X

അമേിക്ക-തുര്‍ക്കി ബന്ധം തകര്‍ച്ചയില്‍: ഉര്‍ദുഗാന്‍

ഇസ്തംബൂള്‍: അമേരിക്കയുമായുള്ള ബന്ധം തകര്‍ച്ചയുടെ വക്കിലാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. തുര്‍ക്കി പുതിയ സഖ്യകക്ഷികളെ അന്വേഷിക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യു.എസ് പുരോഹിതന്‍ ആന്‍ഡ്ര്യൂ ബ്രന്‍സണിനെ ജയിലിലടച്ചത് ഉള്‍പ്പെയുള്ള നിരവധി പ്രശ്‌നങ്ങളെത്തുടര്‍ന്ന് നാറ്റോ സഖ്യരാജ്യങ്ങളായ അമേരിക്കയും തുര്‍ക്കിയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കുകയാണ്. തര്‍ക്കം രൂക്ഷമായതോടെ തുര്‍ക്കി കറന്‍സിയായ ലിറയുട മൂല്യം ഗണ്യമായി ഇടിഞ്ഞിട്ടുണ്ട്.

തുര്‍ക്കിയില്‍നിന്നുള്ള ഉരുക്ക്, അലുമിനീയം ഉല്‍പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇരട്ടിയാക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് ലിറയുടെ മൂല്യത്തകര്‍ച്ചക്ക് കാരണം. തുര്‍ക്കിയുടെ പരമാധികാരം മാനിക്കാന്‍ അമേരിക്ക തയാറാകുന്നില്ലെങ്കില്‍ ഉഭയകക്ഷി ബന്ധം തകരുമെന്നും തങ്ങള്‍ക്ക് പുതിയ സുഹൃത്തുക്കളെ അന്വേഷിക്കേണ്ടിവരുമെന്നും ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ ഉര്‍ദുഗാന്‍ വ്യക്തമാക്കി. തുര്‍ക്കിയുമായുള്ള ബന്ധം സുഖകരമല്ലെന്ന് ട്രംപ് ഭരണകൂടവും പ്രഖ്യാപിച്ചിട്ടുണ്ട്. ലിറയുടെ വിനിമയ മൂല്യം ഇടിഞ്ഞതില്‍ തുര്‍ക്കിക്ക് ആശങ്കയില്ലെന്ന് വെള്ളിയാഴ്ച നടത്തിയ ഒരു പ്രസംഗത്തില്‍ ഉര്‍ദുഗാന്‍ പറഞ്ഞിരുന്നു.

റഷ്യ, ചൈന, ഇറാന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവരുമായുള്ള സുഹൃദ്ബന്ധം ശക്തമാക്കാനാണ് തുര്‍ക്കി ആലോചിക്കുന്നത്. നാറ്റോ രാജ്യമായ തുര്‍ക്കിയെപ്പോലും ഭയപ്പെടുത്തി നിര്‍ത്താനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫ് ആരോപിച്ചിരുന്നു. ഉപരോധങ്ങളിലൂടെ ലോകത്തെ മുഴുവന്‍ നിയന്ത്രിക്കാമെന്ന യു.എസ് മോഹം വിലപ്പോകില്ലെന്നും അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി.

chandrika: