട്വിറ്ററില്‍ പങ്കുവെച്ച് വീഡിയോയിലൂടെ ട്രംപ് പറഞ്ഞു.

 

chandrika: