X

തുര്‍ക്കി-സിറിയ: ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 28,000 പിന്നിട്ടു

ഇസ്താംബൂള്‍: തുര്‍ക്കിയെയും സിറിയയെയും തകര്‍ത്തെറിഞ്ഞ വന്‍ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 28,000 പിന്നിട്ടു. തിരച്ചില്‍ പുരോഗമിച്ചുകൊണ്ടിരിക്കെ മരണനിരക്ക് ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ട്. പുറത്തെടുക്കാത്ത മൃതദേങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ അഴുകിത്തുടങ്ങിയിട്ടുണ്ട്. ദുരന്തഭൂമിയില്‍ ദുര്‍ഗന്ധം പരന്നു തുടങ്ങിയതായി മാധ്യമങ്ങള്‍ പറയുന്നു.

വന്‍ ഭൂകമ്പങ്ങള്‍ നടന്ന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ നിരവധി പേരെ ജീവനോടെ പുറത്തെടുക്കാന്‍ സാധിച്ചത് പ്രതീക്ഷ പകരുന്നുണ്ടെങ്കിലും സമയം അതിക്രമിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. 12 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ സിറിയന്‍ മേഖലയെ ഭൂകമ്പങ്ങള്‍ കീഴ്മേല്‍ മറിച്ചിരിക്കുകയാണ്. സിറിയയില്‍ 53 ലക്ഷം പേര്‍ ഭവനരഹിതരായിട്ടുണ്ടെന്ന് യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സി പറയുന്നു. തീരദേശ നഗരമായ ലതാകിയയിലെ ആശുപത്രിയില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സിറിയന്‍ പ്രസിഡന്റ് ബഷാറുല്‍ അസദും ഭാര്യ അസ്മയും സന്ദര്‍ശിച്ചു. വിമത നിയന്ത്രണത്തിലുള്ള ദുരന്തബാധിത മേഖലയിലേക്ക് സിറിയന്‍ ഭരണകൂടം സഹായങ്ങള്‍ എത്തിച്ചു തുടങ്ങിയിട്ടുണ്ട്. ഇവിടേക്ക് അന്താരാഷ്ട്ര സഹായത്തിനും അസദ് ഭരണകൂടം അനുമതി നല്‍ കി. ലോകാരോഗ്യ സംഘടന(ഡബ്ല്യു.ടി.ഒ)യുടെ മേധാവി ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് 35 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളുമായി അലെപ്പോയിലെത്തിയിട്ടുണ്ട്.

വരും ദിവസങ്ങളില്‍ 30 ടണ്‍ മെഡിക്കല്‍ സാമഗ്രികള്‍ കൂടി എത്തുമെന്ന് അദ്ദേഹം അറിയിച്ചു. 100 വര്‍ഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണ് മേഖലയില്‍ സംഭവിച്ചതെന്ന് യു.എന്‍ സഹായ മേധാവി മാര്‍ടിന്‍ ഗ്രിഫിത്സ് പറഞ്ഞു. ദുരന്തത്തോടുള്ള തുര്‍ക്കിയുടെ പ്രതികരണത്തെ അസാധാരണമാണെന്ന് പറഞ്ഞ് അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

webdesk11: