X

ജപ്പാനെ പിടിച്ചു കുലുക്കി ടൈഫൂണ്‍ ഹഗീബീസ്

1)ടൈഫൂണ്‍ ഹഗീബീസിന്റെ ആകാശ ദൃശ്യം. 2)ജപ്പാനിലെ കിഹോ തുറമുഖത്ത് ഹഗിബീസ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ഭീമന്‍ തിരമാല

ടോക്കിയോ: ജപ്പാനെ പിടിച്ചു കുലുക്കിയ ഹഗീബീസ് ചുഴലിക്കാറ്റില്‍ രാജ്യത്ത് കടുത്ത നാശം. ടോക്കിയോയുടെ തെക്കുപടിഞ്ഞാറായി ഇസു ഉപദ്വീപിന്റെ ഭാഗത്ത് പ്രാദേശിക സമയം ശനിയാഴ്ച രാത്രി 7 മണിയോടെയാണ് ചുഴലിക്കാറ്റ് വീശിയതെന്ന് ജാപ്പനീസ് കാലാവസ്ഥാ ഏജന്‍സി (ജെഎംഎ) അറിയിച്ചു. ടൈഫൂണ്‍ ഹഗീബീസ് ആരംഭിച്ചതോടെ രാജ്യത്ത് ‘അടിയന്തര കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കനത്ത മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടു.

‘ലെവല്‍ 5 മുന്നറിയിപ്പാണ് പുറപ്പെടുവിച്ചത്. രാജ്യം കടുത്ത പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഒരു സാഹചര്യമാണ്. ഏത് തരത്തിലുള്ള ദുരന്തങ്ങളുണ്ടാവാനും സാധ്യതയുണ്ടെന്നും, ജെഎംഎ കാലാവസ്ഥാ പ്രവചകന്‍ യസുഷി കജിവാര പറഞ്ഞു. ടോക്കിയോ സൈതാമ, കനഗാവ, ഗണ്‍മ, യമനാഷി, നാഗാനോ, ഷിജുവോക എന്നിവയുള്‍പ്പെടെ ഏഴ് മേഖലകളിലാണ് മുന്നറിയിപ്പ് നല്‍കിയത്.

‘തങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സ്വയം മുന്‍കരുതലുകള്‍ എടുക്കാനും, ജാഗ്രതാ മേഖലയില്‍ നിന്നും പലായനം ചെയ്യാനുള്ള ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ടൈഫൂണ്‍ ഹഗീബീസ് തീരത്തെത്തിയതോടെ ജാപ്പനീസ് തലസ്ഥാന നഗരിയിലെ തിരക്കേറിയ തെരുവുകള്‍ ഉപേക്ഷിച്ച നിലയില്‍

ലക്ഷക്കണക്കിന് ആളുകളെ മാറ്റി പാര്‍പ്പിക്കേണ്ട അവസ്ഥയിലാണ് ടോക്കിയോ നഗരം. ആറ് മണിക്കൂറായി തുടരുന്ന ചുഴലിക്കാറ്റ് ജപ്പാന്‍ തീരത്തെത്തിയതോടെ കനത്ത നാശനഷ്ടങ്ങളാണ് വരുത്തിയത്. ചുഴലിക്കാറ്റില്‍ ഇതുവരെ ഒരാള്‍ കൊല്ലപ്പെടുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ജപ്പാന്‍ ഫയര്‍ ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഏജന്‍സി (എഫ്ഡിഎംഎ) സ്ഥിരീകരിച്ചു. ഒരാളെ കാണാതായതായും വിവരമുണ്ട്. 165 കി.മി വേഗത്തിലാണ് കാറ്റ് വീശുന്നത്. യുഗാഷിമയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 209 എംഎം മഴയാണ് രേഖപ്പെടുത്തിയത്. 12 മണിക്കൂര്‍ നേരത്തേക്ക് കൂടി കാറ്റിന് സാധ്യതയുള്ളതായാണ് കാലാവസ്ഥാ കേന്ദ്രത്തില്‍ നിന്നുള്ള വിവരം. ജപ്പാനിന്റെ പ്രധാന നഗരിയായ ടോക്കിയോയില്‍ കനത്ത നാശമാണ് ടൈഫൂണ്‍ വരുത്തിയത്. 1000 വിമാനങ്ങളാണ് ഇതുവരെ നിര്‍ത്തിവെച്ചത്. കോടികളുടെ നഷ്മാണ് കണക്കാക്കുന്നത്. നിലവില്‍ 292,770 വീടുകള്‍ക്ക് വൈദ്യുതിയില്ലെന്നും ടോക്കിയോ ഇലക്ട്രിക് പവര്‍ കമ്പനിയും (ടെപ്‌കോ) ചബ് ഇലക്ട്രിക് പവര്‍ കമ്പനിയും അറിയിച്ചു.

ജപ്പാന്‍കാര്‍ക്ക് ഭൂകമ്പവും ചുഴലിക്കാറ്റും സുനാമിയും ഒന്നും പുതുമയുള്ള കാര്യമല്ല. വര്‍ഷത്തില്‍ മെയ് മാസം മുതല്‍ ഒക്ടോബര്‍ മാസം വരെ രാജ്യത്ത് ചുഴലിക്കാറ്റുകള്‍ പതിവാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷവും ജപ്പാനെ നടുക്കി വീശിയ ജെബി ചുഴലിക്കാറ്റാണ് രാജ്യത്തെ ജാഗ്രതയിലേക്ക് എത്തിച്ചത്. 2018 രൂപംകൊണ്ട ജെബി ചുഴലിക്കാറ്റ് എന്നു പേരിട്ടിരുന്ന ടൈഫൂണ്‍ ഒരു ദശലക്ഷത്തിലധികം ആളുകളുടെ ജിവിത സംവിധാനങ്ങളെയാണ് തകര്‍ത്തെറിഞ്ഞത്.
എക്‌സ്ട്രാട്രോപ്പിക്കല്‍ ചുഴലിക്കാറ്റായിരുന്ന ജെബി ഉത്തരാര്‍ദ്ധഗോളത്തില്‍ 2018ല്‍ സംഭവിച്ച ഏറ്റവും വിനാശകാരിയായ ട്രോപ്പിക്കല്‍ സൈക്ലോണായിരുന്നു്. 1993നു ശേഷം ജപ്പാനില്‍ വീശിയടിച്ച ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റും ഇതു തന്നെ. പശ്ചിമ പസിഫിക് സമുദ്രത്തില്‍ വലിയ ന്യൂനമര്‍ദ്ദമേഖലകള്‍ സൃഷ്ടിക്കപ്പെടുന്നു. 2018ല്‍ പസിഫിക് സമുദ്രത്തില്‍ രൂപപ്പെടുന്ന ടൈഫൂണുകളില്‍ 26ാമതായി പട്ടികപ്പെടുത്തിയിട്ടുള്ള ഈ ചുഴലിക്കാറ്റിരുന്നു ജെബി. ഇത്രയും കടുത്തൊരു ചുഴലിക്കാറ്റിനെ ജപ്പാന്‍ മുന്‍പ് നേരിട്ടിട്ടുള്ളത് 1993ല്‍ യാന്‍സി ടൈഫൂണ്‍ ആഞ്ഞുവീശിയപ്പോഴാണ്.

ജെബി വന്ന് ഒരു വര്‍ഷം പിന്നിടുന്നതിടയിലാണ് പുതിയ ചുഴലിക്കാറ്റ് എത്തിയിരിക്കുന്നത്. ഇത്തവണത്തേത് ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയെ തകര്‍ക്കുമോ എന്ന ആശങ്കയിലാണ് രാജ്യം. കനത്ത പ്രഹരം ഉണ്ടാക്കാതെ തീര നഗരങ്ങളിലൂടെ നേരെ കടലിലേക്ക് തിരിച്ചു പോകുമെന്ന പ്രാര്‍ഥനയിലാണ് ജനങ്ങള്‍. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും അടക്കമുള്ള പ്രശ്‌നങ്ങളെ കൂടുതല്‍ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ ജപ്പാനിലെ ഈ കെടുതികള്‍ കാരണമായേക്കും.

chandrika: