X

സുപ്രീംകോടതി ഫുള്‍ കോര്‍ട്ട് വിളിക്കണം: കടുത്ത തീരുമാനമായിങ്ങളുമായി മുതിര്‍ന്ന ജഡ്ജിമാര്‍

ന്യൂഡല്‍ഹി: സുപ്രീംകോടതി ഫുള്‍ കോര്‍ട്ട് വിളിക്കണമെന്ന് രണ്ട് മുതിര്‍ന്ന ജഡ്ജിമാര്‍. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയും, മദന്‍ ബി ലോകൂറുമാണ് ആവശ്യമുന്നയിച്ചത്. ഇക്കാര്യമാവശ്യപ്പെട്ട് ഇരുവരും ചീഫ് ജസ്റ്റിസിന് കത്തയച്ചു. സമാന ആവശ്യം ഉന്നയിച്ച് മുതിര്‍ന്ന ജസ്റ്റിസുമാരായ ജെ ചെലമേശ്വറും, കുര്യന്‍ ജോസഫും ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.

സുപ്രീംകോടതിയിലെ പ്രശ്‌നങ്ങളും ഭാവിയും ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. ഇംപീച്ച്‌മെന്റ് വിവാദത്തിന്റേയും കൂടി പശ്ചാത്തലത്തിലാണ് കത്ത് അയച്ചത്. സുപ്രീംകോടതിയിലെ മുഴുവന്‍ ജഡ്ജിമാരുടെയും യോഗമാണ് ഫുള്‍ കോര്‍ട്ട്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അടിയറ വെക്കപ്പെടുന്ന സാഹചര്യം ചര്‍ച്ചചെയ്യാന്‍ മുഴുവന്‍ ജഡ്ജിമാരുടെയും യോഗം (ഫുള്‍ കോര്‍ട്ട്) വിളിക്കണമെന്ന് ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനായി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് അദ്ദേഹം മുമ്പ് കത്ത് അയച്ചിരുന്നു. ജുഡീഷ്യറിയില്‍ കേന്ദ്ര സര്‍ക്കാര്‍ അവിഹിതമായി ഇടപെടുന്നുവെന്നും കൊളീജിയം തീരുമാനങ്ങള്‍ അവഗണിക്കുന്നുവെന്നുമായിരുന്നു ചെലമേശ്വറിന്റെ ആരോപണം.അന്ന് കത്തിന്റെ പകര്‍പ്പ് സുപ്രീം കോടതിയിലെ മറ്റ് 22 ജഡ്ജിമാര്‍ക്കും അദ്ദേഹം ലഭ്യമാക്കിയിരുന്നു.

കഴിഞ്ഞ ജനുവരി 12നു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പത്രസമ്മേളനം നടത്തി അധികാര ദുര്‍വിനിയോഗ ആരോപണമുന്നയിച്ച നാലു സുപ്രീം കോടതി ജഡ്ജിമാരിലൊരാളാണ് ജസ്റ്റിസ് ചെലമേശ്വര്‍.

chandrika: