X

ദുബൈയില്‍ മലയാളികള്‍ക്കായി രണ്ട് ഈദ് ഗാഹുകള്‍

ദുബൈ: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും യുഎഇ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിനും അല്‍മനാര്‍ ഇസ്‌ലാമിക് സെന്ററിനുമായി മലയാള ഭാഷയില്‍ രണ്ടും; ഉര്‍ദു, ഇംഗ്‌ളീഷ്, തമിഴ് ഭാഷകളിലായി ഓരോന്നും ഉള്‍പ്പെടെ മൊത്തം 5 ഈദ് ഗാഹുകള്‍ നടത്താന്‍ അനുമതി ലഭിച്ചതായി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അല്‍ഖൂസ് അല്‍മനാര്‍ ഇസ്‌ലാമിക് സെന്ററിലെ ഈദ് ഗാഹിന് മൗലവി അബ്ദുസ്സലാം മോങ്ങവും, ഖിസൈസ് ലുലു ഹൈപര്‍ മാര്‍ക്കറ്റിന്‌സമീപത്തെ ടാര്‍ജറ്റ് ഫുട്‌ബോള്‍ ഗ്രൗണ്ടിലെ ഈദ് ഗാഹിന് മൗലവി ഹുസൈന്‍ കക്കാടും നേതൃത്വം നല്‍കും. പെരുന്നാള്‍ ദിനത്തില്‍ രാവിലെ 6.06ന് ഈദ് നമസ്‌കാരവും തുടര്‍ന്ന് മലയാളത്തില്‍ ഈദ് പ്രഭാഷണവുമുണ്ടാകും.

ഖിസൈസ് സോനാപൂരിലെ ഉര്‍ദു ഈദ് ഗാഹിന് ഹാഫിസ് നഈമുള്ളാഹ് സനാബുലിയും, അല്‍ ബര്‍ഷയിലെ എന്‍ജിഎസ് സ്‌കൂളില്‍ നടക്കുന്ന ഇംഗ്‌ളീഷ് ഭാഷയിലെ ഈദ് ഗാഹിന് അയാസ് ഫൗസിയും, ഖിസൈസ് ക്രെസന്റ് ഇംഗ്‌ളീഷ് സ്‌കൂളിലെ തമിഴ് ഭാഷയിലുള്ള ഈദ് ഗാഹിന് ശൈഖ് മുഫാരിസ് താജുദ്ദീനും നേതൃത്വം നല്‍കും. ഈ 5 ഈദ് ഗാഹുകളിലുമായി മൊത്തം 25,000 പേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

നാലു പതിറ്റാണ്ടായി യുഎഇയുടെ പൊതുമണ്ഡലത്തില്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന യുഎഇ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന് നല്‍കിയ ഈ അംഗീകാരത്തിന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിനും ദുബൈ മതകാര്യ വകുപ്പ് മേധാവി അഹ്മദ് ദര്‍വീഷ് അല്‍ മുഹൈറി, ഡയക്ടര്‍ ഡോ. ഉമര്‍ മുഹമ്മദ് അല്‍ കാത്തിബ് എന്നിവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.

2010 മുതലാണ് അല്‍മനാര്‍ ഇസ്‌ലാമിക് സെന്ററില്‍ ആദ്യമായി മലയാളത്തില്‍ ഈദ് ഗാഹ് ആരംഭിച്ചത്. ജനബാഹുല്യം നിമിത്തമാണ് പുതിയൊരു ഈദ് ഗാഹിന് പരിശ്രമിച്ചതെന്നും ദേര, ഖിസൈസ്, മുഹയ്‌സ്‌ന, ഷാര്‍ജ ഭാഗങ്ങളിലുള്ളവര്‍ക്ക് ഖിസൈസ് ഈദ് ഗാഹ് വലിയ ഉപകാരമാകുമെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

1979ല്‍ ദുബൈ ആസ്ഥാനമായി തുടക്കം കുറിച്ച ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന് മുഴുവന്‍ എമിറേറ്റുകളിലുമായി 10 ശാഖാ കമ്മിറ്റികള്‍ നിലവിലുണ്ട്. മത-സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ വൈവിധ്യമാര്‍ന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇസ്‌ലാഹി സെന്റര്‍ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടത്തി വരുന്നു. ദുബൈയിലെ അന്താരാഷ്ട്ര സമാധാന സമ്മേളത്തിന് തുടക്കം കുറിച്ച ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍, വിശുദ്ധ ഖുര്‍ആനിന്റെ യഥാര്‍ത്ഥ അധ്യാപനങ്ങള്‍ സമൂഹത്തിന് പരിചയപ്പെടുത്താനായി വിവിധ സംരംഭങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്നു.

വ്യത്യസ്ത ഇടങ്ങളില്‍ നടക്കുന്ന വിദ്യാഭ്യാസ സംരംഭങ്ങള്‍, വിജ്ഞാന പ്രദമായ പൊതുപ്രഭാഷണങ്ങള്‍, പഠന സെഷനുകള്‍, ഖുര്‍ആന്‍ വിജ്ഞാന പരീക്ഷകള്‍ തുടങ്ങിയവ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും സമൂഹത്തിന്റെ വിവിധ മേഖലകളിലുമുള്ളവരും പ്രയോജനപ്പെടുത്തുന്നു. യുഎഇയിലുടനീളം സജീവമായ വനിതാ വിംഗിന് കീഴിലും പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ദുബൈ ദാര്‍ അല്‍ ബിര്‍റ് സൊസൈറ്റിയുമായി സഹകരിച്ച് 1500ലേറെ പേര്‍ക്ക് ദിനേന ഒരുക്കുന്ന ഇഫ്താര്‍ ഉള്‍പ്പെടെ അനേകം റമദാന്‍ കാല പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു.

അല്‍ മനാര്‍ സെന്റര്‍ ചെയര്‍മാന്‍ ഷംസുദ്ദീന്‍ മുഹ്‌യുദ്ദീന്‍, ഹാഫിസ് നഈമുള്ളാഹ് സനാബുലി, ഹുസൈന്‍ കക്കാട്, അബ്ദുസ്സലാം മോങ്ങം, ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് അബ്ദുസ്സമദ് ആനപ്പടിക്കല്‍, റഫീഖ് ഇ.എം, അബ്ദുന്നസീര്‍ പി.എ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികളായ അബ്ദുല്‍ വാഹിദ് മയ്യേരി, അബ്ദുല്‍ റഹ്മാന്‍ തെയ്യമ്പാട്ടില്‍, മുഹമ്മദലി പാറക്കടവ്, മുജീബ് വാഴക്കാട് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

webdesk13: